'മോദിയുടെ ചിത്രം 500 രൂപ നോട്ടില്‍ പതിക്കണം'; ആവശ്യവുമായി ബി.ജെ.പി എം.എല്‍.എ

മോദിക്കൊപ്പം വി.ഡി സവര്‍ക്കര്‍, ബി.ആര്‍ അംബേദ്കര്‍, ശിവജി എന്നിവരുടെ ചിത്രങ്ങളും അഞ്ഞൂറു രൂപയുടെ നോട്ടില്‍ പതിക്കണമെന്നും ബി.ജെ.പി നേതാവ്

Update: 2022-10-27 14:58 GMT
Editor : ijas
Advertising

മുംബൈ: ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ നോട്ടുകളില്‍ ഉള്‍പ്പെടുത്തണമെന്ന ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിന്‍റെ ആവശ്യത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അഞ്ഞൂറു രൂപയുടെ നോട്ടില്‍ പതിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ്. മഹാരാഷ്ട്രയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ രാം കദം ആണ് പുതിയ ആവശ്യവുമായി രംഗത്തുവന്നത്. മോദിക്കൊപ്പം വി.ഡി സവര്‍ക്കര്‍, ബി.ആര്‍ അംബേദ്കര്‍, ശിവജി എന്നിവരുടെ ചിത്രങ്ങളും അഞ്ഞൂറു രൂപയുടെ നോട്ടില്‍ പതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് രാം കദം ആവശ്യം ഉയര്‍ത്തിയത്. മോദി, വി.ഡി. സവര്‍ക്കര്‍, അംബേദ്കര്‍, ശിവജി എന്നിവരുടെ ചിത്രങ്ങള്‍ അഞ്ഞൂറു രൂപ നോട്ടില്‍ ഫോട്ടോഷോപ്പ് ചെയ്ത് ചേര്‍ത്തതിന്‍റെ ചിത്രങ്ങളും രാം കദം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

ലോകത്തിന് മുന്നില്‍ ഇന്ത്യയെ അഭിമാനിക്കാവുന്ന ഉയരത്തില്‍ എത്തിച്ച മോദിയുടെ ത്യാഗവും അർപ്പണമനോഭാവവും കഠിനാധ്വാനവും നമുക്ക് എങ്ങനെയാണ് വിസ്മരിക്കാൻ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. രാജ്യം മാത്രമല്ല, ലോകം മുഴുവന്‍ ഇന്ത്യയെ മഹത്തരമാക്കുന്ന മോദിജിയുടെ പ്രയത്‌നം അവസാന ശ്വാസം വരെ ഓര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുദേവതകളുടെ ചിത്രം നോട്ടുകളിൽ ഉൾപ്പെടുത്താനുള്ള അരവിന്ദ് കെജ്രിവാളിന്‍റെ നീക്കം ആത്മാർഥമായിട്ടാണെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് കെജ്രിവാൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്‍റെയും ചിത്രം കൂടി ഉള്‍പ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്‍റെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടിയാണ് ഈ കാര്യം ആവശ്യപ്പെടുന്നതെന്നും ചിലപ്പോഴൊക്കെ നാം എന്തു ചെയ്താലും അതിന് ദൈവത്തിന്‍റെ അനുഗ്രഹം കൂടി വേണമെന്നും അതിനാലാണ് താനിത് പറയുന്നതെന്നും കെജ്രിവാള്‍ അഭിപ്രായപ്പെട്ടു. ഇന്തോനേഷ്യയിലെ കറന്‍സിയില്‍ ഗണപതിയുടെ ചിത്രം ഉണ്ടെങ്കില്‍ എന്തുകൊണ്ട് നമുക്ക് ആയിക്കൂടാ എന്നും കെജരിവാള്‍ പറഞ്ഞു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News