''ഇങ്ങനെയൊന്ന് ഞാൻ ഒരിക്കലും സ്വപ്‌നം കണ്ടിരുന്നില്ല''; സർക്കാർ അനുവദിച്ച വീടിന്റെ താക്കോൽ കിട്ടിയപ്പോൾ പൊട്ടിക്കരഞ്ഞ് ബിഹാർ എംഎൽഎ
ഖഗാരിയയിലെ റൗണിൽ 2004ൽ ഇന്ദിര ആവാസ് യോജന പദ്ധതിയിൽ നിർമിച്ച രണ്ട് മുറിയുള്ള വീട്ടിലാണ് അലൗലി എംഎൽഎ ആയ ശേഷം ഇതുവരെ സദ താമസിച്ചതെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
പട്‌ന: സർക്കാർ നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ വാങ്ങുമ്പോൾ പൊട്ടിക്കരഞ്ഞ് ആർജെഡി എംഎൽഎ രാംവൃക്ഷ് സദ. ബിഹാർ സർക്കാരിന്റെ എംഎൽഎമാർക്ക് വേണ്ടിയുള്ള ഭവന പദ്ധതിയിൽ വീട് അനുവദിക്കപ്പെട്ട എട്ടുപേരിൽ ഒരാളാണ് സദ. ബിഹാറിലെ ഏറ്റവും ദരിദ്രരായ എംഎൽഎമാരിൽ ഒരാളാണ് അദ്ദേഹം.
ഖഗാരിയയിലെ റൗണിൽ 2004ൽ ഇന്ദിര ആവാസ് യോജന പദ്ധതിയിൽ നിർമിച്ച രണ്ട് മുറിയുള്ള വീട്ടിലാണ് അലൗലി എംഎൽഎ ആയ ശേഷം ഇതുവരെ സദ താമസിച്ചതെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി നിതീഷ് കുമാർ ആണ് സദക്ക് ബിർ ചന്ദ് പട്ടേൽ പാത്തിൽ മൂന്ന് നിലകളുള്ള വീടിന്റെ താക്കോൽ കൈമാറിയത്. ''ഒരു പാവപ്പെട്ട വ്യക്തിക്ക് വീട് ലഭിക്കുന്നത് ദീപാവലിയെക്കാൾ ഒട്ടും ചെറുതല്ല''- താക്കോൽ വാങ്ങിയ ശേഷം മുഖ്യമന്ത്രിയുടെ കാലിൽതൊട്ട് അദ്ദേഹം പറഞ്ഞു.
ബിഹാറിലെ സാമ്പത്തിക ശേഷി എറ്റവും കുറഞ്ഞ എംഎൽഎയാണ് ഞാൻ. ഇത്തരമൊരു വീട് സ്വപ്‌നത്തിൽപോലും പ്രതീക്ഷിച്ചതല്ല. തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്ത് ഇത്തരമൊരു വീട് ലഭിച്ചപ്പോൾ ഞാൻ ശരിക്കും വികാരാധീനനായി. ഒരു പാവപ്പെട്ട വ്യക്തിക്ക് പ്രതീക്ഷക്ക് അപ്പുറമുള്ള എന്തെങ്കിലും ലഭിക്കുമ്പോൾ അവർക്ക് ദീപാവലി തന്നെയാണെന്നാണ് താൻ ഉദ്ദേശിച്ചതെന്നും സദ പറഞ്ഞു.
"हम मुसहर समाज से आते हैं!
— Ejya Yadav (@EjyaYadav_RJD) October 27, 2022
मा० @laluprasadrjd जी ने हमें नेता बनाया, MLA बनाया, देश से जोड़ा, आज उसका फल है....
अलौली के जनता मालिक को प्रणाम करते हैं!"
- सुसज्जित सरकारी आवास पाकर मा० MLA श्री रामवृक्ष सदा भावुक हुए।
लालू जी ने ग़रीबों को आवाज़ दी, @yadavtejashwi जी ताकत देंगे! pic.twitter.com/JwadMWaXpf
1995ൽ താൻ രാഷ്ട്രീയത്തിൽ ചേരാൻ തീരുമാനിക്കുമ്പോൾ ഒരു ഇഷ്ടിക ചൂളയിലാണ് ജോലി ചെയ്തിരുന്നത്. ഒരു തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ പരിചയപ്പെടുന്നത്. തുടർന്ന് 2000ലും 2005ലും പശുപതി കുമാർ പരസിനെതിരെ ആർജെഡി ടിക്കറ്റിൽ മത്സരിച്ചു പരാജയപ്പെട്ടു. ഒടുവിൽ 2020-ലാണ് വിജയിക്കുന്നത്-സദ പറഞ്ഞു.
2020ൽ സദ നൽകിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ, 70,000 രൂപ മൂല്യമുള്ള സ്വത്താണ് കാണിച്ചിരിക്കുന്നത്. അതിൽ പണമായി കാണിച്ച 25,000 രൂപയിൽ 5,000 രൂപ അദ്ദേഹത്തിന്റെ ഭാര്യയുടേതായിരുന്നു. 30,000 രൂപയാണ് അദ്ദേഹത്തിന്റെ വീടിന്റെ വിലയായി കാണിച്ചിരുന്നത്. 10,000 രൂപ വിലയുള്ള കൃഷിഭൂമിയും അദ്ദേഹത്തിനുണ്ട്.