അഗ്നിപഥ് പ്രതിഷേധക്കാർക്ക് നേരെ ബിഹാറിൽ വെടിവെപ്പ്
ബിഹാറിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. അഗ്നിപഥിനെതിരെ ഇന്നും വിവിധ നഗരങ്ങളിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്.
പട്‌ന: അഗ്നിപഥ് പ്രതിഷേധക്കാർക്ക് നേരെ ബിഹാറിൽ വെടിവെപ്പ്. തരെഗ്ന റെയിൽവേ സ്റ്റേഷനിലാണ് വെടിവെപ്പുണ്ടായത്. ഇവിടെ ഏറെ നേരമായി പ്രതിഷേധം നിലനിന്നിരുന്നു. റോഡിൽ തീവെപ്പ് നടത്തി ഗതാഗതം തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് പൊലീസ് വെടിവെച്ചത്. ആർക്കെങ്കിലും പരിക്കുണ്ടോ എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ബിഹാറിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. അഗ്നിപഥിനെതിരെ ഇന്നും വിവിധ നഗരങ്ങളിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. റോഡിൽ ടയറുകളും മറ്റു വസ്തുക്കളും കൂട്ടിയിട്ട് കത്തിച്ച പ്രതിഷേധക്കാർ വാഹനങ്ങളും അഗ്നിക്കിരയാക്കി.
പ്രതിഷേധം കനത്തതോടെ ഉദ്യോഗാർഥികളെ അനുനയിപ്പിക്കാൻ സർക്കാർ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. അഗ്നിപഥിൽ ചേരാനുള്ള പ്രായപരിധി 26 വയസ്സാക്കി ഉയർത്തുമെന്നാണ് സൂചന. അഗ്നിപഥിൽനിന്ന് വിരമിക്കുന്നത് സൈന്യത്തിലും കേന്ദ്ര പൊലീസ് സേനകളിലും 10 ശതമാനം സംവരണം ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.