ബിസിനസ് മര്യാദക്ക് നടത്തിയില്ല; പിതാവ് മകനെ തീകൊളുത്തിക്കൊന്നു

ബെംഗളൂരു ചമാരജ്‌പെട്ടിലെ വാൽമീകി നഗറിൽ ഏപ്രിൽ ഒന്നിനാണ് സംഭവം. സുരേന്ദ്ര കുമാർ എന്നയാളാണ് മകൻ അർപിത് സേട്ടിയയെ തീകൊളുത്തിക്കൊന്നത്.

Update: 2022-04-08 08:25 GMT
Advertising

ബെംഗളൂരു: ബിസിനസ് നടത്തുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പിതാവ് മകനെ തീകൊളുത്തിക്കൊന്നു. ബെംഗളൂരു ചമാരജ്‌പെട്ടിലെ വാൽമീകി നഗറിൽ ഏപ്രിൽ ഒന്നിനാണ് സംഭവം. സുരേന്ദ്ര കുമാർ എന്നയാളാണ് മകൻ അർപിത് സേട്ടിയയെ തീകൊളുത്തിക്കൊന്നത്.

സുരേന്ദ്ര കുമാറിന്റെ ഉടമസ്ഥതയിലുള്ള പെയിന്റ് ഫാബ്രിക്കേഷൻ കമ്പനി ബിസിനസ് മൂന്നുവർഷം മുമ്പ് മകനെ ഏൽപ്പിച്ചിരുന്നു. ഇത് ലാഭകരമായി നടത്താൻ അർപിതിന് കഴിഞ്ഞില്ല. മൈസൂരു റോഡിലുള്ള ബിൽഡിങ്ങിന്റെ വാടകക്ക് പുറമെ 1.5 കോടിയോളം രൂപ അർപിത് കടം വാങ്ങിയിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം സുരേന്ദ്ര മകനോട് എക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ടെങ്കിലും അർപിത് നൽകാൻ തയ്യാറായില്ല. ഇതാണ് വഴക്കിന് കാരണമായത്.

ഗോഡൗണിനുള്ളിൽവെച്ച് അരമണിക്കൂറോളം ഇരുവരും തർക്കിച്ചിരിന്നു. ഇതിനുശേഷം ഒരു ദ്രാവകത്തിൽ കുളിച്ചാണ് അർപിത് പുറത്തേക്ക് വന്നത്. സ്പിരിറ്റ് കലർന്ന പെയിന്റ് ടിന്നറാണ് അർപിതിന്റെ ദേഹത്തുണ്ടായിരുന്നത് എന്നാണ് സൂചന. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അർപിതിന് പിന്നാലെ പുറത്തേക്ക് വന്ന സുരേന്ദ്രയോട് തീകൊളുത്തരുതെന്ന് കരഞ്ഞുപറഞ്ഞെങ്കിലും അയാൾ കേൾക്കാൻ തയ്യാറായില്ല. സുരേന്ദ്ര ഒരു തീപ്പെട്ടിക്കൊള്ളി കത്തിച്ച് അർപിതിന്റെ ദേഹത്തേക്കിടുകയായിരുന്നു. പിതാവ് തന്നെ തീകൊളുത്തിയെന്ന് പറഞ്ഞ് കരഞ്ഞ് ഓടിയ അർപിതിനെ നാട്ടുകാരാണ് തീയണച്ച് ആശുപത്രിയിലെത്തിച്ചത്. ഇയാൾക്ക് 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു.

ഇന്നലെയാണ് അർപിത് മരണത്തിന് കീഴടങ്ങിയത്. ഒരു വർഷത്തോളമായി പിതാവും മകനും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ സുരേന്ദ്രക്കെതിരെ കേസ് രജിസ്റ്റർ ചെയത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News