‘ദൈവം ആളുകളെ കലാപത്തിനും നുണകൾ പ്രചരിപ്പിക്കാനും അയക്കില്ല’; മോദിയെ പരിഹസിച്ച് മമത
തന്നെ ദൈവമാണ് ഭൂമിയിലേക്ക് അയച്ചതെന്ന് കഴിഞ്ഞദിവസം മോദി പറഞ്ഞിരുന്നു
കൊൽക്കത്ത: തന്നെ ദൈവമാണ് ഭൂമിയിലേക്ക് അയച്ചതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ‘അദ്ദേഹം ദൈവപുത്രനാണെന്നാണ് പറയുന്നത്. നമ്മളെപ്പോലെ അദ്ദേഹത്തിന് ജൈവീകമായ മാതാപിതാക്കൾ ഇല്ലെന്ന് അവകാശപ്പെടുന്നു. ദൈവമാണ് തന്നെ അയച്ചതെന്ന് അദ്ദേഹം പറയുന്നുണ്ട്. കലാപങ്ങൾ സംഘടിപ്പിക്കാനോ നുണകൾ പ്രചരിപ്പിക്കാനോ എൻ.ആർ.സിയുടെ പേരിൽ ആളുകളെ ജയിലിലടക്കാനോ ദൈവം ആരെയെങ്കിലും അയക്കുമോ എന്ന് താൻ ചോദിക്കുകയാണ്’ -മമത ബാനർജി പറഞ്ഞു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ സുന്ദർബൻസ് ഏരിയയിലെ മഥുരാപൂരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
സി.എ.എയുടെ പേരിൽ ഗുണ്ടായിസം സ്പോൺസർ ചെയ്യാനോ 100 ദിവസം തൊഴിലെടുത്തതിന്റെ ഫണ്ടും ഗ്രാമീണ വീടുകൾ നിർമ്മിക്കുന്നതും തടയാനോ ദൈവം തൻ്റെ ദൂതനെ അയക്കുമോ? ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന വാഗ്ദാനത്തിൽ നിന്ന് ദൈവം പിന്മാറുമോ? ദൈവത്തിന് അത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയില്ല. ബി.ജെ.പി പരാജയ ഭീതിയിലാണ്. അവരുടെ നേതാക്കാൾ അർഥമില്ലാത്ത കാര്യങ്ങൾ പറഞ്ഞുനടക്കുകയാണ്’ -മമത ബാനർജി കൂട്ടിച്ചേർത്തു.
ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്നെ ദൈവമാണ് അയച്ചതെന്ന് മോദി പറഞ്ഞത്. ‘എൻ്റെ അമ്മ ജീവിച്ചിരുന്ന കാലം വരെ, ഞാൻ ജനിച്ചത് ജൈവീകമായിട്ടാണെന്നാണ് കരുതിയിരുന്നത്. അവരുടെ വിയോഗത്തിനു ശേഷം എൻ്റെ അനുഭവങ്ങൾ നോക്കുമ്പോൾ, ഞാൻ ദൈവത്താൽ അയച്ചതാണെന്ന് എനിക്ക് ബോധ്യമുണ്ട്. ഈ ശക്തി എൻ്റെ ശരീരത്തിൽ നിന്നല്ല. അത് എനിക്ക് ദൈവം തന്നതാണ്. അതുകൊണ്ടാണ് ദൈവം എനിക്ക് ഇത് ചെയ്യാനുള്ള കഴിവും ശക്തിയും ശുദ്ധഹൃദയവും പ്രചോദനവും നൽകിയത്. ഞാൻ ദൈവം അയച്ച ഒരു ഉപകരണമല്ലാതെ മറ്റൊന്നുമല്ല’ -മോദി പറഞ്ഞു.
2019നെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇക്കുറി കൂടുതൽ സജീവമായതിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കുറി താങ്കൾക്ക് കൂടുതൽ ഊർജം കൈവന്നതായി തോന്നുന്നുവെന്ന് ചോദ്യകർത്താവ് സൂചിപ്പിച്ചിരുന്നു.
അതേസമയം, മോദിയുടെ പ്രസ്താവനയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പരിഹസിച്ച് രംഗത്തുവന്നു. ഒരു സാധാരണക്കാരനാണ് ഇതൊക്കെ പറഞ്ഞതെങ്കിൽ നാം അയാളെ മനോരോഗ വിദഗ്ധന്റെ അടുത്തുകൊണ്ടുപോയി ചികിത്സിപ്പിക്കുമെന്ന് രാഹുൽ പറഞ്ഞു. മോദി തന്നെ സ്വയം മിശിഹായായി വിശേഷിപ്പിക്കുകയാണ്. പ്രധാനമന്ത്രിയായി തന്നെ നിയോഗിച്ചത് ദൈവമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. കോവിഡ് ബാധിച്ച് ഇന്ത്യക്കാർ മരിച്ചുവീഴുമ്പോൾ, ദൈവം ഭൂമിയിലേക്ക് പറഞ്ഞയച്ച ഈ വ്യക്തി വെളിച്ചത്തിനായി നിങ്ങളുടെ മൊബൈൽ ഫോൺ ഓൺ ചെയ്തുവെക്കൂ എന്നാണ് ആഹ്വാനം ചെയ്തത്.
അദ്ദേഹം നല്ല കാര്യങ്ങൾ ചെയ്തത് അംബാനിയെയും അദാനിയെയും പോലുള്ള 22 പേർക്ക് മാത്രമാണ്. അംബാനിയുടെയും അദാനിയുടെയും ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ വേണ്ടിയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെ സമ്പാദ്യങ്ങളായ റെയിൽവേയും തുറമുഖങ്ങളും വിമാനത്താവളങ്ങളും അവർ അദാനിക്ക് തീറെഴുതിക്കഴിഞ്ഞു.
ബിസിനസുകാർക്ക് എന്ത് ആവശ്യമുണ്ടെങ്കിലും മോദിയത് നിമിഷ നേരം കൊണ്ട് സാധിച്ചുകൊടുക്കും. സാധാരണക്കാർ വിദ്യാഭ്യാസത്തിനും ആശുപത്രികൾക്കും തൊഴിലിനും വേണ്ടി യാചിക്കുമ്പോൾ പ്രധാനമന്ത്രി നിശ്ശബ്ദനായി നിൽക്കും. ദൈവം നേരിട്ടയച്ച വ്യക്തി സമ്പന്നർക്കു വേണ്ടി മാത്രം നല്ല കാര്യങ്ങൾ ചെയ്യുന്നത് വിചിത്രമാണ്’ -രാഹുൽ പറഞ്ഞു.
മോദിക്കെതിരെ പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയും രംഗത്തുവന്നു. ‘മാതാവ് തന്നെ പ്രസവിച്ചിട്ടില്ലെന്ന് പറയുന്ന ഒരാൾ, താൻ ജൈവീകമായി ജനിച്ചിട്ടില്ലെന്ന് ബോധ്യമുള്ള ഒരു വ്യക്തി. ഇത്തരമൊരു വ്യക്തിക്ക് ഏതെങ്കിലും രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാകാനുള്ള മാനസിക യോഗ്യതയുണ്ടോ?’ -ധ്രുവ് റാഠി ‘എക്സി’ൽ കുറിച്ചു. മോദിയുടെ പ്രസ്താവനക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും വലിയ പരിഹാസമാണ് ഉയർന്നിട്ടുള്ളത്.