കൊല്ലപ്പെട്ടത് 17,000 പേർ; കുരുന്നുകളുടെ ശവപ്പറമ്പായി ഗസ്സ

മരിച്ചവരേക്കാള്‍ ഹതഭാഗ്യരാണ് പട്ടിണി കിടന്ന് ക്യാമ്പുകളില്‍ നരകയാതന അനുഭവിക്കുന്നവര്‍

Update: 2024-10-06 02:19 GMT
Advertising

ഗസ്സ സിറ്റി: നിഷ്കളങ്കരായ കുരുന്നുകളുടെ ശവപ്പറമ്പ് കൂടിയാണ് ഗസ്സ. അടുത്തടുത്ത രണ്ട് ഒക്ടോബറുകള്‍ക്കിടെ കൊല്ലപ്പെട്ടത് പതിനാറായിരത്തിലേറെ കുഞ്ഞുങ്ങളാണ്. മരിച്ചവരേക്കാള്‍ ഹതഭാഗ്യരാണ് പട്ടിണി കിടന്ന് ക്യാമ്പുകളില്‍ നരകയാതന അനുഭവിക്കുന്നവര്‍. 

ഔസ്യത്തെഴുതി വെച്ച് മൈലാഞ്ചിച്ചോപ്പണിഞ്ഞ് തീഗോളത്തെ കാത്തിരുന്ന കുഞ്ഞു ഹയയെപ്പോലെ, ഞാന്‍ കൊല്ലപ്പെട്ടാല്‍ ഉപ്പയും ഉമ്മയും കരയരുതെന്ന് വില്‍പ്പത്രം എഴുതിവെച്ച പത്തുവയസ്സുകാരി റാഷയെ പോലെ, ചിതറിത്തെറിച്ചുപോയാലും തിരിച്ചറിയാനായി ശരീരത്തില്‍ പേരെഴുതിവെച്ച മധ്യഗസ്സയിലെ കുട്ടിപ്പടയെ പോലെ, ഗസ്സയുടെ ചുവന്ന മണ്ണില്‍ വിരിയുന്നതിന് മുമ്പെ പറിച്ചെറിയപ്പെട്ട പൂമൊട്ടുകളുടെ എണ്ണം 16859.

തുടർച്ചയായ രണ്ട് ഒക്ടോബറുകൾക്കിടയില്‍ കൊന്നൊടുക്കിയവരില്‍ പകുതിയോളം വരും അവരുടെ എണ്ണം. ഇതില്‍ തന്നെ 171 നവജാത ശിശുക്കള്‍, 710 കുട്ടികള്‍ ഒരു വയസ്സിന് താഴെയുള്ളവര്‍. ചിതറിത്തെറിച്ചതിനപ്പുറം അഭയാർഥി ക്യാമ്പുകളിൽ പട്ടിണി കിടന്ന മരിച്ചത് 36 കുഞ്ഞുങ്ങൾ.

ഇതെല്ലാം മരിച്ചവരുടെ കാര്യം. ഇനി ജീവിച്ച് നരകിക്കുന്നവരുടെ കണക്ക്. മാതാപിതാക്കള് മുഴുവനായോ ആരെങ്കിലും ഒരാളോ കൊല്ലപ്പെട്ട 25,973 കുട്ടികളുണ്ട് ഗസ്സയിലെ അഭയാര്ഥി ക്യാമ്പുകളിലിപ്പോഴും. ലോകത്തെ ഏറ്റവും വലിയ അനാഥാലായങ്ങൾ സ്ഥിതി ചെയ്യുന്ന ഇടം. ഇനി ആശുപത്രികളിലേക്ക് ചെന്നാല്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം ഗുരുതരാവസഥയില്‍ കഴിയുന്ന 3500 കുട്ടികൾ ആതുരാലയങ്ങളിലുണ്ട്.

ഇനി ഊഴം കാത്തിരിക്കുന്നവരുടെ കാര്യം. അവരുടെ ചിന്തകള്‍, കിനാക്കള്‍, ജീവിതത്തിന്റെ നിര്‍വചനങ്ങള്‍. പട്ടിണി മാറ്റാന്‍ പൊട്ടുപാത്രവുമായി വരി നില്ക്കുന്നതിനിടയില്‍ അവരെ തേടിയെത്തുന്നൊരു ഭംഗിയുള്ള മിസൈല്‍. ഒക്ടോബര്‍ ഏഴെന്ന ദിനം എന്നെന്നേക്കുമായി ബാക്കിയാക്കുന്ന കാഴ്ചകള്‍ അങ്ങനെയങ്ങനെ തുടരുന്നു.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News