ഭാര്യ സ്വന്തം സഹോദരി: വൃക്ക മാറ്റിവയ്ക്കാൻ നടത്തിയ പരിശോധനയിൽ ഞെട്ടി യുവാവ്
ജനിച്ച് മിനിറ്റുകൾക്കകം ദത്ത് നൽകപ്പെട്ടയാളാണ് താനെന്നും യഥാർഥ മാതാപിതാക്കളെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും യുവാവ് കൂട്ടിച്ചേർക്കുന്നു
വൃക്ക മാറ്റി വയ്ക്കാൻ നടത്തിയ പരിശോധനയിലൂടെ ഭാര്യ സ്വന്തം സഹോദരിയാണെന്ന് തിരിച്ചറിഞ്ഞ് യുവാവ്. സമൂഹമാധ്യമമായ റെഡ്ഡിറ്റിലാണ് യുവാവ് ദുരനുഭവം വെളിപ്പെടുത്തിയത്. ഇയാളുടെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല.
അടുത്തിടെ ഭാര്യയുടെ കിഡ്‌നി മാറ്റി വയ്‌ക്കേണ്ടതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്കിടെയാണ് തങ്ങൾ രക്തബന്ധമുള്ളവരാണെന്ന് തിരിച്ചറിയുന്നതെന്നാണ് യുവാവ് കുറിപ്പിൽ പറയുന്നത്. ജനിച്ച് മിനിറ്റുകൾക്കകം ദത്ത് നൽകപ്പെട്ടയാളാണ് താനെന്നും യഥാർഥ മാതാപിതാക്കളെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും യുവാവ് കൂട്ടിച്ചേർക്കുന്നു. തന്റെ രണ്ടു കുട്ടികളുടെ അമ്മയാണ് ഇപ്പോൾ തന്റെ സഹോദരിയാണെന്ന് അറിഞ്ഞിരിക്കുന്നതെന്നും ഭാര്യയോട് ഇക്കാര്യം എങ്ങനെ അവതരിപ്പിക്കുമെന്ന് അറിയില്ലെന്നും യുവാവ് കുറിപ്പിൽ ആശങ്കപ്പെടുന്നുണ്ട്.
പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വൈറലായ കുറിപ്പ് അൽപസമയത്തിനകം തന്നെ റെഡ്ഡിറ്റ് നീക്കം ചെയ്‌തെങ്കിലും പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം:
"ആറ് വർഷമായി വിവാഹിതരാണ് ഞാനും ഭാര്യയും. ഞങ്ങൾക്ക് രണ്ടു മക്കളുണ്ട്. മകനുണ്ടായ ശേഷം ഭാര്യയുടെ ആരോഗ്യനില വഷളാവുകയും കിഡ്‌നി മാറ്റി വയ്‌ക്കേണ്ടതായി വരികയും ചെയ്തു. ഇതിനായി ബന്ധുക്കളിൽ കുറച്ചു പേരെ പരിശോധിച്ചെങ്കിലും ആരുടെയും വൃക്ക അനുയോജ്യമായിരുന്നില്ല. പിന്നീടാണ് കഴിഞ്ഞയാഴ്ച ഞാൻ പരിശോധനയ്ക്ക് വിധേയനായത്. എന്റെ വൃക്ക യോജിക്കുമെന്ന് ആശുപത്രിയിൽ നിന്ന് മറുപടിയും ലഭിച്ചു. പക്ഷേ കുറച്ചധികം ടെസ്റ്റുകൾ കൂടി ചെയ്യണമെന്ന് ഡോക്ടർ അറിയിച്ചപ്പോൾ അതിത്തരമൊരു ഫലമാണ് തരികയെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ല. കാരണം, ഞങ്ങളുടെ കിഡ്‌നികൾ അസാധാരണമാം വിധം അനുയോജ്യമായിരുന്നു. ഇതിന്റെ കാരണമന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യമറിഞ്ഞത്-ഞങ്ങൾ സഹോദരങ്ങളാണ്".
"ഞാൻ ജനിച്ച് രണ്ട് മിനിറ്റ് മാത്രമുള്ളപ്പോഴാണ് എന്റെ മാതാപിതാക്കൾ എന്നെ ദത്തെടുക്കുന്നത്. യഥാർഥ മാതാപിതാക്കൾ ആര്, എവിടെ എന്നതിനെക്കുറിച്ച് എനിക്ക് യാതൊരു വിവരവുമില്ല. എട്ട് വർഷങ്ങൾക്ക് മുമ്പ് അവിചാരിതമായാണ് ഞാൻ ഭാര്യയെ പരിചയപ്പെടുന്നത്. പിന്നീട് പരിചയം ഇഷ്ടത്തിലേക്ക് വഴി വയ്ക്കുകയായിരുന്നു. നിലവിലെ പരിശോധനാ റിപ്പോർട്ട് ജീവിതം തല കീഴായി മറിച്ചുവെന്ന് പറയാം. ഭാര്യയോട് ഇക്കാര്യം എങ്ങനെ അവതരിപ്പിക്കുമെന്ന് നിശ്ചയമില്ല".
ആരോഗ്യപരമായ കാരണങ്ങളാൽ ഭാര്യയുടെ കുടുംബത്തിന് വൃക്ക നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ യുവാവ്, കൗമാരപ്രായത്തിലാണ് ഭാര്യക്ക് അവരുടെ മാതാപിതാക്കൾ ജന്മം നൽകിയതെന്നും കുറിപ്പിൽ പറയുന്നുണ്ട്.