വിവാഹച്ചടങ്ങിനിടെ സ്ത്രീധനം ചോദിച്ചു; വരനെ മരത്തില്‍ കെട്ടിയിട്ട് വധുവിന്റെ കുടുംബം
വധൂവരന്മാര്‍ പരസ്പരം മാലകളിടുന്ന ചടങ്ങിന് മുന്‍പാണ് സ്ത്രീധനം വേണമെന്ന് വരന്‍ ആവശ്യപ്പെട്ടത്
ലഖ്‌നൗ: വിവാഹ ചടങ്ങിനിടെ സ്ത്രീധനം ആവശ്യപ്പെട്ട വരനെ മരത്തിൽ കെട്ടിയിട്ട് വധുവിന്റെ കുടുംബം. ഉത്തർപ്രദേശിലെ പ്രതാപ്‍ഗഡിലാണ് സംഭവം. ഹരഖ്പൂര്‍ സ്വദേശി അമര്‍ജീത് വര്‍മയെയാണ് വധുവിന്‍റെ വീട്ടുകാര്‍ കെട്ടിയിട്ടത്.
വധൂവരന്മാര്‍ പരസ്പരം മാലകളിടുന്ന 'ജയ് മാല' ചടങ്ങിന് തൊട്ടുമുന്‍പാണ് സ്ത്രീധനം വേണമെന്ന ആവശ്യം അമര്‍ജീത് വര്‍മ ഉന്നയിച്ചത്. വധുവിന്റെ കുടുംബം കുറച്ചുസമയം നല്‍കണമെന്ന് പറഞ്ഞിട്ടും വരന്‍ കേട്ടില്ല. തുടര്‍ന്നാണ് വധുവിന്‍റെ വീട്ടുകാര്‍ വരനെ മരത്തില്‍ കെട്ടിയിട്ടത്.
വിവാഹച്ചടങ്ങിനെത്തിയ അമര്‍ജീതിന്‍റെ സുഹൃത്തുക്കള്‍ അപമര്യാദയായി പെരുമാറിയതോടെയാണ് തര്‍ക്കം തുടങ്ങിയത്. ഇതിനിടെയാണ് വരൻ സ്ത്രീധനം ആവശ്യപ്പെട്ടത്. വധുവിന്‍റ വീട്ടുകാര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും വരനും സംഘവും വഴങ്ങിയില്ല. ഇതോടെയാണ് വരനെയും വീട്ടുകാരെയും വധുവിന്റെ കുടുംബം ബന്ദിയാക്കിയത്.
മാന്ധട പൊലീസ് എത്തിയാണ് അമര്‍ജീത്തിനെ മോചിപ്പിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വധൂവരന്മാരുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും ഒത്തുതീര്‍പ്പില്‍ എത്താന്‍ കഴിഞ്ഞില്ല. വിവാഹച്ചടങ്ങുകള്‍ക്കായി ചെലവഴിച്ച തുക വരന്‍റെ കുടുംബം നല്‍കണമെന്ന് വധുവിന്‍റെ കുടുംബം ആവശ്യപ്പെട്ടു.
Summary- A groom in Uttar Pradesh's Pratapgarh landed in trouble after he demanded dowry right before exchanging garlands. The bride's family tied him to the tree with a rope.