മനുഷ്യക്കടത്ത് തടയാന്‍ കുവൈത്ത് സ്വീകരിച്ച നടപടികളെ പ്രശംസിച്ച് അമേരിക്ക
ശക്തമായ നടപടികളിലൂടെ മനുഷ്യക്കടത്ത് നിയന്ത്രിക്കുന്നതിലും പ്രതിരോധിക്കുന്നതിലും കുവൈത്ത് ഗണ്യമായ തോതില്‍ നില മെച്ചപ്പെടുത്തിയതായി അമേരിക്ക.
ശക്തമായ നടപടികളിലൂടെ മനുഷ്യക്കടത്ത് നിയന്ത്രിക്കുന്നതിലും പ്രതിരോധിക്കുന്നതിലും കുവൈത്ത് ഗണ്യമായ തോതില്‍ നില മെച്ചപ്പെടുത്തിയതായി അമേരിക്ക. 2016ലെ ആദ്യത്തെ ആറ് മാസക്കാലത്ത് ലോകതലത്തില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പുരോഗതിയെ സംബന്ധിച്ച് യുഎസ് വിദേശകാര്യമന്ത്രാലയം റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനിരിക്കെ കുവൈത്തിലെ അമേരിക്കന്‍ അംബാസഡര്‍ ഡഗ്ളസ് സില്ലിമന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വര്‍ഷം ആരംഭിച്ചത് മുതല്‍ മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനായി കുവൈത്ത് സര്‍ക്കാര്‍ തലത്തിലും സ്വകാര്യതലത്തിലും നിരവധി ശ്രമങ്ങളാണ് നടത്തിയത്. കൃത്യമായ റിക്രൂട്ടിങ് നടപടികളിലൂടെയല്ലാതെ പണം വാങ്ങി വിദേശ രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ വ്യാപകമായി എത്തിച്ച് തൊഴില്‍ വിപണിയിലേക്ക് തള്ളിവിടുന്ന പ്രവണത മുന്‍കാലങ്ങളെ അപേക്ഷിച്ച് കുവൈത്തില്‍ കുറഞ്ഞുവന്നിട്ടുണ്ട്. ഇത്തരം ഊഹക്കമ്പനികളെയും റിക്രൂട്ടിംഗ് ഏജന്‍സികളെയും കണ്ടെത്തുന്നതിന് ശക്തമായ നിരീക്ഷണം തൊഴില്‍ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത് ആശാവഹമാണെന്ന് ഡഗ്ലസ് സില്ലിമന്‍ പറഞ്ഞു. മനുഷ്യര്‍ ഏത് നാട്ടുകാരായാലും മാന്യമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ മനുഷ്യക്കടത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി പ്രത്യേക ഡിപ്പാര്‍ട്ടുമെന്റ് പ്രവര്‍ത്തിക്കുന്ന കാര്യം യുഎസ് അംബാസഡര്‍ എടുത്തുപറഞ്ഞു. അതോടൊപ്പം മനുഷ്യക്കച്ചവടത്തിന്റെ ഇരകളായി എത്തപ്പെട്ടവരെ സംരക്ഷിക്കുന്നതിന് അഭയ കേന്ദ്രങ്ങള്‍ ഒരുക്കുക, നിയമനടപടികളിലൂടെ അവര്‍ക്ക് അവകാശങ്ങള്‍ വാങ്ങിക്കൊടുക്കുക തുടങ്ങിയ കാര്യത്തിലും കുവൈത്ത് പുരോഗതി കൈവരിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത് പൂര്‍ണ്ണമായി ഇല്ലാതാക്കുന്നതിനും അതുവഴി മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള എല്ലാ സഹകരണവും അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന് ഡഗ്ലസ് സില്ലിമന്‍ പറഞ്ഞു.