'ഗുജറാത്തിലെ ജനങ്ങളോടാണ്, നിങ്ങൾ ഭയക്കരുത്; ബിജെപിക്ക് അയോധ്യയിലെ അതേ ഗതി തന്നെയാകും ഗുജറാത്തിലും'
അയോധ്യയിൽ പരാജയപ്പെട്ടതുപോലെ ഗുജറാത്തിലും ബിജെപിയും നരേന്ദ്രമോദിയും പരാജയപ്പെടുമെന്നും കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്നും രാഹുൽ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു
ഡൽഹി: ഗുജറാത്തിൽ ബിജെപി തകർന്നടിയുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം അയോധ്യയിൽ നേരിട്ട അതേ ഗതി തന്നെ അടുത്ത തെരഞ്ഞെടുപ്പിൽ ഗുജറാത്തിലും ബിജെപി നേരിടുമെന്ന് രാഹുൽ പറഞ്ഞു. അഹമ്മദാബാദിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി കോൺഗ്രസിനെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ, അയോധ്യയിൽ പരാജയപ്പെട്ടതുപോലെ ഗുജറാത്തിലും കാവി പാർട്ടിയും നരേന്ദ്രമോദിയും പരാജയപ്പെടും. ഇൻഡ്യ സഖ്യം വിജയിക്കുമെന്ന ആത്മവിശ്വാസവും രാഹുൽ പ്രകടിപ്പിച്ചു.
'ഞങ്ങളെ ഭീഷണിപ്പെടുത്തുകയും കോൺഗ്രസ് ഓഫീസ് നശിപ്പിക്കുകയും ചെയ്തുകൊണ്ട് ബിജെപി വെല്ലുവിളിക്കുകയാണ്. ഞങ്ങളുടെ ഓഫീസ് തകർത്തത് പോലെ അവരുടെ സർക്കാരിനെ തകർക്കാൻ ഞങ്ങൾ ഒരുമിച്ചുനിൽക്കും. അയോധ്യയിൽ ചെയ്തത് പോലെ ഗുജറാത്തിൽ കോൺഗ്രസ് മത്സരിക്കുമെന്നും ഗുജറാത്തിൽ നരേന്ദ്ര മോദിയേയും ബിജെപിയേയും പരാജയപ്പെടുത്തുമെന്നും രേഖാമൂലം ഞാൻ എഴുതിത്തരികയാണ്'; രാഹുൽ പറഞ്ഞു.
ഗുജറാത്തിൽ കോൺഗ്രസ് പുതിയൊരു തുടക്കം കുറിക്കും. അയോധ്യയിൽ ബിജെപിയെ പരാജയപ്പെടുത്തിയതിലൂടെ, ബിജെപിയുടെ മുതിർന്ന നേതാവ് ലാൽ കൃഷ്ണ അദ്വാനി ആരംഭിച്ച രാമക്ഷേത്ര പ്രസ്ഥാനത്തെ കൂടിയാണ് ഇൻഡ്യ സഖ്യം പരാജയപ്പെടുത്തിയത്. മോദി ഊതിവീർപ്പിച്ച ബലൂണുകൾ ഓരോന്നായി പൊട്ടിക്കഴിഞ്ഞു. ഗുജറാത്തിലും അത് തന്നെ സംഭവിക്കുമെന്നും രാഹുൽ ആവർത്തിച്ചു.
'തന്റെ ജനനം ജൈവികമായ ഒന്നല്ലെന്നും ദൈവം നേരിട്ട് തന്നെ അയച്ചതാണെന്നും പറഞ്ഞ മോദിയോട് അദ്ദേഹമൊരു മനുഷ്യൻ തന്നെയാണോ എന്ന് പാർലമെന്റിൽ ഞാൻ ചോദിച്ചിരുന്നു. ദൈവവുമായി നേരിട്ട് ബന്ധമുണ്ടെങ്കിൽ, അയോധ്യയിൽ എങ്ങനെയാണ് അവർ പരാജയപ്പെട്ടതെന്നും രാഹുൽ ചോദിച്ചു.
'മറ്റെല്ലാവരുടെയും ജന്മം ജൈവികമാണെന്ന് പ്രധാനമന്ത്രി വിശ്വസിക്കുന്നുണ്ട്. ഗുജറാത്തിലെ ജനങ്ങൾ, ഗാന്ധിജി, ഇന്ത്യയിലെ കർഷകർ, തൊഴിലാളികൾ എന്നിവർ ജൈവികരാണ്. മോദി അജൈവവും. ഗുജറാത്തിലെ തൊഴിലാളികളുടെയും വജ്രവ്യവസായത്തിൽ പ്രവർത്തിക്കുന്നവരുടെയും വേദന മനസിലാക്കാൻ കഴിയാത്ത ഒരാൾ എന്ത് വാഗ്ദാനമാണ് ജനങ്ങൾക്ക് നൽകുന്നത്. അയോധ്യയിൽ ബിജെപി പരാജയപ്പെടുമെന്നോ മോദി വാരാണസിയിൽ ചെറിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നോ ആരും ചിന്തിക്കുക പോലും ചെയ്തിട്ടുണ്ടാകില്ല. എന്നാൽ, അയോധ്യയിലേതുപോലെ ഗുജറാത്തിൽ അവർ തോൽക്കപ്പെടാൻ പോകുന്നു. ഗുജറാത്തിലെ ജനങ്ങളോടാണ്, നിങ്ങൾ ഭയക്കരുത്'; രാഹുൽ പറഞ്ഞു.
ഗുജറാത്തിലെ ജനങ്ങൾ ഭയക്കാതെ പോരാടിയാൽ ബിജെപിക്ക് അവരുടെ മുന്നിൽ പോലും നിൽക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിക്ക് അയോധ്യയിൽ നിന്ന് മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അദ്ദേഹം പരാജയപ്പെടുമെന്നും രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്നും ഉപദേശം കിട്ടിയതിനാലാണ് വാരണസിയിലേക്ക് മാറിയത്. വാരണസിയിൽ കോൺഗ്രസിന് കുറച്ച് തെറ്റുകൾ സംഭവിച്ചു. അല്ലെങ്കിൽ, അവിടെയും മോദിയെ പരാജയപ്പെടുത്തിയേനെയെന്നും രാഹുൽ പറഞ്ഞു.
അയോധ്യയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുത്ത കർഷകർക്ക് നാളിതുവരെ ശരിയായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഭൂമിക്കും കടകൾക്കും വീടുകൾക്കും നഷ്ടപരിഹാരം നൽകാത്തതാണ് അയോധ്യയിലെ ജനങ്ങൾക്ക് മോദിയോടുള്ള ദേഷ്യത്തിന് കാരണമെന്നും രാഹുൽ ചൂണ്ടിക്കാട്ടി. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ അദാനിയെയും അംബാനിയെയും കണ്ടു, എന്നാൽ ഒരു പാവപ്പെട്ടയാളെയും അവിടേക്ക് ക്ഷണിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
എല്ലാ മതങ്ങളിലും കോൺഗ്രസിൻ്റെ ‘കൈ’ ചിഹ്നമുണ്ട്. ഗുരു നാനാക്കിൻ്റെയും മഹാവീറിൻ്റെയും ബുദ്ധൻ്റെയും ഫോട്ടോകൾ നോക്കൂ. ഇസ്‌ലാമിൽ പോലും അവർ അത് അനുഗ്രഹം തേടാനുള്ള ഒരു ആംഗ്യമായി ഉപയോഗിക്കുന്നു. ശിവൻ്റെ ചിത്രം നോക്കിയാലും കൈപ്പത്തി ചിഹ്നം അവിടെ കാണും. ഭയപ്പെടരുത്, ആരെയും ഭയപ്പെടുത്തരുത് എന്നാണ് അതിന്റെ അർത്ഥമെന്നും രാഹുൽ പറഞ്ഞു.
കോൺഗ്രസിന്റെ പ്രവർത്തകർ അവരുടെ നേതാക്കളുടെ മുന്നിൽ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും നേതാക്കളുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാനും മടിക്കാറില്ല. ഇതാണ് ബിജെപിയിൽ നിന്നുള്ള ഒരു വ്യത്യാസം. താൻ ചെയ്തത് അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ തൻ്റെ മുഖത്ത് നോക്കി പറയുമെന്നും രാഹുൽ പറഞ്ഞു. ബി.ജെ.പിയിൽ നേതൃനിര മുഴുവൻ നരേന്ദ്രമോദിയെ ഇഷ്ടപ്പെടുന്നില്ല. പക്ഷേ അവർക്ക് ധൈര്യമില്ല... പേടിയാണ്.
ഗുജറാത്തിൽ 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ശരിയായി മത്സരിച്ചില്ലെന്നും 2017ൽ മൂന്ന് മാസത്തെ പ്രചാരണം മാത്രമാണ് കോൺഗ്രസിനെ ഫിനിഷിംഗ് ലൈനിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. 30 വർഷത്തിന് ശേഷം ബിജെപിയെ തോൽപ്പിക്കുമെന്ന് വിശ്വസിക്കുന്ന 50 ശതമാനം കോൺഗ്രസ് പ്രവർത്തകർ ഒപ്പംനിൽക്കുകയും വിശ്വസിക്കാത്ത മറ്റ് 50 ശതമാനം പേരുടെ മനസ് മാറുകയും ചെയ്‌താൽ ഞങ്ങൾ ഇവിടെ സർക്കാർ രൂപീകരിക്കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.