ഒഡീഷയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ചോദ്യങ്ങളുന്നയിച്ച് ബിജെഡി; മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടു

ആറ് മാസം മുമ്പ് നടന്ന ഒഡീഷ തെരഞ്ഞെടുപ്പിൽ നവീൻപട്‌നായിക്കിനെ മറിച്ചിട്ട് ബിജെപിയാണ് ഭരണം പിടിച്ചത്. ലോക്‌സഭയിലേക്കും നേട്ടമുണ്ടാക്കി

Update: 2024-12-24 06:01 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ(ഇവിഎം) സംശയമുന്നയിച്ച് നവീൻ പട്‌നായിക്കിന്റെ ബിജു ജനതാ ദളും(ബിജെഡി). ഈ വർഷം ഒഡീഷയിൽ നടന്ന നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കണക്കുകളിലെ പൊരുത്തക്കേടുകൾ ഉന്നയിച്ചാണ് നവീൻ പട്‌നായിക്കിന്റെ ബിജെഡിയും രംഗത്ത് എത്തിയത്.

ഇവിഎമ്മിനെതിരെ 'ഇൻഡ്യ' സഖ്യത്തിലെ പ്രധാന കക്ഷികൾ രംഗത്ത് എത്തിയതിന് പിന്നാലെയാണ് മുന്നണിയുടെ ഭാഗമല്ലാത്ത ബിജെഡിയും സമാന ആരോപണവുമായി വരുന്നത്. ഈ വർഷം നടന്ന തെരഞ്ഞെടുപ്പിൽ ബിജെഡി, അടിതെറ്റി വീണപ്പോൾ സംസ്ഥാനത്ത് ആദ്യമായിട്ട് ബിജെപി സർക്കാർ രൂപീകരിക്കുകയും ചെയ്തിരുന്നു. ലോക്‌സഭയിലേക്കും ബിജെപിയാണ് സംസ്ഥാനത്ത് നിന്നും നേട്ടമുണ്ടാക്കിയത്. ഇവിടെ നിയമസഭാ- ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് നടക്കാറ്. 

പാര്‍ട്ടിയുടെ മുതിർന്ന നേതാക്കളായ അമർ പട്‌നായിക്കും സസ്മിത് പത്രയും ഉൾപ്പെടെയുള്ള പ്രതിനിധി സംഘമാണ് കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടത്. ഒരു ബൂത്തിൽ പോൾ ചെയ്ത ആകെ വോട്ടുകളും ഇവിഎമ്മുകളിൽ നിന്ന് എണ്ണിയ വോട്ടുകളും തമ്മിൽ വലിയ അന്തരമാണുള്ളതെന്നാണ് ബിജെഡി ആരോപിക്കുന്നത്. ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് പാര്‍ട്ടി ചോദിക്കുന്നു. 

ഇതുസംബന്ധിച്ച തെളിവുകള്‍ സംഘം, തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ലോക്‌സഭയിലേക്ക് ആകെ പോൾ ചെയ്ത വോട്ടുകളും നിയമസഭയിലേക്കുള്ള വോട്ടുകളുടെ എണ്ണവും തമ്മില്‍ വ്യത്യാസമുണ്ടെന്നും ബിജെഡി ചൂണ്ടിക്കാട്ടുന്നുണ്ട്. പോളിങ് ദിവസം രാത്രി 11.45 ന് കമ്മീഷന്‍ പുറത്തുവിട്ട വോട്ട് ശതമാനത്തിലും രണ്ട് ദിവസത്തിന് ശേഷം പുറത്തുവന്ന അന്തിമ കണക്കുകളിലും വന്‍ അന്തരമാണുള്ളതെന്നും ബിജെഡി പ്രതിനിധികള്‍ ആരോപിക്കുന്നു.

ജനാധിപത്യത്തിന്റെ മികച്ച ഭാവിക്കുവേണ്ടി വിഷയം ഗൗരവമായി എടുക്കണമെന്നും എല്ലാവശങ്ങളും പരിശോധിച്ച് മറുപടി നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് പാര്‍ട്ടി ആവശ്യപ്പെട്ടു. അതേസമയം ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് എതിരല്ലെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായി നടക്കേണ്ടതുണ്ടെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News