മുസ്‍ലിംകളാരുമില്ലാതെ അഞ്ചുനേരവും മുഴങ്ങുന്നു ബാങ്ക്; മനസില്‍ മതമൈത്രിയുടെ പള്ളിക്ക് കാവലിരുന്ന് ഒരു ഗ്രാമവും

അവസാനത്തെ മുസ്‍ലിമും മാഡി വിട്ടുപോയതോടെ പള്ളിയുടെ പരിപാലനം ഗ്രാമത്തിലെ ഹിന്ദു സമൂഹം ഏറ്റെടുക്കുകയായിരുന്നു. പള്ളി പരിപാലനത്തിനു വേണ്ട പണം കണ്ടെത്തുന്നതും ഗ്രാമീണര്‍ സ്വയം തന്നെ...!

Update: 2021-09-25 18:37 GMT
Editor : Shaheer | By : Web Desk
Advertising

1981ലെ സാമുദായിക ലഹളകളെത്തുടർന്നാണ് ബിഹാറിലെ മാഡി ഗ്രാമത്തിൽനിന്ന് അവസാനത്തെ മുസ്‍ലിം കുടുംബവും നാടുവിട്ടത്. അതിനുശേഷം ഒറ്റ മുസ്‍ലിം കുടുംബവും അങ്ങോട്ട് തിരികെച്ചെന്നില്ല. എന്നാൽ, ഗ്രാമത്തിൽ ഇപ്പോഴും കേടുപാടുകളൊന്നുമില്ലാത്തൊരു പള്ളിയുണ്ട്. അവിടെ ദിനവും അഞ്ചുനേരം ബാങ്കും മുഴങ്ങുന്നു...

കേട്ടിട്ട് വിശ്വസിക്കാനാകുന്നുണ്ടാകില്ല. ഇന്ത്യയില്‍ ഇപ്പോഴും ഇങ്ങനെയൊരു ഗ്രാമമോ എന്നായിരിക്കും ചിന്ത. എന്നാൽ, ബിഹാറിലെ നളന്ദ ജില്ലയിലുള്ള മാഡിയിലെത്തിയാൽ ആ പള്ളി നിങ്ങൾക്കു കാണാം. പള്ളിയുടെ ഉച്ചഭാഷിണിയിലൂടെ അഞ്ചുനേരവും ബാങ്ക് മുഴങ്ങുന്നതും കേള്‍ക്കാം...!

നാലു പതിറ്റാണ്ടുമുൻപ് ഗ്രാമം വിട്ടുപോയ തങ്ങളുടെ സഹോദരങ്ങളുടെ ഓർമകൾ മാഡിയിലെ ഹിന്ദു സമൂഹം മായാതെ കൊണ്ടുനടക്കുന്നത് ഇങ്ങനെയാണ്. ഗ്രാമത്തിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള പള്ളി കൃത്യമായി പരിപാലിച്ചുപോരുന്നു ഗ്രാമീണർ. റെക്കോർഡ് ചെയ്തുവച്ച ബാങ്ക് അഞ്ചുനേരവും നിസ്‌കാരസമയങ്ങളിൽ സമയനിഷ്ഠയോടത്തന്നെ അവര്‍ പ്രക്ഷേപണവും ചെയ്യും.

പ്രകൃതിദുരന്തങ്ങളിലെല്ലാം

ഗ്രാമത്തിന് കാവല്‍നിന്ന പള്ളി

ഈ പള്ളി തങ്ങൾക്ക് ജീവനുള്ള ദൈവമാണെന്ന് നാട്ടുകാരനായ ഉദയ്കുമാർ പറയുന്നു. വെള്ളപ്പൊക്കമടക്കം ഒട്ടനവധി പ്രകൃതിദുരന്തങ്ങള്‍ ബിഹാറിനെ തകര്‍ത്തുകളഞ്ഞപ്പോഴെല്ലാം കാര്യമായ നാശനഷ്ടങ്ങളില്ലാതെ മാഡി പിടിച്ചുനിന്നു. ദുരന്തങ്ങളുടെ കാലത്തെല്ലാം ഒട്ടും പോറലില്ലാതെ തങ്ങളെ കാത്തത് ഈ പള്ളിയാണെന്നാണ് നാട്ടുകാരെപ്പോലെ ഉദയും വിശ്വസിക്കുന്നത്.

അവസാനത്തെ മുസ്‍ലിം കുടുംബവും ഗ്രാമം വിട്ടുപോയതോടെ പള്ളിയുടെ പരിപാലനം ഗ്രാമത്തിലെ ഹിന്ദു സമൂഹം ഏറ്റെടുക്കുകയായിരുന്നുവെന്ന് ഉദയ് കുമാര്‍ പറയുന്നു. പള്ളി പരിപാലനത്തിനു വേണ്ട പണം നാട്ടുകാരിൽനിന്നു പിരിച്ചെടുക്കുകയാണ് പതിവ്. ഓരോ വീട്ടില്‍നിന്നുള്ള പങ്കും അതിലുണ്ടാകും. ഗ്രാമത്തില്‍ വിശേഷപ്പെട്ട എന്തു കാര്യം നടക്കുകയാണെങ്കിലും പള്ളിയിൽനിന്നായിരിക്കും തുടക്കം. പള്ളിമുറ്റത്തെത്തി പ്രാർത്ഥനകളോടെ കാര്യങ്ങൾക്ക് തുടക്കം കുറിക്കും. ആ ശുഭാരംഭം മാത്രം മതി എല്ലാം മംഗളകരമാകാനെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു.

മൂന്നു നൂറ്റാണ്ടുമുന്‍പും

മുസ്‍ലിംകള്‍ ഇവിടെയുണ്ടായിരുന്നു

ഏകദേശം മൂന്നു നൂറ്റാണ്ടു മുൻപ് തന്നെ മുസ്‍ലിം അധിവാസമുണ്ടായിരുന്ന പ്രദേശമാണ് മാഡിയെന്ന് ഇവിടെ വേരുകളുള്ള ഖാലിദ് ആലം ഭൂട്ടോ പറയുന്നു. നളന്ദയുടെ തലസ്ഥാനമായ ബിഹാർ ശരീഫിലാണ് ഇപ്പോൾ ഖാലിദും കുടുംബവും കഴിയുന്നത്. മാണ്ടിയെന്നായിരുന്നു ഗ്രാമത്തിന്‍റെ പേര്. പിന്നീടത് മാഡിയാകുകയായിരുന്നു. 1946ലെ സാമുദായിക ലഹളയെത്തുടർന്നാണ് ഇവിടെനിന്ന് മുസ്‍ലിം കുടുംബങ്ങൾ കൂട്ടത്തോടെ അന്യദേശങ്ങളിലേക്ക് പലായനം ആരംഭിച്ചത്. അന്ന് ബിഹാർ ശരീഫിലെത്തി താമസമാരംഭിച്ചതാണ് ഖാലിദ് ആലമിന്റെ മുത്തച്ഛൻ. ഖാലിദിന്റെ കുടുംബത്തിന് ഇപ്പോഴും മാഡിയിൽ 15 ഏക്കറോളം കൃഷിഭൂമിയുണ്ട്.

ഗ്രാമത്തില്‍ തന്നെ വേരുകളുള്ള മറ്റൊരാളാണ് മുഹമ്മദ് ബഷീര്‍. ബഷീറും ഇപ്പോള്‍ കഴിയുന്നത് ബിഹാര്‍ ശരീഫിലാണ്. 45 വീതം മുസ്‍ലിം, കുര്‍മി കുടുംബങ്ങളും മറ്റു വിഭാഗങ്ങളില്‍നിന്നുള്ള പത്തു കുടുംബങ്ങളുമായിരുന്നു 1945 വരെ ഇവിടെയുണ്ടായിരുന്നതെന്ന് ബഷീര്‍ പറയുന്നു. 1946ലെ വര്‍ഗീയ ലഹളയ്ക്കു പിറകെ ബഹുഭൂരിഭാഗം മുസ്‍ലിം കുടുംബങ്ങളും നാടുവിട്ടു. ഒടുവില്‍ ബാക്കിയായവരാണ് 1981ലെ ലഹളക്കാലത്ത് വീടും സ്വത്തുക്കളുമെല്ലാം വിറ്റ് മറ്റു നാടുകളിലേക്ക് താമസം മാറ്റിയത്.

എന്നാല്‍, പുറംനാടുകളില്‍ പടര്‍ന്നുപിടിച്ച വര്‍ഗീയ ലഹളകളും വിദ്വേഷങ്ങളുമൊന്നും ഇന്നും ഈ നിമിഷംവരെയും ഈ ഗ്രാമീണരെ ബാധിച്ചിട്ടില്ലെന്നാണ് മാഡിയില്‍നിന്നുള്ള മനംകുളിര്‍പ്പിക്കുന്ന വിശേഷം പറയുന്നത്. മറ്റെവിടെയൊക്കെ മതവൈരത്തിന്റെ മതില്‍കെട്ടുകള്‍ പൊന്തിയാലും, മനസിനകത്ത് മതമൈത്രിയുടെ പള്ളി കെട്ടിവച്ച്, അതിനകത്ത് നാനാജാതിക്കാര്‍ക്കുമായി 'മുസല്ല' വിരിച്ച് മാഡിക്കാരുണ്ടാകും...

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News