ബംഗളൂരുവില്‍ പൊലീസ് കസ്റ്റഡിയില്‍ കോംഗോ സ്വദേശി മരിച്ചു: ബ്ലാക്ക് ലൈവ്സ് മാറ്റര്‍ മുദ്രാവാക്യവുമായി ആഫ്രിക്കന്‍ വംശജര്‍

ജെ സി നഗര്‍ സ്റ്റേഷന് മുന്നില്‍ പൊലീസും ആഫ്രിക്കന്‍ വംശജരും തമ്മില്‍ സംഘര്‍ഷമുണ്ടായി

Update: 2021-08-03 04:44 GMT
Advertising

ബംഗളൂരുവില്‍ പൊലീസ് കസ്റ്റഡിയില്‍ ആഫ്രിക്കന്‍ പൗരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം. മയക്കുമരുന്ന് കേസില്‍ ജെ.സി നഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത 27കാരനായ കോംഗോ സ്വദേശി ജോയലാണ് മരിച്ചത്.

പിന്നാലെ ജെ സി നഗര്‍ സ്റ്റേഷന് മുന്നില്‍ പൊലീസും ആഫ്രിക്കന്‍ വംശജരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധിച്ച ആഫ്രിക്കന്‍ വംശജരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് ബംഗളൂരു നോര്‍ത്തിലെ സ്റ്റേഷനിലേക്കു കൊണ്ടുപോയി.

ഞായറാഴ്ച രാത്രിയാണ് ജോയലിനെ ജെ സി നഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. എംഡിഎംഎ എന്ന മയക്കുമരുന്ന് കൈവശം വെച്ചതിനാണ് ജോയലിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ രക്ഷപ്പെട്ടു. രാത്രി നെഞ്ച് വേദനയുണ്ടായപ്പോള്‍ ഉടന്‍ ജോയലിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ കമല്‍ പന്ത് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ 6.45ഓടെ ജോയല്‍ ഹൃദയാഘാതം വന്ന് മരിച്ചെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. വിദ്യാര്‍ഥി വിസയിലെത്തിയ ജോയല്‍ 2017ല്‍ വിസാ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ തങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇന്നലെ ഉച്ചയോടെയാണ് സ്റ്റേഷന് മുന്നില്‍ ആഫ്രിക്കന്‍ വംശജര്‍ പ്രതിഷേധിച്ചത്. ഇരുപതോളം പേര്‍ ബംഗളൂരു പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. ബ്ലാക്ക് ലൈവ്സ് മാറ്റര്‍ മുദ്രാവാക്യവും പ്രതിഷേധത്തിലുയര്‍ന്നു. റോഡിലിറങ്ങി അവര്‍ ഗതാഗതം തടസ്സപ്പെടുത്തി. പിന്നാലെ പൊലീസ് ലാത്തിവീശിയതോടെ പലര്‍ക്കും പരിക്കേറ്റു. ഒരു യുവാവിനെ നാലോ അഞ്ചോ പൊലീസുകാര്‍ വളഞ്ഞിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. താനൊന്നും ചെയ്തിട്ടില്ലെന്ന് യുവാവ് പറയുന്നത് വീഡിയോയിലുണ്ട്. അയാളുടെ തല പൊട്ടി രക്തം വരുന്നുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റു.

ആഫ്രിക്കന്‍ വംശജര്‍ക്കതിരായ പൊലീസ് നടപടിയെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ന്യായീകരിച്ചു. പൊലീസിനെ അവര്‍ ആക്രമിച്ചപ്പോഴാണ് ലാത്തിവീശിയത്. വിസാകാലാവധി കഴിഞ്ഞിട്ടും ഇവിടെ തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. മയക്കുമരുന്ന് കടത്തിന്‍റെ ഭാഗമാകുന്നവരെ അറസ്റ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News