ക്ഷേത്രപരിസരത്ത് റീൽ ചിത്രീകരിച്ചു; ഇൻസ്റ്റഗ്രാം താരത്തിനെതിരെ കേസ്
വീഡിയോ ചിത്രീകരിച്ച രീതിയും വസ്ത്ര രീതിയും ശരിയല്ലെന്ന് ആഭ്യന്തര മന്ത്രി
ഭോപ്പാൽ: മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ ക്ഷേത്രപരിസരത്ത് റീൽ ചിത്രീകരിച്ച ഇൻസ്റ്റഗ്രാം താരത്തിനെതിരെ കേസെടുക്കാൻ നിർദേശം. നേഹ മിശ്രയെന്ന യുവതിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഉദ്യോഗസ്ഥർക്ക് നിര്‌ദേശം നൽകി.
'നേഹയുടെ വസ്ത്ര രീതിയും വീഡിയോ ചിത്രീകരിച്ച രീതിയും ശരിയല്ല. ഇത്തരം സംഭവങ്ങളെ നേരത്തെയും എതിർത്തിരുന്നു. ഇത്തരം കേസുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് പറഞ്ഞിരുന്നു. മുന്നറിയിപ്പ് നൽകിയിട്ടും ഇത്തരം കാര്യങ്ങൾ ആവർത്തിക്കുകയാണെന്നും മിശ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു.അവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യാൻ ഛത്തർപൂർ പൊലീസ് സൂപ്രണ്ടിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ ഒന്നിനാണ് നേഹമിശ്ര ഇൻസ്റ്റാഗ്രാമിൽ റീൽസ് പോസ്റ്റ് ചെയ്തത്. വിവാദമായതോടെ പിന്നീട് അത് ഡിലീറ്റ് ചെയ്തിരുന്നു. മാതാ ബമ്പർഭൈനി ക്ഷേത്ര പരിസരത്ത് വെച്ച് ബോളിവുഡിലെ ഹിറ്റ് ഗാനമായ'മുന്നി ബദ്നാമ് ഹുയി'ക്കായിരുന്നു റീൽ ചെയ്തത്.
ഇതിനെതിരെ ബജ്‌റംഗ് ദൾ രംഗത്തെത്തിയിരുന്നു. തുടർന്ന് തെറ്റുപറ്റിയെന്നും മതവികാരം വ്രണപ്പെടുത്തിയതിന് മാപ്പ് ചോദിച്ചും നേഹമിശ്ര പുതിയ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു.ഇൻസ്റ്റാഗ്രാമിൽ നാല് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറാണ് നേഹ മിശ്ര.