ഭാരത് മാതാ വിധവയല്ല, പൊട്ട് വേണം; വനിതാ മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കാന്‍ വിസമ്മതിച്ച് ഹിന്ദു സംഘടനാ നേതാവ്
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ കണ്ടതിന് ശേഷം പുറത്തേക്ക് വരികയായിരുന്നു സംഭാജി
മുംബൈ: നെറ്റിയില്‍ പൊട്ടു കുത്താത്തതിന്‍റെ പേരില്‍ വനിതാ മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കാന്‍ വിസമ്മതിച്ച് മഹാരാഷ്ട്ര ഹിന്ദു സംഘടനാ നേതാവ് സംഭാജി ഭിഡെ. ദക്ഷിണ മുംബൈയിലെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലാണ് സംഭവം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ കണ്ടതിന് ശേഷം പുറത്തേക്ക് വരികയായിരുന്നു സംഭാജി. ബുധനാഴ്ചയാണ് സംഭവം. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
മറാത്തിയിലെ വനിതാ റിപ്പോർട്ടറോട് സംഭാജി ഭിഡെ തന്‍റെ ബൈറ്റ് എടുക്കാൻ വരുന്നതിന് മുമ്പ് പൊട്ട് കുത്തണമെന്ന് പറയുന്നതു കേള്‍ക്കാം. മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു. ഒരു സ്ത്രീ ഭാരത് മാതാവിന് തുല്യമാണെന്നും പൊട്ട് ധരിക്കാതെ ഒരു വിധവയെപ്പോലെ പ്രത്യക്ഷപ്പെടരുതെന്നും മാധ്യമപ്രവർത്തയോട് ഭിഡെ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. വീഡിയോ വൈറലായതോടെ സംഭവത്തില്‍ വിശദീകരണം ചോദിച്ച് മഹാരാഷ്ട്ര വനിത കമ്മീഷന്‍ അധ്യക്ഷ രൂപാലി ചക്കൻകർ ഭിഡെക്ക് നോട്ടീസ് അയച്ചു.
മുന്‍പും വിവാദപരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ള ആളാണ് ഭിഡെ. തന്‍റെ തോട്ടത്തിലെ മാമ്പഴം കഴിച്ച നിരവധി സ്ത്രീകള്‍ ആണ്‍കുട്ടികളെ പ്രസവിച്ചുവെന്ന് ഭിഡെ 2018ല്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. 'ഊര്‍ജദായകവും പോഷക ഗുണങ്ങളുള്ളതുമായ ഫലമാണ് മാങ്ങ. എന്‍റെ തോട്ടത്തില്‍ വിളഞ്ഞ മാങ്ങകള്‍ കഴിച്ച സ്ത്രീകള്‍ക്ക് ആണ്‍കുട്ടികള്‍ ജനിച്ചു' എന്നായിരുന്നു ഭിഡെയുടെ പ്രസ്താവന. ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ എന്ന സംഘടനയുടെ അധ്യക്ഷനാണ് മുന്‍ ആര്‍.എസ്.എസ് നേതാവ് കൂടിയായ സംഭാജി ഭിഡെ.