തന്റെയും അമ്മയുടേയും നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചു; ഡോക്ടറെ അടിച്ചുകൊന്ന് പ്രതിശ്രുത വധു

തന്റെ ന​ഗ്നചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ കാണുകയും ഇതേക്കുറിച്ച് യുവതി വികാസിനോട് ചോദിക്കുകയും ചെയ്തതപ്പോൾ, തമാശയ്ക്ക് ചെയ്തതാണന്നായിരുന്നു ഇയാളുടെ മറുപടി.

Update: 2022-09-20 11:25 GMT
Advertising

ബംഗളൂരു: തന്റെയും അമ്മയുടേയും നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ച പ്രതിശ്രുത വരനായ ഡോക്ടറെ യുവതിയും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ചെന്നൈ സ്വദേശി വികാസ് രാജൻ (27) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ പ്രതിശ്രുത വധുവായ പ്രതിഭ (25), ഇവരുടെ സുഹൃത്തുക്കളായ സുശീല്‍ (25), ഗൗതം (25), സൂര്യ എന്നിവർ ചേർന്നാണ് വികാസിനെ കൊലപ്പെടുത്തിയത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വികാസ് മരണമടഞ്ഞത്. ബെ​ഗൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ​സെപ്തംബർ 10നാണ് സംഭവം. മർദനത്തിനു ശേഷം ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വികാസ് പിന്നീട് കോമയിലേക്ക് പോവുകയും സെപ്തംബർ 14ന് മരണപ്പെടുകയുമായിരുന്നു. ശരീരത്തിൽ പരിക്കുകൾ കണ്ടതിനാൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

സുഷീലിന്റെ വീട്ടില്‍ വച്ചായിരുന്നു പ്രതികൾ‍ കൃത്യം നടത്തിയത്. ക്രൂരമായി പരിക്കേറ്റ വികാസിനെ ഇവർ തന്നെയാണ് ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട വികാസും യുവതിയും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഒരുമിച്ചു താമസിച്ചുവരികയും പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. വിവാഹത്തിന് ബന്ധുക്കളുടെ അനുമതിയും ലഭിച്ചു. ഒരുമിച്ചു താമസിക്കുന്നതിനിടെ, വികാസ് യുവതിയുടേയും അമ്മയുടേയും ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയിരുന്നു.

ഏതാനും ദിവസം മുമ്പ് യുവതി, ഈ ന​ഗ്നചിത്രങ്ങൾ ഇൻ‍സ്റ്റ​ഗ്രാമിൽ കാണുകയും ഇതേക്കുറിച്ച് വികാസിനോട് ചോദിക്കുകയും ചെയ്തു. എന്നാൽ തമാശയ്ക്ക് ചെയ്തതാണന്നായിരുന്നു മറുപടി. മറ്റൊരു സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചാണ് ഇയാൾ തന്റെ പ്രതിശ്രുത വധുവിന്റെ നഗ്ന ചിത്രങ്ങള്‍ പങ്കുവച്ചത്. തമിഴ്‌നാട്ടിലെ ചില സുഹൃത്തുക്കള്‍ക്ക് ഈ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഇരു കുടുംബങ്ങളും തമ്മിൽ തർക്കവുമുണ്ടായി.

ഇതോടെ, മനഃപ്രയാസത്തിലായ യുവതി സുഹൃത്തായ സുശീലിനോട് ഇക്കാര്യം വെളിപ്പെടുത്തുകയും തുടര്‍ന്ന് വികാസിനെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് വിളിച്ചുവരുത്തി വികാസിനെ മർദിക്കുകയായിരുന്നു. നിലംതുടയ്ക്കുന്ന മോപ്പ് ഉൾപ്പെടെ ഉപയോ​ഗിച്ചായിരുന്നു മർദനം. തുടർന്ന് ഇവർതന്നെ അബോധാവസ്ഥയില്‍ വികാസിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

യുക്രൈനില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ വികാസ് രണ്ട് വര്‍ഷം ചെന്നൈയില്‍ ജോലി ചെയ്ത ശേഷമാണ് പുതിയ ജോലിക്കായി ബെംഗളൂരുവിലേക്ക് വന്നത്. ചെന്നൈ സ്വദേശിനിയായ പ്രതിഭ ആർക്കിടെക്ട് ആയാണ് ബെം​ഗളുരുവിൽ ജോലി ചെയ്തിരുന്നത്.  

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News