'സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ഞങ്ങളത് ചെയ്യും'; മണിപ്പൂര്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി

പ്രതികളെ പിടികൂടാൻ എന്ത് നടപടി എടുത്തെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വിശദീകരണം നല്‍കണമെന്നും കോടതി

Update: 2023-07-20 07:46 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി. പ്രതികളെ പിടികൂടാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ കേന്ദ്ര-മണിപ്പൂർ സർക്കാരുകളോട് സുപ്രിം കോടതി ആവശ്യപ്പെട്ടു. വിശദീകരണം നൽകാൻ ഒരാഴ്ച സമയമാണ് അനുവദിച്ചത്.

അക്രമത്തിന് എതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് രംഗത്തെത്തി. പുറത്ത് വന്ന ദൃശ്യങ്ങൾ ദുഃഖകരമാണെന്നും കടുത്ത നടപടികൾ ഉണ്ടാകണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്ത്രീകളെ നഗ്‌നരായി നടത്തിയത് ജനാധിപത്യ സമൂഹത്തിൽ സാധ്യമാകാത്തതാണ്. സാമുദായിക കലഹങ്ങളുടെ മേഖലയിൽ സ്ത്രീകളെ ഉപകരണമായി ഉപയോഗിക്കുന്നു. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ഞങ്ങൾ നടപടിയെടുക്കമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സ്ത്രീകളെ അക്രമത്തിന് ഉപാധികളായി ഉപയോഗിക്കുന്നത് ഭരണഘടനാ ലംഘനമാണ്. ഈ ദൃശ്യങ്ങള്‍ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്  ജനാധിപത്യത്തിന് എതിരാണണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ അടുത്ത വെള്ളിയാഴ്ച വാദം കേള്‍ക്കാനായി മാറ്റി.

അതേസമയം, മണിപ്പൂരിൽ നടക്കുന്ന സംഭവ വികാസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി പ്രതികരിച്ചു.അക്രമങ്ങൾ നടക്കുന്നത് മണിപ്പൂരിൽ ആണെങ്കിലും അപമാനിക്കപ്പെടുന്നത് രാജ്യമാണെന്നും തൻ്റെ ഹൃദയം ദുഃഖം കൊണ്ടും ദേഷ്യം കൊണ്ടും നിറയുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

ക്രമസമാധാന നില ശക്തമായി നിലനിർത്താൻ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുന്നു. മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെ ഉണ്ടായ ആക്രമണം ഒരിക്കലും നടക്കാൻ പാടില്ലാത്തതതാണെന്നും  കുറ്റവാളികൾ ഒരിക്കലും രക്ഷപ്പെടില്ലെന്നും പ്രധാനമന്ത്രി  പ്രതികരിച്ചു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News