ഓള്‍ ഇന്ത്യ റേഡിയോയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്തിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

ഗോവയില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വെളിപ്പെടുത്തിയത്

Update: 2022-12-05 06:31 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഗോവ: ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ പുരോഗനാത്മകമായ നിരവധി വിധികള്‍ സംഭാവന ചെയ്ത ന്യായാധിപനാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. സുപ്രീം കോടതി ജഡ്ജിമാരിലെ ബുദ്ധിജീവിയായാണ് ജസ്റ്റിസ് ചന്ദ്രചൂഡ് അറിയപ്പെടുന്നത്. ഇപ്പോഴിതാ സംഗീതപ്രേമിയായ താന്‍ പാര്‍ട് ടൈം റേഡിയോ ജോക്കിയായി ജോലി ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചന്ദ്രചൂഡ്. 20-ാമത്തെ വയസില്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ റേഡിയോ ജോക്കിയായിരുന്ന ചന്ദ്രചൂഡ് നിരവധി ജനപ്രിയ പരിപാടികളും അവതരിപ്പിച്ചിരുന്നു.

ഗോവയില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'പ്ലേ ഇറ്റ് കൂൾ', 'ഡേറ്റ് വിത്ത് യു', 'സൺഡേ റിക്വസ്റ്റ്' തുടങ്ങിയ പരിപാടികളുടെ അവതാരകനായിരുന്നുവെന്നും ചന്ദ്രചൂഡ് പറഞ്ഞു. ഇക്കാലയളവില്‍ അദ്ദേഹം കോടതിയിലും പോയിരുന്നു. ''പലര്‍ക്കും ഇതിനെക്കുറിച്ച് അറിയില്ല. എന്‍റെ 20കളുടെ തുടക്കത്തില്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ ഞാന്‍ റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്നു. സംഗീതത്തോടുള്ള എന്‍റെ ഇഷ്ടം ഇപ്പോഴുമുണ്ട്. വക്കീലന്‍മാരുടെ 'സംഗീതം' കേട്ട ശേഷം ഞാന്‍ എല്ലാ ദിവസവും കാതുകള്‍ക്ക് ഇമ്പമുള്ള സംഗീതം കേള്‍ക്കാറുണ്ട്'' ചന്ദ്രചൂഡ് പറയുന്നു. ബാര്‍ ആന്‍ഡ് ബെഞ്ചിന്‍റെ ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ ക്ലിപ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

നവംബര്‍ 9നാണ് ഇന്ത്യയുടെ 50-ാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്തത്. ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി.ചന്ദ്രചൂഡിന്‍റെ മകനാണ് ഡി.വൈ ചന്ദ്രചൂഡ്.അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ.ചന്ദ്രചൂഡ്, 2016 മേയ് 13നാണ് സുപ്രീം കോടതി ജഡ്ജിയായത്. 2000 മാർച്ച് 29 മുതൽ ബോംബെ ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. അതിനു മുൻപ് അഡീഷനൽ സോളിസിറ്റർ ജനറലായിരുന്നു. വ്യക്തിയുടെ സ്വകാര്യത, പ്രായപൂർത്തിയായവർക്ക് ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം, സ്വവർഗാനുരാഗികളുടെ അവകാശം തുടങ്ങിയവ സ്ഥാപിച്ചുറപ്പിച്ച് അദ്ദേഹം വിധികളെഴുതിയിട്ടുണ്ട്.അയോധ്യയിലെ തർക്കഭൂമിയിൽ ക്ഷേത്ര നിർമാണമാകാമെന്നു വിധിച്ചത് ജസ്റ്റിസ് ചന്ദ്രചൂഡ് ഉൾപ്പെട്ട ബെഞ്ചാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News