16 കാരിയുടെ പിറന്നാളാഘോഷത്തിനിടെ വെടിവെപ്പ്; നാല് പേർ കൊല്ലപ്പെട്ടു, 20 ലധികം പേർക്ക് പരിക്ക്
പരിക്കേറ്റവരിൽ അധികവും കൗമാരക്കാരാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ
വാഷിംഗ്ടൺ: അലബാമയിൽ 16 കാരിയുടെ ജന്മദിനാഘോഷത്തിനിടെയുണ്ടായ വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെട്ടു. 20 പേർ വെടിയേറ്റു. സംസ്ഥാന തലസ്ഥാനമായ മോണ്ട്ഗോമറിയുടെ വടക്കുകിഴക്കുള്ള ഒരു ചെറിയ പട്ടണമായ ഡാഡെവില്ലെയിലെ ഡാൻസ് സ്റ്റുഡിയോയിൽ നടന്ന പാർട്ടിയിൽ വെടിവയ്പ്പ് നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.രാത്രി 10.30ഓടെയാണ് വെടിവെപ്പ് നടന്നത്.
സംഭവത്തിൽ നാല് ജീവൻ നഷ്ടപ്പെട്ടെന്നും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അലബാമ ലോ എൻഫോഴ്സ്മെന്റ് ഏജൻസി വക്താവ് സർജന്റ് ജെറമി ബർക്കെറ്റ് ഞായറാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദുരന്തം നടന്ന് 12 മണിക്കൂറിലധികം കഴിഞ്ഞിട്ടും ആരാണ് വെടിവെച്ചതെന്നോ എന്തിന് വെടിവെച്ചെന്നോ തുടങ്ങിയ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
'സംഭവത്തിൽ കൊലയാളിയെ പിടികൂടിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പുറത്ത് വിട്ടിട്ടില്ല. മരിച്ചവരുടെ വിവരങ്ങളോ പരിക്കേറ്റവരുടെ വിശദാംശങ്ങളോ പുറത്ത് വന്നിട്ടില്ല. പിറന്നാൾ ആഘോഷത്തിനിടെയാണ് വെടിവെപ്പ് നടന്നതെന്നും സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വിടാനാകില്ലെന്നും അലബാമ ലോ എൻഫോഴ്സ്മെന്റ് ഏജൻസി വക്താവ് സർജന്റ് ജെറമി പറഞ്ഞു. പരിക്കേറ്റവരിൽ അധികവും കൗമാരക്കാരാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.ഇവരെ ചികിത്സക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.