വീണ്ടും റയല്‍ - സിറ്റി ക്ലാസിക് പോര്; ഓര്‍മകളില്‍ ആ ഐതിഹാസിക വിജയം

കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ റയല്‍ മാഡ്രിഡ് നടത്തിയ അവിശ്വസനീയ തിരിച്ചു വരവിന്‍റെ കഥ

Update: 2023-04-20 04:56 GMT
karim benzema

karim benzema

AddThis Website Tools
Advertising

88 മിനിറ്റ് പിന്നിട്ട് കഴിഞ്ഞൊരു മത്സരം. പെപ് ഗാര്‍ഡിയോളക്ക് മുന്നില്‍ ചാമ്പ്യന്‍സ് ലീഗിന്‍റെ കലാശപ്പോരിലേക്ക് ഇനി എട്ട് മിനിറ്റിന്‍റെ ദൂരം മാത്രമാണ് അവശേഷിക്കുന്നത്. റയലിന്‍റെ മൂന്ന് ഗോളുകള്‍ക്ക് മുകളില്‍ രണ്ടാം പകുതിയിലും വലകുലുക്കി നേടിയ അഞ്ച് ഗോളിന്‍റെ കൃത്യമായ മേധാവിത്വം. എട്ട് മിനിറ്റ് നേരം പ്രതിരോധം ശക്തമാക്കിയാല്‍ മാത്രം കയ്യെത്തിപ്പിടിക്കാവുന്ന ദൂരത്തിലൊരു വിജയം. എന്നാല്‍ ഗ്വാര്‍ഡിയോളയുടെ സ്വപ്നങ്ങള്‍ക്ക് മുകളില്‍ സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ അന്നൊരു തീമഴ പെയ്തു. ഇതൊരു തിരിച്ചുവരവിന്‍റെ കഥയാണ്. ചാമ്പ്യന്‍സ് ലീഗിന്‍റെ ചരിത്രം കണ്ട ഏറ്റവും വലിയ തിരിച്ചു വരവിന്‍റെ കഥ.

2022 ഏപ്രില്‍ 27. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ ചാമ്പ്യൻസ് ലീഗ് സെമി ഫൈനല്‍ ഒന്നാം പാദമരങ്ങേറുകയാണ്. റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും മൈതാനത്തിന്‍റെ ഇരുപകുതികളിലായി നിലയുറപ്പിച്ചു. ഇത്തിഹാദ് ഗാലറികള്‍ നീല പുതച്ചു. മത്സരത്തിന്‍റെ ആദ്യ വിസില്‍ മുഴങ്ങി രണ്ട് മിനിറ്റ് പിന്നിടും മുമ്പേ തിബോ കോര്‍ട്ടുവയുടെ കോട്ട പൊളിഞ്ഞു. വലതു വിങ്ങിലൂടെ പന്തുമായി കുതിച്ചെത്തി ഞൊടിയിട വേഗത്തിൽ വെട്ടി ത്തിരിഞ്ഞ റിയാദ് മെഹ്‌റ്‌സ് അഞ്ച് റയല്‍ ഡിഫന്റർമാർക്കിടയിലൂടെ പാഞ്ഞെത്തി പെനാൽട്ടി ബോക്‌സിന് വെളിയില്‍ നിന്ന് ഗോള്‍മുഖത്തേക്ക് പന്ത് പായിച്ചു. ഇടതു വിങ്ങിൽ നിന്ന് കുതിച്ചെത്തിയ കെവിൻ ഡിബ്രൂയിന്‍ പറന്നുയര്‍ന്ന് ആ പന്തിനെ വലയിലാക്കി. അപ്പോള്‍ മത്സരം ആരംഭിച്ച് 90 സെക്കന്‍റ് പിന്നിട്ടിട്ട് പോലുമുണ്ടായിരുന്നില്ല.

പത്താം മിനിറ്റിൽ ഗബ്രിയേല്‍ ജെസ്യൂസ് ലോസ് ബ്ലാങ്കോസിനെ ഒരിക്കല്‍ കൂടി നിശബ്ദമാക്കി കളഞ്ഞു. റയല്‍ പ്രതിരോധം ആടിയുലഞ്ഞു. പത്ത് മിനിറ്റ് പിന്നിടും മുമ്പേ കളിയിലും സ്കോര്‍ ബോര്‍ഡിലും സിറ്റി ഏറെ മുന്നിലെത്തിക്കഴിഞ്ഞിരുന്നു. 25ാം മിനിറ്റിൽ റിയാദ് മെഹ്‌റസും 28ാം മിനിറ്റിൽ ഫിൽ ഫോഡനും തങ്ങൾക്ക് കിട്ടിയ സുവർണാവസരങ്ങൾ കളഞ്ഞു കുളിച്ചു. പെപ് ഗാർഡിയോള ഡഗ്ഗൌട്ടിലിരുന്ന് അലറിവിളിച്ചു.. റയൽ ചിത്രത്തിലേ ഇല്ലെന്ന് തോന്നിച്ച നിമിഷങ്ങള്‍. പക്ഷെ നിനച്ചിരിക്കാത്ത നേരങ്ങളിലൊന്നില്‍ ബെന്‍സേമ റയലിനായി ആദ്യ വെടിപൊട്ടിച്ചു. മത്സരത്തിന്‍റെ 32 ാം മിനിറ്റ്.. ബെര്‍ണാര്‍ഡ് മെന്റിയുടെ പാസ് തകർപ്പനൊരു വോളിയിലൂടെ ബെന്‍സേമ വലയിലാക്കി. ആ ഗോള്‍ റയൽ പതിയെ കളിയിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനയായിരുന്നു. പക്ഷെ സിറ്റിയുടെ മുന്നേറ്റങ്ങളുടെ വേഗമൊട്ടും കുറഞ്ഞില്ല. രണ്ടാം പകുതി ആരംഭിച്ച് മിനിറ്റുകൾ പിന്നിടും മുമ്പേ റിയാദ് മെഹ്‌റസിന് ഒരവസരം കൂടി പാഴാക്കി.. ഇക്കുറി നിർഭാഗ്യം ഗോള്‍പോസ്റ്റിന്‍റെ രൂപത്തിൽ അവതരിച്ചു..

മത്സരത്തില്‍ താന്‍ വരുത്തിയ പിഴവുകളുടെ പാപക്കറകള്‍ മുഴുവന്‍ 52ാം മിനിറ്റിൽ ഫിൽഫോഡൻ കഴുകിക്കളഞ്ഞു. വലതുവിങ്ങിൽ നിന്ന് ഫെർണാണ്ടീന്യോ നീട്ടി നൽകിയ പന്തിനെ പെനാൽട്ടി ബോക്‌സിലേക്ക് പാഞ്ഞെത്തിയ ഫോഡൻ ചാടിയുയർന്ന് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ വലയിലാക്കി. റയലിന്റെ പ്രതിരോധം അമ്പേ പരാജയമായ പോരാട്ടത്തിൽ സിറ്റിയുടെ നിറഞ്ഞാട്ടമാണ് ആരാധകര്‍ കണ്ടത്.. 54ാം മിനിറ്റിൽ റയൽ രണ്ടാം ഗോൾ തിരിച്ചടിച്ചു. ആ മത്സരത്തിലെ ഏറ്റവും ഏറ്റവും മനോഹരമായ ഗോൾ... സ്വന്തം ഹാഫിൽ നിന്ന് പന്ത് പിടിച്ചെടുത്ത് ഇടതുവിങ്ങിലൂടെ ഒറ്റക്ക് കുതിച്ചെത്തിയ വിനീഷ്യസ് ജൂനിയർ എഡേഴ്സണെ കാഴ്ചക്കാരനാക്കി നിർത്തി വലകുലുക്കി. ആ ഗോളിനായുള്ള മുന്നേറ്റത്തിന്‍റെ തുടക്കത്തില്‍‌ ഫെർണാണ്ടീന്യോയെ വിനീഷ്യസ് നട്മഗ് ചെയ്ത് നടത്തിയ കുതിപ്പ് ഫുട്ബോള്‍ ലോകം പിന്നീട് ആഘോഷമാക്കി.

73ാം മിനിറ്റിൽ സിറ്റിയുടെ പ്രതിരോധ താരം സെൻചെങ്കോയുടെ നീക്കം ഗോൾപോസ്റ്റിന് മുന്നിൽ അവസാനിച്ചു. പക്ഷെ സെൻചെങ്കോയുടെ വീഴ്ചയിൽ അശ്രദ്ധരായി നിന്ന റയൽ താരങ്ങൾക്കിടയിലൂടെ പന്ത് പിടിച്ചെടുത്ത് കുതിച്ച ബെർണാർഡോ സിൽവ ഗോള്‍വലയെ ലക്ഷ്യമാക്കി നിറയൊഴിച്ചു..തിബോ കോർട്ടുവ നിസഹായനായിയിരുന്നു. ഗോൾമഴപെയ്ത പോരാട്ടത്തില്‍ സിറ്റി തങ്ങളുടെ സമ്പൂർണാധിപത്യം ഉറപ്പിക്കുകയാണെന്ന് തോന്നിച്ച ഘട്ടം. 81ാം മിനിറ്റിൽ റയൽ ഒരു ഗോൾ കൂടി തിരിച്ചടിച്ചു. ഇക്കുറി ലാപോർട്ടേയുടെ ഹാന്റ് ബോളിനെ തുടർന്ന് ലഭിച്ച പെനാൽട്ടി ബെൻസേമയാണ് വലയിലാക്കിയത്. ഒന്നാം പാദം തങ്ങളുടെ വരുതിയിലാക്കിയെങ്കിലും നഷ്ടപ്പെടുത്തിക്കളഞ്ഞ അവസരങ്ങളെക്കുറിച്ച ചിന്ത ഗാര്‍ഡിയോളയുടെ മുഖത്ത് നിരാശ പടര്‍ത്തി.

2022 മെയ് അഞ്ച്. സാന്‍റിയാഗോ ബെര്‍ണബ്യൂ ചാമ്പ്യന്‍സ് ലീഗ് സെമിയിലെ അവസാന അങ്കത്തിനൊരുങ്ങി. മാഡ്രിഡ് നഗരം അന്ന് ലോസ് ബ്ലാങ്കോസിന്‍റെ മടങ്ങി വരവിനായി കാതോര്‍ത്തിരുന്നു. ഫുട്ബോള്‍ ചരിത്രം കണ്ട ഐതിഹാസികമായ തിരിച്ചുവരവുകളില്‍ പലതിനും സാക്ഷ്യം വഹിച്ച ബെര്‍ണബ്യൂ ഗാലറികളില്‍ പ്രതീക്ഷയുടെ മുഖങ്ങള്‍ മാത്രം. പക്ഷെ കളിയാരംഭിച്ചപ്പോള്‍ സിറ്റി ഇത്തിഹാദില്‍ നടത്തിയ പടയോട്ടത്തിന്‍റെ തുടര്‍ച്ചയാണ് ആരാധകര്‍ ബെര്‍ണബ്യൂവിലും കണ്ടത്. പലവുരു സിറ്റിയുടെ മുന്നേറ്റങ്ങള്‍ പോസ്റ്റിനെ തൊട്ടുരുമ്മിപ്പോയി. അതിനിടെ മത്സരത്തിന്‍റെ 68 ആം മിനിറ്റില്‍ ടോണി ക്രൂസിനെ പിന്‍വലിച്ച കാര്‍ലോ ആഞ്ചലോട്ടി ഒരു 21 കാരനെ മൈതാനത്തിറക്കി. റോഡ്രിഗോ ഗോസ്. ആ മത്സരത്തില്‍ ആഞ്ചലോട്ടി നടത്തിയ ഏറ്റവും നിര്‍ണായമായ നീക്കം അതായിരുന്നു. കളിയുടെ 72ാം മിനിറ്റിൽ റിയാദ് മെഹ്റസ് സാന്‍റിയാഗോ ബെര്‍ണബ്യൂവിനെ നിശബ്ദമാക്കി കളഞ്ഞു. മത്സരം 80 മിനിറ്റും പിന്നിട്ടു. രണ്ടാം പാദത്തില്‍ വഴങ്ങിയ ഒരു ഗോളടക്കം 5-3 ന് പിറകിലാണ് ഇപ്പോള്‍ ലോസ് ബ്ലാങ്കോസ്. ഇനിയൊരു തിരിച്ചുവരവിന് അത്ഭുതങ്ങള്‍ സംഭവിക്കണമായിരുന്നു. പെപ് ഗാര്‍ഡിയോള 85 ാം മിനിറ്റില്‍ റിയാദ് മെഹ്റസിനെ മൈതാനത്ത് നിന്ന് പിന്‍വലിച്ചു. കലാശപ്പോരിനായുള്ള ഒരുക്കങ്ങള്‍ അപ്പോള്‍ മുതല്‍ ആരംഭിക്കുകയായിരുന്നു അയാള്‍. റയല്‍ ആരാധകര്‍ അപ്പോഴും അത്ഭുതങ്ങളില്‍ വിശ്വസിച്ചു.

തോല്‍വിയുറപ്പിച്ച ഘട്ടങ്ങളില്‍ ഇഞ്ചുറി ടൈമിന് മുമ്പേ നിരാശയോടെ സ്റ്റേഡിയം വിടുന്ന ആരാധകരെ സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ അന്നാരും കണ്ടില്ല. ലാസ്റ്റ് മിനിറ്റ് ത്രില്ലറില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം വരെ ഷെല്‍ഫിലെത്തിച്ച ആ കളിക്കൂട്ടത്തെ റയല്‍ ആരാധകര്‍ അന്ധമായി വിശ്വസിച്ചു. കളിയുടെ 89 ആം മിനിറ്റ്. ബെര്‍ണബ്യൂ കാത്തിരുന്ന ആ അത്ഭുതം ഒടുക്കം അവതരിച്ചു. വലതുവിങ്ങില്‍ നിന്ന് എഡ്വേര്‍ഡ് കാമവിങ്ക നീട്ടിനല്‍കിയ പന്തിനെ വായുവിലുയര്‍ന്ന് പൊങ്ങി കരീം ബെന്‍സേമ ഗോള്‍മുഖത്തേക്ക് തിരിച്ചു. പിന്നില്‍ നിന്ന് ഡിഫന്‍റര്‍മാര്‍ക്കിടയിലൂടെ പാഞ്ഞെത്തിയ റോഡ്രിഗോ ഗോസ് ആ പന്തിനെ മനോഹരമായി വലയിലെത്തിച്ചു. മത്സരമവസാനിക്കാന്‍ ഇനി ആറു മിനിറ്റാണ് അവശേഷിക്കുന്നത്. റയല്‍ താരങ്ങള്‍ പന്തുമെടുത്ത് മൈതാന മധ്യത്തേക്കോടി. പന്തൊരിക്കല്‍ കൂടി ഉരുണ്ടു...

കൃത്യമായി പറഞ്ഞാല്‍ 88 സെക്കന്‍റ്. റോഡ്രിഗോയുടെ അടുത്ത ഗോളിലേക്ക് രണ്ട് മിനിറ്റിന്‍റെ ദൈര്‍ഘ്യം പോലുമുണ്ടായിരുന്നില്ല. ഡാനി കാര്‍വഹാലിന്‍റെ അളന്നു മുറിച്ചൊരു ക്രോസിനെ റോഡ്രിഗോ ഉയര്‍ന്നു പൊങ്ങി ഗോള്‍വലയിലേക്ക് തിരിച്ചു വിട്ടു. ഒന്നു പറന്നുയരാന്‍ പോലുമാവാതെ എഡേഴ്സണ്‍ കാഴ്ച്ചക്കാരനായി നിന്നു. റയല്‍ ആരാധകര്‍ സാന്‍റിയാഗോ ബെര്‍ണബ്യൂവിലെ ഇരിപ്പിടങ്ങള്‍ മറന്ന് തുള്ളിച്ചാടി. കമന്‍റ് ബോക്സില്‍ പീറ്റര്‍ ഡ്രൂറിയുടെ വിറക്കുന്ന ശബ്ദം ഉച്ചത്തില്‍ മുഴങ്ങി... ''റയല്‍ മാഡ്രിഡ് ദ ടീം ഓഫ് ഡ്രീംസ്,,, ദേ പ്രേ ഫോര്‍ മിറാക്കിള്‍ ആന്‍റ് മിറാക്കിള്‍സ് അറൈവ്ഡ്''

മത്സരം എക്സ്ട്രാ ടൈമിലേക്ക് കടക്കും മുമ്പേ റയല്‍ കളിയില്‍ മാനസികാധിപത്യം നേടിയിരുന്നു .ഒടുക്കം എക്സ്ട്രാ ടൈമില്‍ കിട്ടിയ പെനാല്‍ട്ടിയിലൂടെ ബെന്‍സേമ റയലിന്‍റെ വിജയത്തിലേക്ക് പന്ത് പായിച്ചു. ഗോള്‍മടക്കാനുള്ള സിറ്റിയുടെ അവസാന ശ്രമങ്ങള്‍ റയല്‍ പ്രതിരോധത്തിന് മുന്നില്‍ അവസാനിക്കുമ്പോൾ സൈഡ് ബെഞ്ചിലിരുന്ന് ആഘോഷിക്കുന്ന മാഴ്സലോയും സഹതാരങ്ങളും ആ മത്സരത്തിലെ ആവേശക്കാഴ്ചയായിരുന്നു. അതേ സീസണ്‍ ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരില്‍ ലിവര്‍പൂളിനെ തകര്‍ത്ത് ലോസ് ബ്ലാങ്കോസ് ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിടുമ്പോള്‍ ബെര്‍ണബ്യൂവിലെ ഐതിഹാസിക തിരിച്ചുവരവ് ആ പടയോട്ടത്തിന് ഇന്ധനം പകര്‍ന്നു. അങ്ങനെ മെയ് അഞ്ച് ഫുട്ബോള്‍ ചരിത്രത്തില് അവിസ്മരണീയ ദിവസങ്ങളിലൊന്നായി അടയാളപ്പെടുത്തപ്പെട്ടു..

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - ഹാരിസ് നെന്മാറ

contributor

Similar News