വാറ്റുചാരായത്തിന്റെ ടാങ്കിൽ വീണ് ഉടമയും തൊഴിലാളികളും മരിച്ചു
അസമിലെ ടിൻസുകിയ ജില്ലയിലെ ടിപുക് ടീ എസ്റ്റേറ്റിലാണ് സംഭവം.
Update: 2023-08-11 11:22 GMT
ഗുവാഹത്തി: അസമിൽ വാറ്റുചാരായത്തിന്റെ ടാങ്കിൽ വീണ് നാല് മരണം. അനധികൃത വാറ്റുകേന്ദ്രത്തിന്റെ ഉടമ പ്രസാദ് റായും മൂന്ന് തൊഴിലാളികളുമാണ് മരിച്ചത്. അസമിലെ ടിൻസുകിയ ജില്ലയിലെ ടിപുക് ടീ എസ്റ്റേറ്റിലാണ് സംഭവം. 'സൂലൈ' എന്നറിയപ്പെടുന്ന നാടൻ വാറ്റ് നിർമാണത്തിനിടെയാണ് അപകടം.
വാറ്റ് നിർമാണത്തിനിടെ കാൽതെറ്റി ടാങ്കിൽ വീഴുകയായിരുന്നു. നാടൻ മദ്യം നിർമിക്കാൻ രാസവസ്തുക്കൾ ഉപയോഗിച്ചതിനാൽ ഏതെങ്കിലും തരത്തിലുള്ള വിഷവാതകം ശ്വസിച്ചതാകാം മരണ കാരണമെന്നാണ് പ്രഥമിക നിഗമനം.
തേയില തോട്ടങ്ങളിലെ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് പ്രസാദ് റായുടെ വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ വർഷം ഈ അനധികൃത വാറ്റ് കേന്ദ്രം എക്സൈസ് പൂട്ടിച്ചിരുന്നു. എന്നാൽ, ഇയാൾ വീണ്ടും വാറ്റ് നിർമാണം ആരംഭിക്കുകയായിരുന്നു.