ബിബിസിക്കെതിരെ കേസെടുത്ത് ഇ.ഡി; നടപടി വിദേശ നാണയ വിനിമയ ചട്ട പ്രകാരം
ബിബിസിയിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരോട് ഹാജരാകാൻ ആവശ്യപ്പെട്ടു
ഡല്‍ഹി: ബിബിസിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. വിദേശ നാണയ വിനിമയ നിയന്ത്രണ ചട്ടം (ഫെമ) ലംഘിച്ചെന്ന് ആരോപിച്ചാണ് കേസെടുത്തത്. ബിബിസിയിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരോട് ഹാജരാകാൻ ആവശ്യപ്പെട്ടെന്നാണ് വിവരം.
ബിബിസിയുടെ മുംബൈ, ഡല്‍ഹി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. മൂന്നു ദിവസം നീണ്ട റെയ്ഡാണ് നടത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ ലാപ്ടോപ്പുകള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിച്ചു. റെയ്ഡല്ല, ബിബിസി ഇന്ത്യയുടെ 2012 മുതലുള്ള സാമ്പത്തിക രേഖകളുടെ സർവേയാണ് നടന്നതെന്നാണ് അന്ന് ആദായ നികുതി വകുപ്പ് അറിയിച്ചത്.
ബിബിസി നികുതിയുടെ കാര്യത്തില്‍ രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നും ലാഭവിഹിതം രാജ്യത്തു നിന്ന് കൊണ്ടുപോകുന്ന കാര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നുമാണ് ആദായ നികുതി വകുപ്പിന്‍റെ ആരോപണം. ബിബിസി ഓഫിസുകളിൽനിന്നു കണ്ടെത്തിയ വരുമാന– ലാഭ കണക്കുകൾ അവരുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളും തമ്മിൽ യോജിക്കുന്നില്ല, ബിബിസി ഗ്രൂപ്പിന്റെ വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചില പണമിടപാടുകൾക്ക് നികുതി കൃത്യമായ അടച്ചിട്ടില്ല, ഇന്ത്യയിലെ പ്രവർത്തനങ്ങളിൽനിന്ന് ലഭിച്ച വരുമാനം വിദേശത്തേക്ക് വകമാറ്റി തുടങ്ങിയവയാണ് ആദായനികുതി വകുപ്പിന്‍റെ മറ്റ് ആരോപണങ്ങള്‍.
2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്ററി 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' പുറത്തുവന്നതിനു പിന്നാലെ നടന്ന റെയ്ഡിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഡോക്യുമെന്‍ററിക്ക് സമൂഹ മാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.