ബംഗളൂരു റെഡ് സോണില്‍; കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി
ജനുവരി 7ന് മുന്‍പായി കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി
കര്‍ണാടകയില്‍ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് റവന്യൂമന്ത്രി ആര്‍ അശോക. ജനുവരി 7ന് മുന്‍പായി കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. നിലവില്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതുവത്സരാഘോഷത്തിലെ ആള്‍ക്കൂട്ടം ഒഴിവാക്കാനായിരുന്നു ഇത്.
കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങളെ കുറിച്ച് കര്‍ണാടക സര്‍ക്കാര്‍ ആലോചിക്കുന്നത്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പട്ടിക പ്രകാരം ബംഗളൂരു റെഡ് സോണിലാണ്. ബംഗളൂരുവിൽ ജാഗ്രതാ നിർദേശം നൽകേണ്ടത് പ്രധാനമാണ്. ബംഗളൂരുവിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാല്‍ കൂടുതല്‍ പേരുടെ ജീവന്‍ രക്ഷിക്കാനാകുമെന്നും മന്ത്രി അശോക അറിയിച്ചു.
സര്‍ക്കാര്‍ നിലപാട് വളരെ വ്യക്തമാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. നേരത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. അത് ആവർത്തിക്കാൻ പാടില്ല. ഇതിനായി കർശന നടപടികളാണ് സ്വീകരിക്കുന്നത്. ജനങ്ങള്‍ സര്‍ക്കാരിനോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ഇന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് കര്‍ണാടകയിലാണ്. കർണാടകയിൽ കഴിഞ്ഞ ദിവസം വരെ 64 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 23 സംസ്ഥാനങ്ങളില്‍ ഈ കോവിഡ് വകഭേദം സ്ഥിരീകരിച്ചു. മൂന്നാം തരംഗത്തിന്‍റെ മുന്നറിയിപ്പുകള്‍ വിദഗ്ധര്‍ നല്‍കിയതോടെ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. മഹാരാഷ്ട്ര, ഡല്‍ഹി, ഹരിയാന, തമിഴ്നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി കോവിഡ് കേസുകളുടെ എണ്ണം കൂടുമെന്നാണ് മുന്നറിയിപ്പ്.