എൻ.എസ്.ഇ മുൻ മേധാവി ചിത്ര രാമകൃഷ്ണനെ ഇ.ഡി അറസ്റ്റ് ചെയ്തു
രാവിലെ ചിത്ര രാമകൃഷ്ണനെ പ്രത്യേക സിബിഐ ജഡ്ജിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു
Update: 2022-07-14 11:09 GMT
മുംബൈ: എൻ.എസ്.ഇ കോ-ലൊക്കേഷൻ അഴിമതിക്കേസിൽ മുൻ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സി.ഇ.ഒ ചിത്ര രാമകൃഷ്ണനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ചിത്ര രാമകൃഷ്ണനെ പ്രത്യേക സിബിഐ ജഡ്ജിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. മുൻ എൻഎസ്ഇ ജീവനക്കാരൻ ആനന്ദ് സുബ്രഹ്‌മണ്യം ഉൾപ്പെട്ട കേസിൽ മാർച്ചിൽ സിബിഐ ഇവരെ അറസ്റ്റ് ചെയ്തിരുന്നു.
ആനന്ദ് സുബ്രഹ്‌മണ്യനെ ചീഫ് സ്ട്രാറ്റജിക് അഡൈ്വസറായി നിയമിച്ചതിലും ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിച്ചതിലുമുള്ള വീഴ്ചകൾ സെബി കണ്ടെത്തിയിരുന്നു. ഹിമാലയത്തിൽ താമസിക്കുന്ന ഒരു യോഗിയുമായി ഇമെയിൽ വഴി എൻഎസ്ഇയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പങ്കുവെച്ചു എന്നായിരുന്നു ആരോപണം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആനന്ദ് സുബ്രഹ്‌മണ്യം തന്നെയാണ് ഈ യോഗിയെന്ന് സംശയിക്കുന്നു.