എയർഷോക്കിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു; പൈലറ്റുമാർക്ക് ദാരുണാന്ത്യം

യു.എസ് സംസ്ഥാനമായ നെവാഡയിലെ റെനോയിൽ നടന്ന നാഷനൽ ചാംപ്യൻഷിപ്പ് എയർ റേസസിലാണ് അപകടമുണ്ടായത്

Update: 2023-09-18 10:12 GMT
Editor : Shaheer | By : Web Desk
Advertising

വാഷിങ്ടൺ: യു.എസിൽ വ്യോമാഭ്യാസ പ്രകടനത്തിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റുമാർ കൊല്ലപ്പെട്ടു. നെവാഡ സംസ്ഥാനത്തെ റെനോയിൽ നടന്ന നാഷനൽ ചാംപ്യൻഷിപ്പ് എയർ റേസസിലാണു ദുരന്തമുണ്ടായത്. അപകടത്തെ തുടർന്ന് ചാംപ്യൻഷിപ്പ് നിർത്തിവച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് 2.15ഓടെയാണ് അപകടമുണ്ടായത്. ടി-6 ഗോൾഡ് റേസിന്റെ സമാപനത്തിനിടെ ലാൻഡ് ചെയ്യുമ്പോഴാണു രണ്ടു വിമാനങ്ങൾ കൂട്ടിയിടിച്ചത്. നിക്ക് മാസി, ക്രിസ് റഷിങ് എന്നിങ്ങനെ രണ്ട് വിമാനങ്ങളിലെയും പൈലറ്റുമാരാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിന്റെ മറ്റ് അപകടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

വിദഗ്ധരായ പൈലറ്റുമാരും ടി-6 റേസിങ്ങിൽ ഗോൾഡ് ജേതാക്കളുമാണ് ഇരുവരുമെന്ന് സംഘാടകർ വാർത്താകുറിപ്പിൽ പറഞ്ഞു. ഇന്ന് റേസിങ്ങിൽ പങ്കെടുത്ത സിക്‌സ് ക്യാറ്റ് വിമാനത്തിന്റെ പൈലറ്റായിരുന്നു നിക്ക്. റഷിങ് ബാരൺസ് റിവഞ്ച് വിമാനത്തിലെ പൈലറ്റുമായിരുന്നു.

അപകടകാരണം അന്വേഷിച്ചുവരികയാണെന്ന് ദേശീയ ഗതാഗത സുരക്ഷാ ബോർഡ്(എൻ.ടി.എസ്.ബി) വാർത്താകുറിപ്പിൽ അറിയിച്ചു. എൻ.ടി.എസ്.ബിയുടെയും ഫെഡറൽ ഏവിയേഷൻ അധികൃതരുടെയും അന്വേഷണവുമായി സഹകരിക്കുമെന്ന് ചാംപ്യൻഷിപ്പ് സംഘാടകർ വ്യക്തമാക്കി.


അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട് നാഷനൽ ചാംപ്യൻഷിപ്പ് എയർ റേസസിന്. ലോകത്തെങ്ങുമുള്ള വ്യോമാഭ്യാസ ആരാധകർ എല്ലാ വർഷവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചാംപ്യൻഷിപ്പുകളിലൊന്നുമാണ്. ഇതിനകം പത്തു ലക്ഷത്തിലേറെ കാഴ്ചക്കാരാണ് ചാംപ്യൻഷിപ്പ് കാണാനെത്തിയത്. 7.50 കോടി ഡോളറിന്റെ വരുമാനവുമുണ്ടാക്കിയിട്ടുണ്ട്.

Summary: 2 pilots were killed in a collision at a Reno air show in US

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News