'എന്താണ് നിങ്ങൾ പാകിസ്താനിൽ പോകാതിരുന്നത്?'; ഡൽഹിയിലെ സ്‌കൂളിൽ മുസ്‌ലിം വിദ്യാർഥികളെ അധ്യാപിക അധിക്ഷേപിച്ചതായി പരാതി

വിദ്യാർഥികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്ന അധ്യാപികക്കെതിരെ നടപടി സ്വീകരിക്കണമെന്നും മാതാവ് പരാതിയില്‍ പറയുന്നു

Update: 2023-08-29 09:12 GMT
Editor : abs | By : Web Desk
Advertising

ഡൽഹി: ഉത്തർപ്രദേശിന് പിന്നാലെ ഡൽഹിയിലെ സ്‌കൂളിലും അധ്യാപിക മുസ്ലിം വിദ്യാർഥികളെ അധിക്ഷേപിച്ചതായി പരാതി. ഡല്‍ഹിയിലെ ഗാന്ധിനഗറിലെ സർവോദയ ബാല വിദ്യാലയയിലെ അധ്യാപിക ഹേമ ഗുലാത്തിക്ക് എതിരെയാണ് വിദ്യാർഥിയുടെ മാതാവ് പരാതി നല്‍കിയത്. മതപരമായ വാക്കുകൾ ഉപയോഗിച്ച്  അധിക്ഷേപിച്ചുവെന്നാണ് പരാതി. 'എന്താണ് നിങ്ങൾ പാകിസ്താനിൽ പോകാതിരുന്നത് എന്ന് മുസ്ലിം വിദ്യാർഥികളോട് അധ്യാപിക ചോദിച്ചതായും പരാതിയില്‍ പറയുന്നു.

"വിഭജന സമയത്ത് നിങ്ങൾ പാകിസ്താനിലേക്ക് പോയില്ല. നിങ്ങൾ ഇന്ത്യയിൽ താമസിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ നിങ്ങൾ ഒരു സംഭാവനയും നല്‍കിയില്ല" എന്ന് അധ്യാപിക പറഞ്ഞുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. വിദ്യാർഥികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്ന അധ്യാപികക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.  സംഭവത്തില്‍ കേസെടുത്ത്  അന്വേഷണം ആരംഭിച്ചതായി ഡിസിപി രോഹിത് മീണ പറഞ്ഞു.

ഗാന്ധി നഗർ എംഎൽഎ അനിൽ കുമാർ ബാജ്‌പേയ് സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്, ''കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകേണ്ടത് അധ്യാപകരുടെ  ഉത്തരവാദിത്തമാണ് ഇത് തീർത്തും തെറ്റാണ്. ഒരു അധ്യാപകന്‍ ഒരു മതവിശ്വാസത്തിനെതിരെയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തരുത്." പിടിഐ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിലെ സ്കൂളില്‍ സഹപാഠികളെ കൊണ്ട് മുസ്ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച വാർത്തക്ക് പിന്നാലെയാണ് ഡല്‍ഹി സംഭവവും. അതേസമയം യുപിയില്‍ അടിയേറ്റ കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റി. ഷാപൂരിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കാണ് മാറ്റിയത്. കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുത്തതായി ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അറിയിച്ചു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News