'കാലാവധി നീട്ടാന്‍ ഇനി അപേക്ഷയുമായി വരരുത്': ഇ.ഡി ഡയറക്ടര്‍ എസ്.കെ മിശ്രയുടെ കാലാവധി നീട്ടി സുപ്രിംകോടതി
സെപ്തംബർ 15 വരെയാണ് കാലാവധി നീട്ടിനൽകിയത്
ഡല്‍ഹി: ഇ.ഡി ഡയറക്ടർ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി സുപ്രിംകോടതി നീട്ടി. സെപ്തംബർ 15 വരെയാണ് കാലാവധി നീട്ടിനൽകിയത്. ഒക്ടോബർ 15 വരെ കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരാണ് സുപ്രിംകോടതിയെ സമീപിച്ചത്.
ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് പ്രതിനിധികള്‍ (എഫ്.എ.ടി.എഫ്) ഇന്ത്യ സന്ദര്‍ശിക്കുന്നത് പരിഗണിച്ചാണ് തീരുമാനം. നിരീക്ഷണ സമിതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത്, രാജ്യതാത്പര്യം മുന്‍നിര്‍ത്തി കാലാവധി നീട്ടി നൽകണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. കാലാവധി നീട്ടി നല്‍കാനുള്ള അപേക്ഷയുമായി ഇനി സമീപിക്കരുതെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടു.
ഇ.ഡി മേധാവിയുടെ കാലാവധി മൂന്നാം തവണയും നീട്ടുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. 2021ലെ വിധിയുടെ ലംഘനമാണെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. എന്നിരുന്നാലും സുഗമമായ അധികാര കൈമാറ്റം അനുവദിക്കുന്നതിനായി ജൂലൈ 31 വരെ ഓഫീസിൽ തുടരാൻ എസ്.കെ മിശ്രയ്ക്ക് അനുമതി നൽകുകയായിരുന്നു. പിന്നാലെയാണ് എസ്.കെ മിശ്രയ്ക്ക് ഒക്ടോബർ 15 വരെ കാലാവധി നീട്ടി നൽകണമെന്ന കേന്ദ്ര ആവശ്യം അംഗീകരിക്കാതെ, സെപ്തംബർ 15 വരെ കാലാവധി നീട്ടിനല്‍കിയത്.
Summary- The Supreme Court on Thursday allowed Sanjay Kumar Mishra to continue as the director of the Enforcement Directorate (ED) till September 15