യു.പി അടക്കം നാലിടത്ത് ബി.ജെ.പി അധികാരത്തിലെത്തുമെന്ന് എ.ബി.പി സര്‍വേ

ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും വെല്ലുവിളിയായി എ.എ.പി നിര്‍ണായക ശക്തിയായി മാറുമെന്നാണ് സര്‍വേ പറയുന്നത്.

Update: 2021-10-09 14:19 GMT
Advertising

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് എ.ബി.പി-സീ വോട്ടര്‍ സര്‍വേ. പഞ്ചാബില്‍ തൂക്കുസഭക്കാണ് സാധ്യതയെന്നും ഇവിടെ ആം ആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നും സര്‍വേ പറയുന്നു.

ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും വെല്ലുവിളിയായി എ.എ.പി നിര്‍ണായക ശക്തിയായി മാറുമെന്നാണ് സര്‍വേ പറയുന്നത്. പഞ്ചാബില്‍ പാര്‍ട്ടിക്കുള്ളിലെ അധികാരത്തര്‍ക്കങ്ങള്‍ കോണ്‍ഗ്രസിന് തിരിച്ചടിയാവുമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് 241 മുതല്‍ 249 സീറ്റ് വരെ ലഭിക്കും. സമാജ് വാദി പാര്‍ട്ടിക്ക് 130-138 സീറ്റ്, ബി.എസ്.പിക്ക് 15-17, കോണ്‍ഗ്രസിന് 3-7 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ പറയുന്നു. കഴിഞ്ഞ മാസമാണ് സര്‍വേയുടെ വിവരശേഖരണം നടന്നത്. ലഖിംപൂര്‍ ഖേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വേ ഫലത്തില്‍ കാര്യമായ മാറ്റത്തിന് സാധ്യതയുണ്ട്.

പഞ്ചാബില്‍ എ.എ.പി 49 മുതല്‍ 55 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 30 മുതല്‍ 47 സീറ്റുകള്‍ വരെ നേടാനായേക്കും. ബി.ജെ.പിക്ക് ഒരു സീറ്റ് മാത്രമാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഉത്തരാഖണ്ഡില്‍ ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വേ പറയുന്നത്. 70 അംഗ നിയമസഭയില്‍ ബി.ജെ.പി 42 മുതല്‍ 46 സീറ്റ് വരെ നേടാമെന്ന് സര്‍വേ പറയുന്നു. കോണ്‍ഗ്രസിന് 21 മുതല്‍ 25 സീറ്റ് വരെ ലഭിച്ചേക്കും. എ.എ.പിക്ക് നാല് സീറ്റും മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റും ലഭിക്കുമെന്നും സര്‍വേ പറയുന്നു.

ഗോവയിലും ബി.ജെ.പി അധികാരം നിലനിര്‍ത്തും. 40 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 24 മുതല്‍ 28 സീറ്റ് വരെ ലഭിക്കുമെന്ന് സര്‍വേ പറയുന്നു. കോണ്‍ഗ്രസിന് ഒന്നു മുതല്‍ അഞ്ച് സീറ്റുവരെയും എ.എ.പിക്ക് മൂന്നു മുതല്‍ ഏഴുവരെയും മറ്റുള്ളവര്‍ക്ക് നാലു മുതല്‍ എട്ടു സീറ്റുകളും ലഭിക്കാനാണ് സാധ്യത.

മണിപ്പൂരില്‍ ബി.ജെ.പി 21 മുതല്‍ 25 വരെ സീറ്റുകള്‍ നേടുമെന്ന് സര്‍വേ പറയുന്നു. കോണ്‍ഗ്രസിന് 18 മുതല്‍ 22 വരെ സീറ്റുകളും പ്രാദേശിക പാര്‍ട്ടിയായ നാഗ പീപ്പിള്‍സ് ഫ്രണ്ടിന് നാലു മുതല്‍ എട്ടു വരെ സീറ്റുകളും മറ്റുള്ളവര്‍ക്ക് ഒന്നു മുതല്‍ അഞ്ചു സീറ്റുവരെ സീറ്റുകളും ലഭിച്ചേക്കാമെന്നാണ് പ്രവചനം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News