കൂറുമാറ്റം തടയാൻ സത്യം ചെയ്യിക്കൽ; തന്ത്രങ്ങളൊന്നും ഫലം കണ്ടില്ല, ഗോവയിൽ തകർന്നടിഞ്ഞ് കോൺഗ്രസ്

ഇക്കുറി ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാന്‍ പോലും കോണ്‍ഗ്രസിനായില്ല

Update: 2022-03-10 10:49 GMT
Advertising

ഇക്കുറി വലിയ പ്രതീക്ഷയോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ഗോവയിൽ  തകർന്നടിഞ്ഞ് കോൺഗ്രസ്. കഴിഞ്ഞ തവണ ഗവർമെന്റ് രൂപീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും 17 സീറ്റുമായി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നു. എന്നാൽ ഇക്കുറി ഗോവയിൽ അത്ര പോലും മുന്നേറ്റമുണ്ടാക്കാൻ കോൺഗ്രസിനായില്ല. ആകെ 40 സീറ്റുകളിൽ 20 ഇടത്ത് ലീഡ് ചെയ്യുന്ന ബി.ജെ.പി ഇക്കുറി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്ന് ഉറപ്പായി.

2017ൽ ബി.ജെ.പിക്ക് ആകെ 13 സീറ്റാണ് ഗോവയിലുണ്ടായിരുന്നത്. എന്നാൽ അന്ന് ചെറുകക്ഷികളെ കൂടെനിർത്തി ബി.ജെ.പി സർക്കാർ രൂപീകരിച്ചു. രണ്ട് വർഷം കഴിഞ്ഞ് കോൺഗ്രസിലെ 15 എം.എൽ.എമാർ ബി.ജെ.പിയിൽ ചേരുകയും ചെയ്തതോടെ ബി.ജെ.പിക്ക് ഭരണം എളുപ്പമായി.  തെരഞ്ഞെടുക്കപ്പെട്ട  17 ല്‍ 15 പേരും കൂറുമാറിയതോടെ കോണ്‍ഗ്രസിന് ആകെ രണ്ട് എം.എല്‍.എ മാര്‍ മാത്രമാണ് അവസാനം അവശേഷിച്ചിരുന്നത്. 

ഇക്കുറി കുതിരക്കച്ചവടമടക്കം ബി.ജെ.പി യുടെ മുഴുവന്‍ തന്ത്രങ്ങളെയും തടയാൻ കരുതലോടെയാണ് കോൺഗ്രസ് നീക്കങ്ങൾ നടത്തിയത്. മൊത്തം സ്ഥാനാർത്ഥികളെ അമ്പലങ്ങളിലും പള്ളികളിലുമൊക്കെ എത്തിച്ച് ജയിച്ചാലും തോറ്റാലും പാർട്ടിക്കൊപ്പം ഉറച്ചു നിൽക്കുമെന്നും കൂറുമാറില്ലെന്നും പാർട്ടി സത്യം ചെയ്യിക്കുക വരെ ചെയ്തു. രാജ്യം ഒന്നടങ്കം കോണ്‍ഗ്രസിനെ നോക്കി പരിഹാസച്ചിരി ചിരിച്ചപ്പോഴും ഗോവയില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ഫലം പുറത്തുവരുമ്പോള്‍ ഗോവ ഇക്കുറിയും കോണ്‍ഗ്രസിനെ തുണക്കില്ലെന്ന്  ഉറപ്പായി.

ഗോവയിൽ വോട്ടെണ്ണൽ പൂർത്തിയാവും മുമ്പേ സർക്കാര്‍ രൂപീകരണത്തിന് ബി.ജെ.പി അവകാശവാദമുന്നയിച്ച് കഴിഞ്ഞു. ഉടൻ തന്നെ ഗവർണറെ കാണുമെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു. ഗോവയില്‍ 20 സീറ്റുകളിൽ ബിജെ.പി മുന്നേറ്റം തുടരുകയാണ്. കേവലഭൂരിപക്ഷത്തിന് 21 സീറ്റാണ് വേണ്ടത്. കഴിഞ്ഞ തവണത്തേത് പോലെ ചെറുകക്ഷികളെ കൂടെ നിർത്തി ഗവർമെന്‍റ് രൂപീകരിക്കാനാവും എന്ന് തന്നെയാണ് ബി.ജെ.പി ഉറച്ച് വിശ്വസിക്കുന്നത്. മൂന്ന് സീറ്റുകളില്‍ ലീഡ് ചെയ്യുന്ന എം.ജി.പി ബി.ജെ.പിക്കൊപ്പം നില്‍ക്കുമെന്നാണ് സൂചനകള്‍.

മൂന്നിടങ്ങളിൽ സ്വതന്ത്രരും മൂന്നിടങ്ങളിൽ മഹാരാഷ്ട്രവാദി ഗോമന്തക് പാർടിയുമാണ് മുന്നിലുള്ളത്. ഇവരുടെ നിലപാട് നിർണായകമാണ്. രണ്ടിടത്ത് ആം ആദ്മി പാർട്ടിയും ലീഡ് ചെയ്യുന്നുണ്ട്. ബിജെപി ഒഴികെയുള്ളവർ മുഴുവൻ പിന്തുണച്ചാലെ കോൺഗ്രസിന് ഭരണ സാധ്യത ഉള്ളൂ.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News