ഡൽഹിയെ രാഷ്ട്രപതി ഭരണത്തിലേക്ക് കൊണ്ടുപോകാൻ ബി.ജെ.പി ശ്രമം- അതിഷി മർലേന

സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിച്ചെങ്കിലും തങ്ങൾ അതിജീവിച്ചെന്നും അതിഷി പറഞ്ഞു.

Update: 2024-04-12 05:27 GMT
Advertising

ഡൽഹി: ഡൽഹിയെ രാഷ്ട്രപതി ഭരണത്തിലേക്ക് കൊണ്ടുപോകാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് മന്ത്രി അതിഷി മർലേന. ആപ്പ് സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിച്ചെങ്കിലും തങ്ങൾ അതിജീവിച്ചെന്നും മന്ത്രി പറഞ്ഞു. അടുത്ത ബുധനാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷം തെളിയിക്കും. കെജ്‍രിവാളിനെതിരെ മനഃപൂർവം കെട്ടിച്ചമച്ച കേസാണെന്നും ഇതിൽ ഗൂഢാലോചന നടന്നെന്നും അതിഷി പറഞ്ഞു.  

"ഹിമാചലിലെ സർക്കാരിനെ ബി.ജെ.പി അട്ടിമറിക്കാൻ ശ്രമിച്ചു. ഡൽഹിയിലും അതിനു ശ്രമിക്കുന്നു. പക്ഷെ വിജയിക്കില്ല. ഡൽഹിയിലെ ജനങ്ങൾ ബി.ജെ.പിക്കു വോട്ടുചെയ്യില്ല. അവർ എല്ലാം കാണുന്നുണ്ട്. അവർക്കു വേണ്ടതെല്ലാം എ.എ.പി നൽകുന്നുണ്ട്"- അതിഷി മർലേന പറഞ്ഞു. 

അതേസമയം, സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് ഡൽഹി എ.എ.പി നീങ്ങുന്നത്. മന്ത്രിയുടെ രാജിയും കെജ്‍രിവാളിന്‍റെ പേഴ്സണൽ സെക്രട്ടറിയുടെ പുറത്താക്കലും നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയാണെങ്കിലും കെജ്‍രിവാളിന് തിഹാർ ജയിലില്‍ ഫയലുകള്‍ നോക്കാൻ അനുമതിയില്ല എന്നത് പ്രതിസന്ധിയുടെ വ്യാപ്തി വർധിപ്പിക്കുന്നു. മന്ത്രി രാജ്‍കുമാര്‍ ആനന്ദിന്‍റെ രാജിയും വിഭവ് കുമാറിനെ പുറത്താക്കലും ആം ആദ്മി പാർട്ടിക്കുള്ളിലെ പ്രതിസന്ധി വർധിപ്പിച്ചിരിക്കുകയാണ്. പേഴ്സണൽ സ്റ്റാഫ് വിഭവ് കുമാറിനെ നീക്കിയതിലൂടെ ജയിലിൽ നിന്നുള്ള ആശയവിനിമയത്തിന് തടയിടുകയാണ് ഇ.ഡി ലക്ഷ്യം. 

ഫയലുകൾ നോക്കാൻ കഴിയാത്തതിനാൽ മന്ത്രി രാജ് കുമാർ ആനന്ദ് രാജി വെച്ചതിൽ വകുപ്പുകള്‍ ഇനി ആർക്ക് നല്‍കുമെന്നതും ലെഫ്റ്റനന്‍റ് ഗവർണറെ അറിയിക്കാൻ, മുഖ്യമന്ത്രിയുടെ ഓഫിസീന് സാധിച്ചിട്ടില്ല. വിചാരണക്കോടതിയിലും ഹൈക്കോടതിയിലുമൊന്നും അനുകൂല വിധി ലഭിക്കാത്തത് പാര്‍ട്ടിക്കകത്തും അസ്വസ്ഥത വർധിപ്പിക്കുകയാണ്. ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഗവർണർ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നൽകിയാൽ ഡൽഹി രാഷ്ട്രപതി ഭരണത്തിലേക്ക് പോകും. ലഫ്റ്റനൻ്റ് ഗവർണർ ഇത് സംബന്ധിച്ച് നിയമ വിദഗ്ധരുമായി ആശയവിനിമയം നടത്തിയിരുന്നു. രാജ് കുമാർ ആനന്ദിൻ്റെ രാജിക്ക് പിന്നാലെ കൂടുതൽ നേതാക്കൾ പാർട്ടി വിടുമോ എന്ന ആശങ്ക ആം ആദ്മി ക്യാമ്പിലുണ്ട്. ഡൽഹിയിൽ രാഷ്ട്രപതി ഭരണം കൂടുതൽ ശക്തമാക്കാനാണ് ബി.ജെ.പിയുടെ നീക്കം.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News