സ്റ്റാന്‍ സ്വാമിയുടെ സേവനങ്ങളോട് ബഹുമാനമെന്ന് ബോംബെ ഹൈക്കോടതി
സ്റ്റാന്‍ സ്വാമിയുടേത് വിസ്മയിപ്പിക്കുന്ന വ്യക്തിത്വമാണെന്നും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളോട് ആദരവുണ്ടെന്നും കോടതി
ഭിമാ കൊറേഗാവ് കേസിൽ കസ്റ്റഡിയില്‍ മരിച്ച ഫാദര്‍ സ്റ്റാൻ സ്വാമി നേരത്തെ സമർപ്പിച്ച ഹരജികള്‍ ബോംബെ ഹൈക്കോടതി പരിഗണിച്ചു. സ്റ്റാന്‍ സ്വാമിയുടേത് വിസ്മയിപ്പിക്കുന്ന വ്യക്തിത്വമാണെന്നും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളോട് ആദരവുണ്ടെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ് എസ് ഷിൻഡെ, എൻ ജെ ജമാദാർ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നിരീക്ഷണം.
"ഞങ്ങൾക്ക് സാധാരണയായി സമയം തികയാറില്ല. പക്ഷേ സ്വാമിയുടെ സംസ്കാര ചടങ്ങുകള്‍ ഞാന്‍ കണ്ടു. വിസ്മയിപ്പിക്കുന്ന വ്യക്തിത്വം. അദ്ദേഹം സമൂഹത്തിന് നൽകിയ സേവനം. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോട് വലിയ ബഹുമാനമുണ്ട്. നിയമപരമായി അദ്ദേഹത്തിന് എതിരായിട്ടുള്ളതൊക്കെ വേറെ കാര്യമാണ്"- ജസ്റ്റിസ് ഷിന്‍ഡെ പറഞ്ഞു.
സ്വാമിയുടെ മരണത്തെ തുടർന്ന് ദേശീയ അന്വേഷണ ഏജൻസിക്കും (എൻഐഎ) ജുഡീഷ്യറിക്കുമെതിരെയുണ്ടായ വിമര്‍ശനങ്ങളും ജഡ്ജി പരാമര്‍ശിച്ചു- "അദ്ദേഹത്തിന് വൈദ്യസഹായം ഉറപ്പാക്കാനാണ് മെയ് 28ന് നിങ്ങള്‍ ഞങ്ങളുടെ അടുത്തെത്തിയത്. നിങ്ങളുടെ അഭ്യര്‍ഥന ഞങ്ങള്‍ പരിഗണിച്ചു. പുറത്ത് ഞങ്ങൾക്ക് ശബ്ദിക്കാനാവില്ല. നിങ്ങൾക്ക് മാത്രമേ വ്യക്തമാക്കാൻ കഴിയൂ. ഇക്കാര്യത്തിൽ ഈ കോടതിയോട് പരാതിയില്ലെന്ന് നിങ്ങൾ വ്യക്തമായിട്ടുണ്ട്"- കോടതി സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകനും മുതിർന്ന അഭിഭാഷകനുമായ മിഹിർ ദേശായിയോട് പറഞ്ഞു.
ഭിമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ വരവര റാവുവിന് കടുത്ത എതിർപ്പ് അവഗണിച്ച് ജാമ്യം അനുവദിച്ചത് ഈ കോടതിയാണെന്ന വസ്തുത ആരും പരാമര്‍ശിക്കുന്നില്ലെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി- "വരവര റാവുവിന് കുടുംബത്തെ കാണാന്‍ അനുമതി നല്‍കി. മറ്റൊരു കേസിൽ ഹാനി ബാബുവിനെ ഞങ്ങൾ അദ്ദേഹം ആവശ്യപ്പെട്ട ആശുപത്രിയിലേക്ക് അയച്ചു. കസ്റ്റഡിയിലുള്ള സ്റ്റാന്‍ സ്വാമിയുടെ മരണം മുന്‍കൂട്ടി കാണാനായില്ല. ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നത് എന്തെന്ന് ഉത്തരവ് പുറപ്പെടുവിക്കാത്തതിനാല്‍ ഇപ്പോൾ പറയാൻ കഴിയില്ല"- സ്റ്റാന്‍ സ്വാമിയുടെ മെഡിക്കല്‍ ജാമ്യാപേക്ഷ പരാമര്‍ശിച്ച് കോടതി പറഞ്ഞു.
2020 ഒക്ടോബറിൽ റാഞ്ചിയിൽ നിന്നാണ് എൽഗാർ പരിഷത്ത്-മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്റ്റാന്‍ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തത്. പാർക്കിൻസൺസ് രോഗം ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു അദ്ദേഹത്തിന്. ജസ്റ്റിസ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്‍റെ ഇടപെടലിനെ തുടർന്ന് മെയ് 28ന് സ്റ്റാന്‍ സ്വാമിയെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് സ്വാമിയെ വെന്‍റിലേറ്ററിലേക്ക് മാറ്റിയെന്നാണ് ജൂലൈ 5ന് ആശുപത്രി അധികൃതർ കോടതിയെ അറിയിച്ചത്. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പാണ് അദ്ദേഹം മരിച്ചെന്ന വിവരം പുറത്തുവന്നത്.
സ്റ്റാന്‍ സ്വാമിയുടെ ഹരജി പരിഗണിച്ച മുംബൈ ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകളോടുള്ള നന്ദി അഭിഭാഷകന്‍ മിഹിർ ദേശായി അറിയിച്ചു. സ്വാമിയുടെ കസ്റ്റഡി മരണത്തെ കുറിച്ചുള്ള മജിസ്റ്റീരിയല്‍ അന്വേഷണത്തിന്‍റെ ഭാഗമാകാന്‍ സഹായിയും പുരോഹിതനുമായ പിതാവ് ഫ്രേസർ മസ്കറൻഹാസിനെയും അനുവദിക്കണമെന്ന് അഭിഭാഷകന്‍ ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചു. ഇത്തരം അന്വേഷണങ്ങൾ സംബന്ധിച്ച യുഎൻഎച്ച്‌ആർസി മാർഗനിർദേശങ്ങൾ പാലിക്കാൻ അന്വേഷണം നടത്തുന്ന മജിസ്‌ട്രേറ്റിന് നിർദേശം നൽകണമെന്നും അദ്ദേഹം ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.