ഗ്രേറ്റര്‍ നോയിഡയിൽ കോളേജ് വിദ്യാർഥിനിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സഹപാഠി ജീവനൊടുക്കി
സ്നേഹ ചൗരസ്യയാണ് മരിച്ചത്. ശിവ്നാടാർ സർവകലാശാല വിദ്യാർഥികളാണ് ഇരുവരും
ഗ്രേറ്റര്‍ നോയിഡ: ഡൽഹി ഗ്രേറ്റര്‍ നോയിഡയിൽ കോളേജ് വിദ്യാർഥിനിയെ വെടിവെച്ച് കൊലപ്പെടുത്തി. വെടിവെച്ച ശേഷം സഹപാഠിയായ അനൂജ് ആത്മഹത്യ ചെയ്തു. സ്നേഹ ചൗരസ്യയാണ് മരിച്ചത്. ശിവ്നാടാർ സർവകലാശാല വിദ്യാർഥികളാണ് ഇരുവരും .
മൂന്നാം വർഷ ബിഎ വിദ്യാർഥിയാണ് അനൂജ്. വ്യാഴാഴ്ച ഉച്ചക്ക് 1.30ഓടെ യൂണിവേഴ്സിറ്റി കാമ്പസില്‍ വച്ചാണ് സംഭവം. സഹപാഠിയെ കൊലപ്പെടുത്തിയതിനു ശേഷം അനൂജ് സ്വയം വെടിവയ്ക്കുകയായിരുന്നു.സംഭവത്തിന് ഉപയോഗിച്ച നാടൻ പിസ്റ്റൾ എങ്ങനെ, എവിടെ നിന്നാണ് അനൂജ് വാങ്ങിയതെന്ന് അന്വേഷിക്കുന്നുണ്ടെങ്കിലും സ്‌നേഹയുടെ കുടുംബത്തിൽ നിന്ന് ഞങ്ങൾക്ക് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഗ്രേറ്റ് നോയിഡ) സാദ് മിയ ഖാൻ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇരുവരും ഒന്നര വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നുവെന്നും ഇടയ്ക്ക് എപ്പോഴോ ബന്ധം അവസാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുമായി പൊരുത്തപ്പെടാന്‍ സാധിക്കാതിരുന്ന അനൂജ് സ്നേഹയെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു.
യുപിയിലെ അംറോഹ സ്വദേശിയാണ് അനൂജ്. സ്നേഹ കാണ്‍പൂര്‍ സ്വദേശിയും. വ്യാഴാഴ്ച ഇരുവരുടെയും കുടുംബങ്ങൾ ഗ്രേറ്റർ നോയിഡയിൽ എത്തിയതായി പൊലീസ് പറഞ്ഞു.രോഷാകുലരായ സ്നേഹയുടെ മാതാപിതാക്കള്‍ കാമ്പസിനുള്ളിലെ സുരക്ഷയെക്കുറിച്ച് ചോദ്യം ചെയ്തു. ''യൂണിവേഴ്സിറ്റിയിലെ സുരക്ഷാ സംവിധാനത്തെക്കുറിച്ച് യുവതിയുടെ പിതാവ് ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഞങ്ങൾ ആ വഴിയുംഅന്വേഷിക്കുകയാണ്," ഖാൻ പറഞ്ഞു.അതിനിടെ, തനിക്ക് മാരകരോഗമുണ്ടെന്ന് അനൂജ് പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് ഡിസിപി ഖാൻ പറഞ്ഞു.