'മോദിയെ ആരാണ് കൂടുതല്‍ അധിക്ഷേപിക്കുക എന്നതില്‍ കോണ്‍ഗ്രസില്‍ മത്സരമാണ്': രാവണന്‍ പരാമര്‍ശത്തിന് മറുപടിയുമായി പ്രധാനമന്ത്രി

ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

Update: 2022-12-01 08:13 GMT
Advertising

ഗാന്ധിനഗര്‍: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ രാവണൻ പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരാണ് മോദിയെ കൂടുതൽ അധിക്ഷേപിക്കുക, കൂടുതൽ മൂർച്ചയുള്ള അധിക്ഷേപം നടത്തുക എന്ന കാര്യത്തില്‍ കോൺഗ്രസിൽ മത്സരമുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഗുജറാത്തിലെ കലോലിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി.

"കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞത് മോദിയുടേത് നായയുടേത് പോലുള്ള മരണമായിരിക്കുമെന്നാണ്. മറ്റൊരാൾ പറഞ്ഞു മോദിയുടെ മരണം ഹിറ്റ്ലറുടേത് പോലെയായിരിക്കുമെന്ന്. തനിക്ക് അവസരം ലഭിച്ചാൽ താൻ തന്നെ മോദിയെ കൊല്ലുമെന്ന് വേറൊരാള്‍ പറഞ്ഞു. ചിലര്‍ രാവണനെന്നും രാക്ഷസനെന്നും വിളിച്ചു"- പ്രധാനമന്ത്രി പറഞ്ഞു.

അഹമ്മദാബാദിൽ ഒരു റാലിയെ അഭിസംബോധന ചെയ്തപ്പോള്‍ ഖാര്‍ഗെ നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കാണ് പ്രധാനമന്ത്രി മറുപടി നല്‍കിയത്- "മോദിജി പ്രധാനമന്ത്രിയാണ്. തന്‍റെ ജോലി മറന്ന് അദ്ദേഹം കോർപറേഷൻ തെരഞ്ഞെടുപ്പുകളിലും എം‌.എൽ‌.എ തെരഞ്ഞെടുപ്പുകളിലും എം.പി തെരഞ്ഞെടുപ്പുകളിലും എല്ലായിടത്തും പ്രചാരണം നടത്തുന്നു. എല്ലായ്‌പ്പോഴും അദ്ദേഹം തന്നെക്കുറിച്ച് സംസാരിക്കുന്നു- 'നിങ്ങൾ മറ്റാരെയും നോക്കേണ്ടതില്ല. നോക്കൂ. മോദിയെ കണ്ട് വോട്ട് ചെയ്യുക'. നിങ്ങൾ എത്ര തവണ നിങ്ങളുടെ മുഖം കാണുന്നു? നിങ്ങൾക്ക് എത്ര രൂപങ്ങളുണ്ട്? നിങ്ങൾക്ക് രാവണനെപ്പോലെ 100 തലകളുണ്ടോ?" എന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം.

ഗുജറാത്ത് തനിക്ക് തന്ന കരുത്ത് കോൺഗ്രസിന് വെല്ലുവിളിയായെന്ന് നരേന്ദ്ര മോദി പ്രതികരിച്ചു. ഇനിയും കൂടുതൽ കാര്യങ്ങൾ പറയണമെന്ന് കോൺഗ്രസിന് തോന്നി. അതിനാൽ അവർ ഖാർഗെയെ ഇങ്ങോട്ട് അയച്ചു. ഗുജറാത്ത് രാമഭക്തരുടെ സംസ്ഥാനമാണെന്ന് കോൺഗ്രസിന് അറിയില്ല. അവിടെയാണ് താന്‍ 100 തലയുള്ള രാവണനാണെന്ന് കോണ്‍ഗ്രസ് പറയുന്നതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News