'ബിഹാറിനെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല'; വിവാദ പരാമർശം പിൻവലിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

കഴിഞ്ഞ ദിവസം രാജ്യസഭയിൽ മന്ത്രി ബിഹാറിനെ അപമാനിക്കുന്ന തരത്തിൽ നടത്തിയ പരാമർശത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

Update: 2022-12-22 09:19 GMT
Advertising

ന്യൂഡൽഹി: വൻ പ്രതിഷേധമുയർന്നതിന് പിന്നാലെ ബിഹാറിനെതിരായ വിവാദ പരാമർശം കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പിൻവലിച്ചു. ചൊവ്വാഴ്ച രാജ്യസഭയിൽ ആർ.ജെ.ഡി അംഗം മനോജ് ഝാ പണപ്പെരുപ്പത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് ഗോയൽ ബിഹാറിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയത്. 'ഝാക്ക് അദ്ദേഹത്തിന്റെതായ വഴിയുണ്ടെങ്കിൽ രാജ്യം മുഴുവൻ അദ്ദേഹം ബിഹാറാക്കി മാറ്റും' എന്നായിരുന്നു മന്ത്രിയുടെ പരാമർശം.

ഉടൻ തന്നെ മനോജ് ഝാ പ്രതിഷേധമറിയിച്ചു. ''സർ, ഇത് ബിഹാറിനെ അപമാനിക്കലാണ്. പിയൂഷ് ജി, കൂപ്പുകൈകളോടെ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു, ഞങ്ങളെ എന്ത് വേണമെങ്കിലും പറഞ്ഞോളൂ, പക്ഷേ ബിഹാറിനെക്കുറിച്ച് പറയരുത്''-ഝാ പറഞ്ഞു.

ഇന്ന് രാവിലെ മന്ത്രി വിശദീകരണവുമായി രംഗത്തെത്തി. ''ബിഹാറിനെയോ ബിഹാറിലെ ജനങ്ങളെയോ അപമാനിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. അത് ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ ഞാൻ എത്രയും വേഗം ആ പ്രസ്താവന പിൻവലിക്കുന്നു''-പിയൂഷ് ഗോയൽ വ്യക്തമാക്കി.

പ്രസ്താവന പിൻവലിച്ചാൽ പോരെന്നും മന്ത്രി പരസ്യമായി മാപ്പ് പറയണമെന്നും ബിഹാറിൽനിന്നുള്ള എം.പിമാർ ആവശ്യപ്പെട്ടു. മന്ത്രി മാപ്പ് പറയാൻ തയ്യാറാവുന്നില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അത്തരം പരാമർശങ്ങൾ അംഗീകരിക്കുന്നു എന്നാണ് തെളിയിക്കുന്നതെന്നും മനോജ് ഝാ പറഞ്ഞു.

പിയൂഷ് ഗോയലിന്റെ വിവാദ പരാമർശത്തിന്റെ വീഡിയോ പങ്കുവെച്ച ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും വിമർശനവുമായി രംഗത്തെത്തി. വിവേക ശൂന്യനും അഹങ്കാരിയുമായ കേന്ദ്രമന്ത്രി ബിഹാറിനെയും ബിഹാറികളെയും അപമാനിക്കുന്നത് നോക്കൂ. രണ്ടരലക്ഷം കോടി രൂപയുടെ പദ്ധതി സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയിൽനിന്ന് ഗുജറാത്തിലേത്ത് മാറ്റിയത് കണ്ടിട്ടും ഒരു വാക്കുപോലും മിണ്ടാത്ത ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ നിലപാട് അതിൽ വ്യക്തമാണ്‌

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News