രാഹുലിന്‍റെ മണിപ്പൂര്‍ സന്ദര്‍ശനത്തെ അഭിനന്ദിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷ
മണിപ്പൂരിലെ നിലവിലെ സ്ഥിതിയെ രാഷ്ട്രീയവത്കരിക്കരുതെന്ന് ശാരദാ ദേവി
ഇംഫാല്‍: മണിപ്പൂരില്‍ കലാപബാധിതരെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷ എ ശാരദാ ദേവി. അതേസമയം മണിപ്പൂരിലെ നിലവിലെ സ്ഥിതിയെ രാഷ്ട്രീയവത്കരിക്കരുതെന്നും ശാരദാ ദേവി ആവശ്യപ്പെട്ടു.
"ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെ ഞാന്‍ അഭിനന്ദിക്കുന്നു. എന്നിരുന്നാലും പ്രശ്നപരിഹാരത്തിനും സമാധാനം തിരികെ കൊണ്ടുവരുന്നതിലുമായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. വിഷയം രാഷ്ട്രീയവത്കരിക്കപ്പെടരുത്"- ശാരദാ ദേവി പറഞ്ഞു.
രണ്ടു ദിവസമാണ് രാഹുല്‍ മണിപ്പൂരിലുണ്ടായിരുന്നത്. ചുരാചന്ദ്പൂരിലെയും മൊയ്‍രാങ്ങിലെയും ദുരിതാശ്വാസ ക്യാമ്പുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. റോഡ് മാര്‍ഗമുള്ള യാത്ര പൊലീസ് തടഞ്ഞതോടെ ഹെലികോപ്റ്ററിലാണ് അദ്ദേഹം ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്. മെയ്തെയ്, കുക്കി വിഭാഗങ്ങളുടെ ക്യാമ്പുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു.
"മണിപ്പൂരിലെ അക്രമത്തിൽ പ്രിയപ്പെട്ടവരും വീടും നഷ്ടപ്പെട്ടവരുടെ അവസ്ഥ കാണുന്നതും കേൾക്കുന്നതും ഹൃദയഭേദകമാണ്. ഞാന്‍ കണ്ടുമുട്ടിയ ഓരോ സഹോദരന്‍റെയും സഹോദരിയുടെയും കുഞ്ഞിന്‍റെയും മുഖത്ത് സഹായത്തിനായുള്ള നിലവിളിയുണ്ട്. മണിപ്പൂരിന് ഇപ്പോള്‍ ആവശ്യം സമാധാനമാണ്. ജനങ്ങളുടെ ജീവിതവും ഉപജീവനവും സുരക്ഷിതമാക്കണം. നമ്മളുടെ എല്ലാ ശ്രമങ്ങളും ആ ലക്ഷ്യത്തിലേക്ക് ഒന്നിക്കണം"- രാഹുല്‍ പറഞ്ഞു.
മണിപ്പൂര്‍ ഗവര്‍ണറുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തി. 10 പാർട്ടികളുടെ നേതാക്കളുമായും യുണൈറ്റഡ് നാഗാ കൗൺസിൽ (യു.എൻ.സി) നേതാക്കളുമായും രാഹുല്‍ മണിപ്പൂരിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. മണിപ്പൂരിനെ സമാധാനത്തിന്‍റെ പാതയിലേക്ക് നയിക്കാന്‍ തന്നാല്‍ കഴിയുന്ന പങ്കുവഹിക്കുമെന്നും രാഹുല്‍ പറഞ്ഞു.