ഉത്തരേന്ത്യയിൽ മഴയ്ക്ക് ശമനമില്ല: 42 മരണം, ഡൽഹിയിലും ഹരിയാനയിലും പ്രളയ സാധ്യത
ഹിമാചൽ പ്രദേശിലെ പല ജില്ലകളിലും ഇന്നും റെഡ്, ഓറഞ്ച് അലർട്ടുകൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂ ഡൽഹി: കനത്ത മഴ തുടരുന്ന ഉത്തരേന്ത്യയിൽ മരണം 42 ആയി. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീർ, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഹിമാചൽ പ്രദേശിൽ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മണാലി, കുളു, എന്നിവിടങ്ങളിലെല്ലാം നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. ആളുകൾ 24 മണിക്കൂർ നേരത്തേക്ക് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ഹിമാചലിലേക്ക് യാത്ര പോയ മലയാളി സംഘങ്ങൾ സുരക്ഷിതരാണെന്നും ഇവർക്ക് ഹോട്ടൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഹിമാചൽ സർക്കാർ അറിയിച്ചു.
ഹിമാചൽ പ്രദേശിലെ പല ജില്ലകളിലും ഇന്നും റെഡ്, ഓറഞ്ച് അലർട്ടുകൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഡൽഹി, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് 42 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കനത്ത മഴയിൽ യമുന നദിയിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഹരിയാനയിലും ഡല്‍ഹിയിലും പ്രളയസാധ്യതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ തുടരുകയാണെങ്കിൽ ഡൽഹിയും മറ്റൊരു പ്രളയത്തെ നേരിടേണ്ടി വരുമെന്ന ആശങ്ക നിലനിൽക്കുന്നതായി കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി.
പഞ്ചാബിലെ അംബാലയിൽ കഴിഞ്ഞ ദിവസം വാഹനങ്ങൾ ഓലിച്ചു പോവുന്ന ദൃഷ്യങ്ങൾ പുറത്തു വന്നിരുന്നു. 730 റോഡുകൾ ഇതുവരെ അടച്ചു. 20 ലേറെ ഉരുൾപ്പൊട്ടലുകളും 17 മിന്നൽ പ്രളയങ്ങളും ഹിമാചൽ പ്രദേശിൽ ഉണ്ടായിട്ടുണ്ട്. 300 കോടി രൂപയുടെ നഷ്ടം ഹിമാചൽ പ്രദേശിൽ മാത്രമായി ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. ഇവിടെ പലസ്ഥലങ്ങളിലായി കുടുങ്ങി കിടക്കുന്ന വിനോദസഞ്ചാരികൾക്ക് വേണ്ട ഹോട്ടൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഹിമാചൽ സർക്കാർ അറിയിച്ചു.