തെലങ്കാനയിൽ വിപ്ലവ കവി ഗദ്ദറിന്റെ മകളെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് നീക്കം
തെലുഗു വിപ്ലവകവിയും ഗായകനുമായ ഗദ്ദർ 2023 ആഗസ്റ്റ് ആറിനാണ് അന്തരിച്ചത്.
ഹൈദരാബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ അന്തരിച്ച വിപ്ലവ കവി ഗദ്ദറിന്റെ മകളെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് നീക്കം. എസ്.സി സംവരണ മണ്ഡലമായ സെക്കന്തരാബാദ് കന്റോൺമെന്റിൽ ഗദ്ദറിന്റെ മകൾ വെണ്ണേലയെ സ്ഥാനാർഥിയാക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. പിന്നാക്ക ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ തെലങ്കാനയിൽ ഗദ്ദറിന്റെ കുടുംബത്തിൽനിന്ന് ഒരു സ്ഥാനാർഥി വന്നാൽ സംസ്ഥാന വ്യാപകമായി അത് വലിയ നേട്ടമാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
തന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ചില ചർച്ചകൾ പ്രാദേശിക മാധ്യമങ്ങളിൽ കണ്ടുവെന്നും എന്നാൽ കോൺഗ്രസ് നേതാക്കളാരും ഔദ്യോഗികമായി സമീപിച്ചിട്ടില്ലെന്നും വെണ്ണേല പറഞ്ഞു. ഗദ്ദറിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ തങ്ങൾക്ക് ആഗ്രഹമുണ്ടെന്നും സീറ്റ് വാഗ്ദാനം ചെയ്താൽ മത്സരിക്കാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി.
തന്റെ അവസാന നാളുകളിൽ ഗദ്ദർ കോൺഗ്രസുമായി ചേർന്നു പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്നതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. അടുത്തിടെ കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിന് ഹൈദരാബാദിലെത്തിയ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ ഗദ്ദറിന്റെ ഭാര്യയേയും ബന്ധുക്കളെയും കണ്ട് അനുശോചനം അറിയിച്ചിരുന്നു.
കോൺഗ്രസിനെ പിന്തുണച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗദ്ദർ തയ്യാറായിരുന്നില്ല. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ടിക്കറ്റ് വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു.
തെലുഗു വിപ്ലവകവിയും ഗായകനുമായ ഗദ്ദർ 2023 ആഗസ്റ്റ് ആറിനാണ് അന്തരിച്ചത്. ഗുമ്മാഡി വിറ്റൽ റാവു എന്നാണ് യഥാർഥ പേരെങ്കിലും ഗദ്ദർ എന്ന മൂന്നക്ഷരത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.