ബാറ്റര്‍മാരുടെ ചോരചിന്തുന്ന മൈതാനങ്ങള്‍; എന്താണ് ഡ്രോപ് ഇന്‍ പിച്ചുകള്‍?

ലോ സ്കോറിങ് തുടര്‍ക്കഥയാവുന്ന അമേരിക്കയിലെ പിച്ചുകളില്‍ റണ്ണൊഴുകാത്തതിന്‍റെ കാരണമെന്ത്

Update: 2024-06-10 12:57 GMT
Advertising

ടി20 ക്രിക്കറ്റിൽ 200 റൺസ് ഇപ്പോഴൊരു ബാലികേറാ മലയൊന്നുമല്ല. കഴിഞ്ഞ ഐ.പി.എല്ലിന് ശേഷം കുട്ടി ക്രിക്കറ്റിൽ അതിവിദൂര ഭാവിയിൽ തന്നെ 300 എന്ന മാന്ത്രിക സംഖ്യ പിറക്കുമെന്ന് ആരാധകരും ക്രിക്കറ്റ് വിശാരദരുമൊക്കെ ഒരേ സ്വരത്തിൽ പറഞ്ഞ് തുടങ്ങിയിട്ടുണ്ട്. 8 തവണയാണ് ഐ.പി.എൽ 17ാം എഡിഷനിൽ ടീം സ്‌കോർ 250 കടന്നത്. ഫൈനലിസ്റ്റുകളായ ഹൈദരാബാദിന്റെ മിന്നലാട്ടങ്ങൾ ഇക്കുറി തന്നെ 300 റൺസ് പിറക്കുമെന്ന് പലപ്പോഴും തോന്നിച്ചു. എന്നാൽ കമ്മിൻസിനും സംഘത്തിനും 287 വരെയെ എത്താനായുള്ളൂ. ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റൺചേസും കണ്ടത് കഴിഞ്ഞ ഐ.പി.എല്ലിലാണ്. നിലവിലെ ഐ.പി.എൽ ചാമ്പ്യന്മാരായ കൊൽക്കത്തക്കെതിരെ പഞ്ചാബ് നേടിയത് ചരിത്ര ജയമായിരുന്നു. കൊൽക്കത്ത ഉയർത്തിയ 262 റൺസ് വിജയലക്ഷ്യമാണ് പഞ്ചാബ് പിന്തുടർന്ന് മറികടന്നത്.

ഐ.പി.എൽ അവസാനിക്കും മുമ്പേ,   ടി20 ലോകകപ്പിൽ പിറക്കാനിരിക്കുന്ന റൺമലകളെ കുറിച്ചായി ക്രിക്കറ്റ് ലോകത്തെ ചർച്ചകൾ മുഴുവൻ. ഐ.പി.എല്ലിൽ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ബാറ്റർമാരൊക്കെ തങ്ങളുടെ ദേശീയ ടീമുകൾക്കായും ഈ പ്രകടനം തുടർന്നാൽ വീണ്ടും കൂറ്റൻ സ്‌കോറുകൾ പിറക്കുമെന്ന് ആരാധകർ മനസ്സിലുറപ്പിച്ചു. എന്നാൽ ലോകകപ്പിലെത്തിയപ്പോൾ കഥ മാറി. ഇത് വരെ ലോകകപ്പിൽ ടീം സ്‌കോർ 200 കടന്നത് ഒറ്റത്തവണ മാത്രം. അട്ടിമറികൾ തുടർക്കഥയായ ലോകകപ്പിൽ ഇത്തിരിക്കുഞ്ഞന്മാരൊക്കെ വമ്പൻ ടീമുകളെ വിറപ്പിച്ചു.

കഴിഞ്ഞ ദിവസം നെതർലാന്റസ് ഉയർത്തിയ 104 റൺസ് വിജയലക്ഷ്യം മറികടക്കാൻ ദക്ഷിണാഫ്രിക്ക എടുത്തത് 19 ഓവർ. മൂന്ന് റൺസ് എടുക്കുന്നതിനിടെ മൂന്ന് ബാറ്റർമാരെ കൂടാരം കയറ്റി ഓറഞ്ചു പട ഒരു ഘട്ടത്തിൽ പ്രോട്ടീസിനെ ഞെട്ടിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ തങ്ങളുടെ ആദ്യ മത്സരത്തിൽ ശ്രീലങ്ക കൂടാരം കയറിയത് വെറും 77 റൺസിന്. വിജയം പിടിക്കാൻ ദക്ഷിണാഫ്രിക്ക എടുത്തത് 16 ഓവർ.

ടി20 ലോകകപ്പിൽ ആദ്യമായി അഫ്ഗാനിസ്ഥാൻ ന്യൂസിലാന്റിനെ അട്ടിമറിക്കുന്നതും ക്രിക്കറ്റ് ലോകം കണ്ടു. അഫ്ഗാൻ ഉയർത്തിയ 159 റൺസ് വിജയ ലക്ഷ്യം പന്തുടർന്നിറങ്ങിയ കിവീസ് കൂടാരം കയറിയത് വെറും 75 റൺസിനാണ്. അഫ്ഗാൻ ബോളർമാരുടെ നിറഞ്ഞാട്ടം കണ്ട പോരാട്ടത്തിൽ ഫസലുൽ ഹഖ് ഫാറൂഖിയും റാഷിദ് ഖാനും നാല് വിക്കറ്റ് വീതം പിഴുതു. ഉഗാണ്ടക്കെതിരെ ഫസലുൽ ഹഖ് ഫാറൂഖി ഒമ്പത് റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതും ഇതിനൊടൊപ്പം ചേർത്ത് വായിക്കണം. ടി20 ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ സ്‌കോർ പിറന്നതും ഈ ലോകകപ്പിൽ തന്നെയാണ്. വിൻഡീസിനെതിരെ ഉഗാണ്ട പുറത്തായത് വെറും 39 റൺസിന്. 

ഇന്ത്യ അയർലന്റ് മത്സരത്തിൽ ഇന്ത്യ വിജയിച്ചെങ്കിലും സ്‌കോർ കണ്ടെത്താൻ ബാറ്റർമാർ ഏറെ പ്രയാസപ്പെടുന്നത് കണ്ടു. ആ മത്സരത്തിൽ ആകെ പിറന്നത് 94 ഡോട്ട് ബോളുകൾ. ആറ് പന്തുകൾ കൂടി ബാറ്റർമാർ പാഴാക്കിയിരുന്നെങ്കിൽ ഒരു ഡോട്ട് ബോൾ സെഞ്ച്വറി തന്നെ  മത്സരത്തിൽ പിറക്കുമായിരുന്നു. ഇതില്‍ ഇന്ത്യൻ ടീമിന്റെ സംഭാവന 36 ഡോട്ട് ബോളുകളായിരുന്നു. അതായത് ഒരു ടി20 മത്സരത്തിലെ ഇന്ത്യൻ ഇന്നിങ്‌സിൽ ആറോവർ റണ്ണൊന്നുമില്ലാതെ പോയെന്ന്. ഇന്ത്യാ-പാക് മത്സരത്തിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. ഇരുടീമുകളും 120 റണ്‍സ് പോലും കടന്നില്ല. ബോളര്‍മാര്‍ നിറഞ്ഞാടിയ മത്സരത്തില്‍ അവസാന ചിരി ഇന്ത്യയുടേതായി. 

 പന്തിന്റെ ഗതി പോലും മനസ്സിലാക്കാനാവാതെ ലോകക്രിക്കറ്റിലെ വന്മരങ്ങൾ പലരും ന്യൂയോർക്കിലെ പിച്ചിൽ കടപുഴകി വീഴുന്ന കാഴ്ചകൾ ആരാധകർ പലവുരു കണ്ടു. ബാറ്റർമാരെ കുഴക്കുന്ന അപ്രതീക്ഷിത ബൗൺസുകളാണ് പ്രധാന വില്ലൻ. ചിലപ്പോള്‍ പന്തുകൾ ബാറ്റർമാരുടെ നെഞ്ചിലേക്ക് കുത്തി ഉയരുമ്പോൾ ചില പന്തുകൾ ബാറ്റിന് താഴെക്കൂടെയാണ് പായുന്നത്.

ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജിലെ എട്ട് മത്സരങ്ങൾ നടക്കുന്ന നസാഉ കൗണ്ടി ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ പിച്ചിനെ കുറിച്ചാണ് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നത്. ഡ്രോപ്പ് ഇൻ പിച്ചാണ് ഇവിടെ ഉപയോഗിക്കുന്നത്.  മറ്റൊരു സ്ഥലത്ത് നിർമിച്ച് പരിപാലിച്ച ശേഷം കൊണ്ട് വന്ന് സ്ഥാപിക്കുന്ന പിച്ചുകൾക്കാണ് ഡ്രോപ്പ് ഇൻ പിച്ചുകൾ എന്ന് പറയാറ്. കളിക്ക് ശേഷം ഇവ ഗ്രൗണ്ടുകളിൽ നിന്ന് നീക്കം ചെയ്യാനാവും. ക്രിക്കറ്റ് അധികം പ്രചാരത്തിൽ ഇല്ലാത്ത അമേരിക്കയിലെ ഗ്രൗണ്ടുകൾ പലതും റഗ്ബി ഗ്രൗണ്ടുകളാണ്. അതിനാൽ തന്നെ ക്രിക്കറ്റ് മത്സരങ്ങൾ ഈ ഗ്രൗണ്ടുകളിൽ സംഘടിപ്പിക്കുമ്പോൾ ഡ്രോപ്പ് ഇൻ പിച്ചുകള്‍  സ്ഥാപിക്കുന്നു. 

ഓസ്‌ട്രേലിയയിലെ മെൽബണിൽ നിർമിച്ച് ഫ്ളോറിഡയില്‍ പരിപാലിച്ച പിച്ചുകളാണ് ടി20 ലോകകപ്പിനായി അമേരിക്കൻ ഗ്രൗണ്ടുകളിൽ ഉപയോഗിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ 10 പിച്ചുകളാണ് ഇങ്ങനെ ന്യൂയോർക്കിലെത്തിയത്. പഴകും തോറും പിച്ചിന്റെ സ്വഭാവം മാറുമെന്നതിനാൽ നിരവധി ആഭ്യന്തര മത്സരങ്ങൾ നടത്തിയ ശേഷമേ ഈ പിച്ചുകൾ അന്താരാഷ്ട്ര മത്സരങ്ങൾക്കായി ഉപയോഗിക്കാറുള്ളൂ.എന്നാൽ ന്യൂയോർക്കിൽ അങ്ങനെ സംഭവിച്ചില്ല. നസാഉവിലെ ഡ്രോപ്പ് ഇൻ പിച്ചിൽ ആദ്യ മത്സരം തന്നെ ലോകകപ്പിലായിരുന്നു. അന്ന് ശ്രീലങ്ക 77 റൺസിന് ഓൾ ഔട്ടാവുകയും ചെയ്തു.

ഇന്ത്യ അയർലാന്റ് മത്സരത്തിൽ രോഹിത് ശർമക്ക് പരിക്കേറ്റത് ഗതിയറിയാതെ വന്ന ഒരു പന്തിലാണ്. രോഹിതിന്റെ ചുമലിലേക്കാണ്  പന്ത് പാഞ്ഞെത്തിയത്. ബോളിന്റെ ഗതി മനസ്സിലാക്കാതെ കുഴങ്ങിയ ഋഷബ് പന്തിന്റെ കൈമുട്ടിലും ഒരു പന്ത് കൊണ്ടു. കളിക്കാർക്ക് പരിക്കേൽക്കാൻ ഏറെ സാധ്യതയുള്ള പിച്ചുകളെ കുറിച്ച പരാതികൾ ഇതോടെ രൂക്ഷമായി. ക്യൂറേറ്റർമാർക്ക് പോലും പിച്ചിന്റെ സ്വഭാവം മനസ്സിലാവുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ നായകൻ രോഹിത് ശർമ പ്രതികരിച്ചത്.

ന്യൂയോർക്കിലെ പിച്ചിലെ പ്രശ്‌നങ്ങൾ ഉടന്‍ പരിഹരിക്കും എന്നായിയിരുന്നു ഐ.സി.സിയുടെ പ്രതികരണം. പ്രശ്‌നങ്ങൾ പഠിച്ച് വരികയാണെന്നും ലോകകപ്പിലെ അവശേഷിക്കുന്ന മത്സരങ്ങൾക്കായി നിലവാരമുള്ള പിച്ചൊരുക്കുമെന്നും ഐ.സി.സി പ്രസ്താവനയിൽ അറിയിച്ചു. ഏതായാലും പിച്ചിലെ പ്രശ്‌നങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടില്ലെങ്കിൽ ബാറ്റർമാരുടെ ശവപ്പറമ്പായി ഈ ലോകകപ്പ് മാറുമെന്നുറപ്പ്.  

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - ഹാരിസ് നെന്മാറ

contributor

Similar News