ഡൽഹിയിൽ 46 വർഷത്തിനിടയിലെ റെക്കോർഡ് മഴ; വിമാനത്താവളം വെള്ളത്തിൽ- വിഡിയോ
1100 മില്ലിമീറ്റർ മഴ ഈ മൺസൂൺ കാലത്ത് ലഭിച്ചുകഴിഞ്ഞു, ഇത്രയുമധികം മഴ ഇതിന് മുമ്പ് ലഭിക്കുന്നത് 1975ലാണ്
ഡൽഹിയിൽ 46 വർഷത്തിനിടയിലെ റെക്കോർഡ് മഴ. ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്‍റെ ടെർമിനലിലും റൺവേയിലും വെള്ളം കയറി. നിരവധി വിമാനങ്ങൾ വൈകുകയും വഴിതിരിച്ച് വിടുകയും ചെയ്തു. റോഡുകളിലും വെള്ളം നിറഞ്ഞതോടെ ഗാതാഗതക്കുരുക്ക് രൂക്ഷമായി.
Delhi airport today 😱 pic.twitter.com/vS7mMJpeVD
— Varun Bahl🇮🇳 (@bahl65) September 11, 2021
കനത്ത മഴയെതുടർന്ന് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയോടെ 1100 മില്ലിമീറ്റർ മഴ ഈ മൺസൂൺ കാലത്ത് ലഭിച്ചുകഴിഞ്ഞു. ഇത്രയുമധികം മഴ ഇതിന് മുമ്പ് ലഭിക്കുന്നത് 1975ലാണ്. അന്ന് 1150 മില്ലിമീറ്ററാണ് ലഭിച്ചത്. സാധാരണഗതിയിൽ മൺസൂൺ കാലത്ത് ശരാശരി 648.9 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്താറ്.
It's #DelhiAirport or Delhi seaport?#DelhiRains pic.twitter.com/4dezQKdiqr
— priya singh (@priyasingh_Ak47) September 11, 2021
വിമാനത്താവളത്തിൽ വെള്ളം കയറിയതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. നിരവധി വിമാനസർവിസുകളെയാണ് മഴ പ്രതികൂലമായി ബാധിച്ചത്. ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികൾ തങ്ങളുടെ സർവിസുകൾ റീഷെഡ്യൂൾ ചെയ്തതായി അറിയിച്ചു. യാത്രക്കാരോട് വിമാനങ്ങളുടെ തൽസ്ഥിതി പരിശോധിക്കാനും നിർദേശം നൽകി. ജയ്പുർ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ വഴിതിരിച്ച് വിട്ടത്.
അതേസമയം, വിമാനത്താവള ടെർമിനലിൽ വെള്ളം കയറിയത് നീക്കിയെന്ന് അധികൃതർ അറിയിച്ചു. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.