ഏകീകൃത പെൻഷൻ പദ്ധതിക്ക് കേ​ന്ദ്ര സർക്കാർ അംഗീകാരം

പെൻഷൻ പദ്ധതി 2025 ഏപ്രിൽ 1 മുതൽ നടപ്പിലാക്കും

Update: 2024-08-24 16:04 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ന്യൂഡൽഹി: ഏകീകൃത പെൻഷൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പെൻഷൻ പദ്ധതി 2025 ഏപ്രിൽ 1 മുതൽ നടപ്പിലാക്കും. സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ഉറപ്പ് വരുത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 23 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. 2004 നുശേഷം എൻപിഎസിനു കീഴിൽ വിരമിച്ചവർക്കും പുതിയ പദ്ധതിയുടെ ആനുകൂല്യം കിട്ടും. നിലവിലുള്ള പെൻഷൻ പദ്ധതിയിൽ ജീവനക്കാർ നൽകുന്ന വിഹിതം 10 ശതമാനവും കേന്ദ്രത്തിന്റെ വിഹിതം 14 ശതമാനവുമാണ്. ഏകീകൃത പെൻഷൻ പദ്ധതിയിൽ കേന്ദ്ര വിഹിതം 18 ശതമാനമായി ഉയരും.

അഷ്വേർഡ് പെൻഷൻ, കുടുംബ പെൻഷൻ, മിനിമം അഷ്വേർഡ് പെൻഷൻ എന്നിങ്ങനെയാണ് പെൻഷൻ പദ്ധതി വേർതിരിച്ചിരിക്കുന്നത്. കുറഞ്ഞത് 25 വർഷം സർവീസ് പൂർത്തിയാക്കുന്ന സർക്കാർ ജീവനക്കാർക്ക് വിരമിക്കുന്നതിന് മുൻപുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ഉറപ്പ് നൽകുന്നതാണ് അഷ്വേർഡ് പെൻഷൻ.

പെൻഷൻ വാങ്ങുന്നയാൾ മരിച്ചാൽ, അപ്പോൾ വാങ്ങിയിരുന്ന പെൻഷൻ തുകയുടെ 60% പെൻഷൻ കുടുംബത്തിന് ഉറപ്പാക്കുന്നതാണ് കുടുംബ പെൻഷൻ. പത്തു വർഷം വരെയെങ്കിലും സർവ്വീസ് കഴിഞ്ഞ് ഇറങ്ങുന്നവർക്ക് കുറഞ്ഞത് 10,000 രൂപയെങ്കിലും പെൻഷൻ കിട്ടാന്‍ വ്യവസ്ഥയുണ്ടാകുന്നതാണ് മിനിമം അഷ്വേർഡ് പെൻഷൻ.

അതേസമയം ഇപ്പോഴുള്ള നാഷണൽ പെൻഷൻ പദ്ധതിയിൽ തുടരണോ അതോ യുപിഎസ് വേണോ എന്നത് ജീവനക്കാർക്ക് തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരിക്കും.



Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News