സൗഹൃദത്തെ എതിർത്തു; 14 കാരനെ സഹോദരിയുടെ കൂട്ടുകാർ കഴുത്തറുത്ത് കൊന്നു
കൊല്ലപ്പെട്ട കുട്ടിയുടെ തലയും ശരീരവും വ്യത്യസ്ത ഇടങ്ങളിലാണ് കൊലയാളികൾ ഉപേക്ഷിച്ചത്
മീററ്റ്: സൗഹൃദ ബന്ധത്തെ എതിർത്തതിന് കൗമാരക്കാരിയുടെ സഹോദരനെ രണ്ട് സുഹൃത്തുക്കൾ ചേർന്ന് കഴുത്തറുത്ത് കൊന്നു. സംഭവത്തിൽ നദീം(20) ഫർമൻ(20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചക്ക് മീററ്റിലാണ് 14 കാരൻ ദാരുണമായി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട കുട്ടിയുടെ തലയും ശരീരവും വ്യത്യസ്ത ഇടങ്ങളിലാണ് കൊലയാളികൾ ഉപേക്ഷിച്ചത്. പ്രദേശവാസികളാണ് ഒഴിഞ്ഞ പ്രദേശത്ത് കുട്ടിയുടെ തലയില്ലാത്ത ശരീരം ആദ്യം കാണുന്നത്. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് അഞ്ചുകിലോമീറ്റർ അപ്പുറത്ത് തല കണ്ടെത്തിയത്. രാത്രിയോടെ ബന്ധുക്കളെത്തിയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്.
സിവൽഖാസ് എന്ന സ്ഥലത്താണ് കുട്ടിയുടെ കുടുബം താമസിക്കുന്നത്. പിതാവ് ബാർബറാണ്.മാതാപിതാക്കളും രണ്ടു ആൺമക്കളും മകളുമടങ്ങുന്നതായിരുന്നു ഇവരുടെ കുടുംബം. ഇവരുടെ ഇളയ മകനാണ് കൊല്ലപ്പെട്ടത്.
രണ്ടു പ്രതികളും മകളെ നിരന്തരം പിന്തുടരുകയായിരുന്നെന്നും സഹികെട്ട് വീട്ടുകാർ അവളെ മുത്തശ്ശിയുടെ വീട്ടിലേക്ക് അയച്ചതായും പിതാവ് പറയുന്നു. 'പ്രതികളായ രണ്ടുപേരും മൂന്ന് ദിവസം മുമ്പ് വീട്ടിൽ വന്ന് എന്റെ മകളെ എവിടെയാണെന്ന് ചോദിച്ചിരുന്നു. എന്നാൽ മൂത്ത മകൻ മറുപടി നൽകാൻ വിസമ്മതിച്ചപ്പോൾ അവനെ ആക്രമിച്ചു. തുടർന്നാണ് ഇളയമകനെ വെള്ളിയാഴ്ച മാർക്കറ്റിൽ വെച്ച് തട്ടിക്കൊണ്ടുപോയതും കൊലപ്പെടുത്തിയതെന്നും' പിതാവ് പറയുന്നു.
ഇക്കാര്യം പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. ' പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും വനത്തിൽ വെച്ച് വടിയും ബെൽറ്റുമുപയോഗിച്ച് ക്രൂരമായി മർദിക്കുകയും ഇറച്ചിവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറക്കുകയുമായിരുന്നെന്ന് എസ്പി (റൂറൽ) കേശവ് കുമാർ പറഞ്ഞു. രണ്ടുപേർക്കുമെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.