ശിവാജി പ്രതിമക്ക് പിന്നാലെ പട്ടേല്‍ പ്രതിമയിലേക്കുള്ള റോഡും തവിടുപൊടി; വീഡിയോ
ഗുജറാത്തില്‍ കുറച്ചു ദിവസമായി പെയ്യുന്ന കനത്ത മഴയിലാണ് റോഡ് തവിടുപൊടിയായത്
വഡോദര: കോടികള്‍ മുടക്കി നിര്‍മിച്ച മഹാരാഷ്ട്രയിലെ ഛത്രപതി ശിവാജിയുടെ കൂറ്റന്‍ പ്രതിമ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ നിലംപതിച്ചതിന്‍റെ നാണക്കേട് മാറും മുന്‍പെ ഗുജറാത്തിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്കുള്ള റോഡ് തരിപ്പണമായി. ഗുജറാത്തില്‍ കുറച്ചു ദിവസമായി പെയ്യുന്ന കനത്ത മഴയിലാണ് റോഡ് തവിടുപൊടിയായത്. പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായ റോഡിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഗുജറാത്തിലെ വഡോദരയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള സര്‍ദാര്‍ സരോവര്‍ ഡാമില്‍ സ്ഥിതി ചെയ്യുന്ന സാധു ബെറ്റ് ദ്വീപ് എന്ന ചെറു ദ്വീപിലാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുള്ള റോഡാണ് ബുധനാഴ്ച തകര്‍ന്നത്. ദഭോയ് റോഡിലെ രാജ്വി ക്രോസിംഗിന് സമീപമുള്ള ഹൈവേയിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടതിനാൽ അപകടങ്ങൾ തടയാൻ റോഡ് അടച്ചിടേണ്ടി വന്നു. റോഡിന്‍റെ മറുവശം ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച റോഡ് തകര്‍ന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിക്കുന്നവർ ഇതുവഴി പോകുന്നതിനാൽ ഈ റോഡ് തിരക്കേറിയതാണ്.
അതിനിടെ ഗുജറാത്തില്‍ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയിൽ മരണം 35 കടന്നു.ദേവഭൂമി ദ്വാരക, ജാംനഗർ, പോർബന്തർ, രാജ്‌കോട്ട് എന്നിവിടങ്ങളിൽ അതിശക്തമായ മഴ തുടരുകയാണ്. കനത്ത മഴയിൽ രാജ്‌കോട്ട് വിമാനത്താവളത്തിൻ്റെ മതിൽ തകർന്നു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
2018ലാണ് ഒക്ടോബര്‍ 31നാണ് ഏകതാ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്. 2989 കോടി രൂപയ്ക്കാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നർമ്മദയുടെ തീരത്ത് പണിതുയർത്തിയത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണിത്. നാല് വര്‍ഷങ്ങള്‍ കൊണ്ടാണ് പ്രതിമയുടെ പണി പൂര്‍ത്തീകരിച്ചത്. താഴെനിന്നും ഈ പ്രതിമയുടെ ആകെ ഉയരം 240 മീറ്റർ ആണ്. ഇതിൽ 182 മീറ്ററാണ് പട്ടേൽ ശില്പത്തിന്റെ ഉയരം. ഉരുക്കുകൊണ്ടുള്ള ഘടനയിൽ പ്രബലിത സിമറ്റ് കോൺക്രീറ്റ് ഉപയോഗിച്ചാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പുറമെ വെങ്കലംകൊണ്ട് പൊതിഞ്ഞിരിക്കുന്നു
അതേസമയം എട്ട് മാസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത 35 അടി ഉയരമുള്ള ശിവാജിയുടെ പ്രതിമയാണ് തിങ്കളാഴ്ച ഒരുമണിയോടെ നിലം പതിച്ചത്.സ്‌ക്രൂകളും ബോള്‍ട്ടും തുരുമ്പെടുത്തതാണ് കൂറ്റന്‍ പ്രതിമ നിലംപതിക്കാന്‍ കാരണമായതെന്ന നിരീക്ഷണത്തിലാണ് പിഡബ്ല്യുഡി.പ്രതിമയുടെ നിര്‍മ്മാണ ടെന്‍ഡറില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ഉദ്ധവ് താക്കറെ വിഭാഗം ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തിയിരുന്നു.