ഹരിയാനയിൽ യുവാക്കളെ ചുട്ടുകൊന്ന സംഭവം: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകണമെന്ന് ജമാഅത്തെ ഇസ്‍ലാമി

'ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം ധനസഹായം നൽകണം'

Update: 2023-02-23 08:59 GMT
Editor : Lissy P | By : Web Desk
Advertising

ഗുരുഗ്രാം: ഹരിയാനയിൽ കാലിക്കടത്ത് ആരോപിച്ച് കൊല ചെയ്യപ്പെട്ട മുസ്‌ലിം വ്യാപാരികളുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകണമെന്ന് ജമാഅത്തെ ഇസ്‍ലാമി. ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം ധനസഹായം നൽകണം. കുടുംബങ്ങൾക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും കൊല്ലപ്പെട്ട രാജസ്ഥാൻ സ്വദേശികളുടെ വീട് സന്ദർശിച്ച ജമാഅത്ത് സംഘം പറഞ്ഞു.

ജമാഅത്ത് ഉപാധ്യക്ഷൻ എഞ്ചി. മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്. നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്ന് എഞ്ചി. മുഹമ്മദ് സലീം പറഞ്ഞു. 'നിയമ സഹായം നൽകുന്ന APCRന് ജമാഅത്ത് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.  കേസ് അന്വേഷണത്തിൽ വീഴ്ചകൾ വരുത്തി പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ജമാഅത്തെ ഇസ്‍ലാമി പ്രതിനിധി സംഘം കുറ്റപ്പെടുത്തി.

മരിച്ചവരുടെ ബന്ധുക്കളോടും നാട്ടുകാരോടും ജമാഅത്ത് സംഘം ചർച്ച നടത്തി. ജമാഅത്തെ ഇസ്‌ലാമി ദേശീയ ഉപദേശക സമതി അംഗം ഡോ.എസ് ക്യു ആർ ഇല്ല്യാസ്, ജമാഅത്ത്ത് ഇസ്‌ലാമി മേവാത്ത് ജില്ലാ പ്രസിഡന്റ് ഉബൈദുർ റഹ്മാൻ, പബ്ലിക് റിലേഷൻ അസ്സി.സെക്രട്ടറി ലഈഖ് അഹമ്മദ് ഖാൻ, സയ്യദ് ഖാലിഖ് അഹമ്മദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

രാജസ്ഥാനിലെ ഭരത്പൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ നാസിർ (27), ജുനൈദ് (35) എന്നിവരെയാണ് ഹരിയാനയിലെ ഭീവാനിയിൽ ചുട്ടുകൊന്ന നിലയിൽ കണ്ടെത്തിയത്. ബജ്‌റംഗദൾ പ്രവർത്തകരായ പശു സംരക്ഷക ഗുണ്ടകളാണ് കൊലപാതകം നടത്തിയതെന്നാണ് കുടുംബത്തിന്‍റെ  ആരോപണം. മർദനമേറ്റ് അവശരായ യുവാക്കളെ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നുവെന്നും എന്നാൽ പൊലീസ് അവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്നും അറസ്റ്റിലായ റിങ്കു പൊലീസിന് മൊഴി നൽകിയിരുന്നു. അതിനുശേഷമാണ് അവർ മരിച്ചതെന്നും തുടർന്ന് പെട്രോളൊഴിച്ച് കത്തിച്ചെന്നുമാണ് റിങ്കു മൊഴി നൽകിയത്.

Full View

സംഭവത്തില്‍ ഹരിയാന ജിർക്ക പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ  അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് ജുനൈദിനെയും നസീറിനെയും പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നുവെന്ന പ്രതിയുടെ മൊഴിയും യുവാക്കളെ പൊലീസ് മർദ്ദിച്ചുവെന്ന കുടുംബത്തിന്റെ ആരോപണവും അന്വേഷിക്കും. എ.എസ്.പി ഉഷ കുണ്ഡുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Full View
Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News