'ഒരു വോട്ടിന് 6000 രൂപ'; കർണാടകയിൽ പണം വാഗ്ദാനം ചെയ്ത് ബി.ജെ.പി നേതാവ്

ജാർക്കിഹോളിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. മുൻമന്ത്രിയുടെ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് കോൺഗ്രസ് വക്താവ് പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടു.

Update: 2023-01-23 03:08 GMT
Advertising

ബെംഗളൂരു: ഈ വർഷം മേയിൽ നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് പണം വാഗ്ദാനം ചെയ്ത് ബി.ജെ.പി നേതാവ്. മുൻമന്ത്രി രമേശ് ജാർക്കിഹോളിയാണ് ഒരോ വോട്ടിനും 6,000 രൂപ വീതം നൽകുമെന്ന് വാഗ്ദാനം ചെയ്തത്. ബെലഗാവിയിലെ സുലെബാവി ഗ്രാമത്തിൽ നടത്തിയ റാലിക്കിടെയായിരുന്നു ജാർക്കിഹോളി പണം വാഗ്ദാനം ചെയ്തത്.

ബെലഗാവി റൂറലിലെ കോൺഗ്രസ് എം.എൽ.എ ലക്ഷ്മി ഹെബ്ബാൽക്കറിനെ വിമർശിക്കുന്നതിനിടെയായിരുന്നു ജാർക്കിഹോളിയുടെ വിവാദ പരാമർശം. ''ലക്ഷ്മി ഹെബ്ബാൽക്കർ വോട്ടർമാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതായി കണ്ടു. ഇതുവരെ അവർ 1000 രൂപ വിലയുള്ള കുക്കർ, മിക്‌സി എന്നിവയാണ് നൽകിയിട്ടുള്ളത്. ഇനിയും ഉപഹാരങ്ങൾ അവർ നൽകുമായിരിക്കും. അവയെല്ലാം കൂടി ഏകദേശം 3000 രൂപ വിലവരും. 6,000 രൂപയെങ്കിലും തന്നില്ലെങ്കിൽ നിങ്ങൾ ഞങ്ങളുടെ സ്ഥാനാർഥിക്ക് വോട്ട് ചെയ്യേണ്ട എന്ന് ഞങ്ങൾ നിങ്ങളോട് പറയുകയാണ്''-ഹൊബ്ബാൽക്കർ പറഞ്ഞു.

ജാർക്കിഹോളിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. മുൻമന്ത്രിയുടെ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് കോൺഗ്രസ് വക്താവ് പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ അഴിമതിയുടെ ആഴമാണ് ഇത് കാണിക്കുന്നതെന്ന് പറഞ്ഞ ഖാർഗെ തെരഞ്ഞെടുപ്പ് കമ്മീഷനോ ഇ.ഡിയോ ആദായനികുതി വകുപ്പോ എന്തുകൊണ്ട് നടപടിയെടുക്കാത്തതെന്നും ചോദിച്ചു.

അതേസമയം ജാർക്കിഹോളിയുടെ പരാമർശങ്ങൾ ബി.ജെ.പി നേതൃത്വം തള്ളി. അത്തരം കാര്യങ്ങൾക്ക് തങ്ങളുടെ പാർട്ടിയിൽ യാതൊരു സ്ഥാനവുമില്ലെന്ന് ജലസേചനമന്ത്രി ഗോവിന്ദ് കർജോൽ പറഞ്ഞു.

Also Read:ഹിജാബ് നിരോധനം: കേസ് വാദിച്ച അഭിഭാഷകർക്ക് കർണാടക സർക്കാർ നൽകിയത് 88 ലക്ഷം

Also Read:മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി പതിനെട്ടാക്കാനുള്ള തീരുമാനം പിൻവലിച്ച് കർണാടക

Also Read:'വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ'; കർണാടകയിൽ പുതിയ പ്രഖ്യാപനവുമായി കോൺഗ്രസ്

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News