പൊലീസ് ജീപ്പ് മോഷ്ടിച്ച് 112 കി.മീറ്റർ റോഡ് ട്രിപ്പ്

ജോലിയുടെ ഭാഗമായി സംസ്ഥാനത്തും പുറത്തുമെല്ലാം വലിയ വാഹനങ്ങളടക്കം ഓടിച്ചിട്ടുണ്ടെങ്കിലും ഒരു പൊലീസ് ജീപ്പ് ഓടിക്കുക എന്ന മോഹം മനസിൽ ബാക്കിയായിരുന്നു. ഇതു യാഥാർഥ്യമാക്കാൻ മോഷണം മാത്രമായിരുന്നു മുന്നിൽകണ്ട മാർഗം

Update: 2022-02-05 14:37 GMT
Editor : Shaheer | By : Web Desk
Advertising

പൊലീസ് ജീപ്പ് മോഷ്ടിച്ച് 112 കി.മീറ്റർ റോഡ് ട്രിപ്പ് നടത്തി 45കാരൻ. ബെംഗളൂരുവിലാണ് അനിഗേരി സ്വദേശിയായ നാഗപ്പ ഹഡാപാഡിനെ മോഷ്ടിച്ച ജീപ്പുമായി പൊലീസ് പിടികൂടിയത്. പൊലീസ് ജീപ്പ് ഓടിക്കുക എന്നത് സ്വപ്‌നമായിരുന്നെന്നും അതു പൂർത്തീകരിക്കാനായിരുന്നു മോഷണമെന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി.

നഗരത്തിലെ പ്രമുഖ ലോജിസ്റ്റിക് സ്ഥാപനത്തിൽ ഡ്രൈവറാണ് നാഗപ്പ. ജോലിയുടെ ഭാഗമായി സംസ്ഥാനത്തും പുറത്തുമെല്ലാം ട്രക്ക് അടക്കമുള്ള വലിയ വാഹനങ്ങളെല്ലാം ഓടിച്ചിട്ടുണ്ട്. അപ്പോഴും ഒരു പൊലീസ് ജീപ്പ് ഓടിക്കുക എന്ന മോഹം മനസിൽ ബാക്കിയായിരുന്നു. ഇതു യാഥാർഥ്യമാക്കാൻ മോഷണം മാത്രമായിരുന്നു മുന്നിൽകണ്ട മാർഗമെന്നും ഇയാൾ വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയ്ക്കായിരുന്നു അനിഗേരി സ്റ്റേഷനിൽ നാഗപ്പ എത്തുന്നത്. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ജീപ്പ് ശ്രദ്ധയിൽപെട്ട് പോയി നോക്കുമ്പോൾ ചാവിയുമുണ്ടായിരുന്നു. ഉടൻ തന്നെ ജീപ്പെടുത്ത് സ്ഥലം കാലിയാക്കുകയായിരുന്നു. തുടർന്ന് അനിഗേരിയിൽനിന്ന് 112 കി.മീറ്റർ അകലെയുള്ള ഹാവേരിയിൽ വരെ ജീപ്പ് ഓടിച്ചുപോയെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.

രാത്രിനേരത്തെ ദീർഘഡ്രൈവിങ്ങിന്റെ ക്ഷീണത്തിൽ ഹാവേരിയിലെത്തിയപ്പോൾ പാതയോരത്ത് ജീപ്പ് നിർത്തി അതിനകത്തുതന്നെ ഉറങ്ങി. ഈ സമയത്ത് ഇതുവഴി പോയ നാട്ടുകാർ പൊലീസ് വാഹനം നിർത്തിയിട്ടതുകണ്ട് സംശയം തോന്നി ചെന്നപ്പോഴാണ് നാഗപ്പ ഉറങ്ങുന്നതു കണ്ടത്. ഇയാളെ ഒരു പൊലീസുകാരനെപ്പോലെ തോന്നിക്കാത്തതിനാൽ ഉടൻ തന്നെ തൊട്ടടുത്തുള്ള ധർവാഡ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിച്ചു.

തുടർന്ന് ധർവാഡ് പൊലീസെത്തിയാണ് നാഗപ്പയെ പിടികൂടിയത്. ഇയാൾ മാനസികരോഗിയാണെന്ന് സംശയിക്കുന്നതായി ധർവാഡ് പൊലീസ് സൂപ്രണ്ട് പി. കൃഷ്ണകാന്ത് പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമൊന്നും ഇയാൾക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, വാഹനമോഷണത്തിന് ഐ.പി.സി സെക്ഷൻ 379 പ്രകാരം കേസെടുത്തിട്ടുണ്ട്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News