സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ കൊന്ന് മൃതദേഹം ഓടയില്‍ തള്ളി ; കന്നഡ നടന്‍ ദര്‍ശന്‍ അറസ്റ്റില്‍

ദര്‍ശനെ കൂടാതെ കേസുമായി ബന്ധപ്പെട്ട 10 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്

Update: 2024-06-11 08:00 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബെംഗളൂരു:  കൊലപാതക്കേസില്‍ കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ അറസ്റ്റില്‍.ചിത്രദുര്‍ഗ സ്വദേശിയായ രേണുക സ്വാമി എന്ന യുവാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് നടനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ദര്‍ശനെ കൂടാതെ കേസുമായി ബന്ധപ്പെട്ട 10 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഹൃത്തായ നടി പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശമയച്ചതിന്‍റെ പേരിലാണ് കൊലപാതകം. 

മൈസൂരിലെ ഫാം ഹൗസിൽ നിന്നാണ് ദർശനെ പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജൂൺ 8നാണ് രേണുക സ്വാമി കൊല്ലപ്പെടുന്നത്. പിറ്റേദിവസം കാമാക്ഷിപാളയക്ക് സമീപമുള്ള അഴുക്കുചാലിൽ മൃതദേഹം കണ്ടെത്തി.ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തെരുവ് നായകള്‍ അഴുക്കുചാലിൽ നിന്ന് മൃതദേഹം കടിച്ചുപറിക്കുന്നത് വഴിയാത്രക്കാർ കണ്ട് പൊലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മൃതദേഹം ആരുടെതാണെന്ന് അന്വേഷിക്കുന്നതിനിടെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗിരിനഗർ സ്വദേശികളായ മൂന്ന് പേർ തിങ്കളാഴ്ച പോലീസിന് മുന്നിൽ കീഴടങ്ങിയതായി സൂചനയുണ്ട്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് മൂവരും പറഞ്ഞു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്തിയത്.നടൻ ദർശൻ്റെ നിർദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികൾ വെളിപ്പെടുത്തിയത്.

കൊല്ലപ്പെട്ട രേണുക സ്വാമി

ചിത്രദുർഗയിലെ അപ്പോളോ ഫാർമസി ശാഖയിൽ ജോലി ചെയ്യുകയായിരുന്നു രേണുക സ്വാമി. നടി പവിത്ര ഗൗഡയുമായി ബന്ധപ്പെടുത്തി ദര്‍ശന്‍റെ ഭാര്യ വിജയലക്ഷ്മിക്ക് സ്വാമി അപകീര്‍ത്തിപരമായ സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും ഇതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നുമാണ് വിവരം. കൂടാതെ പവിത്രക്കെതിരെയും രേണുക സ്വാമി സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു.  പവിത്രക്ക് അശ്ലീലസന്ദേശങ്ങളും അയച്ചിരുന്നു. വിജയലക്ഷ്മിയും പവിത്രക്കെതിരെ രംഗത്തെത്തിയിരുന്നു. ദര്‍ശനും പവിത്രയും സുഹൃത്തുക്കളാണെന്ന് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വാമി സന്ദേശങ്ങള്‍ അയക്കാറുണ്ടെന്ന് മനസിലാക്കിയ ദർശൻ ചിത്രദുർഗയിലെ ഫാൻസ് അസോസിയേഷൻ പ്രസിഡൻ്റിനെ ഫോണിൽ വിളിച്ചു. ചിത്രദുർഗയിൽ നിന്ന് നഗരത്തിലെത്തിച്ച രേണുക സ്വാമിയെ  ശനിയാഴ്ച ഷെഡിനുള്ളിൽ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓടയിൽ തള്ളുകയായിരുന്നു. മകനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പരാതി നൽകിയെങ്കിലും രണ്ട് ദിവസം കൂടി കാത്തിരിക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. സ്വാമിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെ കസ്റ്റഡിയിലെടുത്തത്.

നേരത്തെ വളര്‍ത്തുനായകളെ ഉപയോഗിച്ച് യുവതിയെ ആക്രമിച്ചെന്ന പരാതിയില്‍ ദര്‍ശനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തിരുന്നു. വീടിനു സമീപം കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദർശന്റെ സഹായികളുമായി വാക്കുതർക്കമുണ്ടായതിനു പിന്നാലെ അവിടത്തെ വളർത്തുനായകൾ തന്നെ ആക്രമിച്ചെന്നു യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 

നിര്‍മാതാവ് കൂടിയായ ദര്‍ശന്‍ തൂഗുദീപ പ്രൊഡക്ഷൻസ് എന്ന പ്രൊഡക്ഷൻ ഹൗസിന്‍റെ ഉടമ കൂടിയാണ്. മികച്ച നടനുള്ള കര്‍ണാടക സര്‍ക്കാരിന്‍റെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അനതാരു (2007), ക്രാന്തിവീര സങ്കൊല്ലി രായണ്ണ (2012), കാറ്റേര (2023) തുടങ്ങിയ കന്നഡ ചിത്രങ്ങളിലൂടെയാണ് ദര്‍ശന്‍ ശ്രദ്ധേയനാകുന്നത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News