എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് കുത്തേറ്റു; അക്രമി പിടിയില്‍
ന്യൂയോര്‍ക്കിലെ ഷുറ്റോക്വാ ഇൻസ്റ്റിറ്റ്യൂഷനില്‍ പ്രഭാഷണത്തിനെത്തിയതായിരുന്നു റുഷ്ദി
ന്യൂയോർക്ക്: എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് കുത്തേറ്റു. അമേരിക്കയിലെ പടിഞ്ഞാറൻ ന്യൂയോർക്കിൽ ഒരു പരിപാടിക്കിടെയാണ് സംഭവം. അമേരിക്കൻ സമയം വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
ന്യൂയോര്‍ക്കിലെ ഷുറ്റോക്വാ ഇൻസ്റ്റിറ്റ്യൂഷനില്‍ പ്രഭാഷണത്തിനെത്തിയതായിരുന്നു റുഷ്ദി. പരിപാടി തുടങ്ങുമ്പോള്‍ റുഷ്ദിയെ അവതാരകന്‍ പരിചയപ്പെടുത്തുന്നതിനിടെ ഒരാൾ ഇരച്ചുകയറുകയും കുത്തുകയും ചെയ്യുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ അസോസിയേറ്റഡ് പ്രസ് മാധ്യമപ്രവർത്തകൻ പറഞ്ഞു. കഴുത്തിലും മുഖത്തുമാണ് കുത്തേറ്റിരിക്കുന്നത്. റുഷ്ദിയെ മെഡിക്കൽ ഹെലിക്കോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
'ദ് സാറ്റാനിക് വേഴ്‌സസ്' എന്ന പുസ്തകത്തിന്റെ പേരിൽ 1980കളുടെ അവസാനത്തില്‍ റുഷ്ദിക്കു വധഭീഷണിയുണ്ടായിരുന്നു. റുഷ്ദിയെ കൊല്ലുന്നവർക്ക് 1989ല്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനി പാരിതോഷികം പ്രഖ്യാപിക്കുകയായിരുന്നു.