വിസ്താര എയർലൈൻസിൽ യാത്രികനായി 'മിസ്റ്റർ ബാലറ്റ് ബോക്‌സും'; തീരുമാനത്തിന് പിറകിലെന്ത്?
ന്യൂഡൽഹിയിൽ നിന്ന് ചണ്ഡിഗഢിലേക്കുള്ള യു.കെ 637 വിമാനത്തിലെ 3 ഇ നമ്പർ സീറ്റിൽ 'മിസ്റ്റർ ബാലറ്റ് ബോക്‌സി'ന് യാത്ര ചെയ്യാൻ ടിക്കറ്റ് വേണമെന്നായിരുന്നു ആവശ്യം
ന്യൂഡൽഹി: ചൊവ്വാഴ്ച ഉച്ചക്ക് കൗതുകമുള്ള ഒരു ബുക്കിങ് അപേക്ഷ വിസ്താര എയർലൈൻസിന് ലഭിച്ചു. ന്യൂഡൽഹിയിൽ നിന്ന് ചണ്ഡിഗഢിലേക്കുള്ള യു.കെ 637 വിമാനത്തിലെ 3 ഇ നമ്പർ സീറ്റിൽ 'മിസ്റ്റർ ബാലറ്റ് ബോക്‌സി'ന് യാത്ര ചെയ്യാൻ ടിക്കറ്റ് വേണമെന്നായിരുന്നു ആവശ്യം. അടുത്ത കുറച്ചു മണിക്കൂറിനുള്ളിൽ വേറെയും വിമാന കമ്പനികളിലേക്ക് ഇതേ ആവശ്യം ഉന്നയിച്ച് അപേക്ഷകളെത്തി. ബംഗളൂരു, ഹൈദരാബാദ്, ഗുവാഹത്തി, പുതുച്ചേരി എന്നീങ്ങനെയുള്ള നഗരങ്ങളിലേക്കായിരുന്നു ടിക്കറ്റ് ആവശ്യപ്പെട്ടത്. ജൂലൈ 18ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിനായുള്ള ബാലറ്റ് പെട്ടികൾ വിവിധയിടങ്ങളിൽ എത്തിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരിലൊരാൾ അറിയിച്ചു. സംസ്ഥാന തല ഉദ്യോഗസ്ഥർക്കൊപ്പം 14 സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കുമാണ് ബാലറ്റ് പെട്ടികൾ അയച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഉദ്യോഗസ്ഥന്റെ ബാഗേജിൽ ഉൾപ്പെടുത്തിയാണ് ബാലറ്റ് പെട്ടി കൊണ്ടുപോയിരുന്നതെങ്കിൽ ഇക്കുറി രണ്ടു ടിക്കറ്റെടുത്ത് അയക്കുകയായിരുന്നു. പാർലമെൻറിലെ ഇരുസഭാംഗങ്ങളും വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എംഎൽഎമാരുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ടർമാർ.
'മിസ്റ്റർ ബാലറ്റ് ബോക്‌സ്' എന്ന പേരിൽ എകണോമി ക്ലാസിലെ മുൻനിരയിലാണ് പെട്ടി കൊണ്ടുപോകുന്നത്. ലെഗ് സ്‌പേസ് കൂടുതലുള്ള ഈ നിര തിരഞ്ഞെടുത്തത് സുരക്ഷാകാരണങ്ങൾ കൊണ്ടാണെന്നാണ് ഉദ്യോഗസ്ഥൻ അറിയിക്കുന്നത്. ജൂലൈ 18ന് വോട്ടിംഗ് കഴിഞ്ഞ് 24 മണിക്കൂറിനകം ഇവ തിരിച്ച് ഡൽഹിയിലെത്തിക്കും. ജൂലൈ 21നാണ് വോട്ടെണ്ണൽ. എൻ.ഡി.എക്കായി ദ്രൗപദി മുർമുവും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായി യശ്വന്ത് സിൻഹയുമാണ് മത്സരിക്കുന്നത്. ബാലറ്റ് ബോക്‌സിനടുത്തുള്ള സീറ്റുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരാണ് ഇരിക്കുക.
'ബാലറ്റ് ബോക്‌സ് ഒരു സാധാരണ പെട്ടിയല്ല. ഭൂമിയിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ സുപ്രധാനമായ രാഷ്ട്രബതി തെരഞ്ഞെടുപ്പിൽ ഈ പെട്ടിക്ക് സുപ്രധാന പങ്കുണ്ട്. ഇവ കൈകാര്യം ചെയ്യുന്നതിലും കൊണ്ടുപോകുന്നതിലും സൂക്ഷിക്കുന്നതിലും പ്രത്യേക ശ്രദ്ധ വേണമെന്നാണ് നടപടി കൃമങ്ങൾ പറയുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പായതിനാൽ പ്രത്യേകത കൂടുന്നു. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഈ പെട്ടിയെത്തും' കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
വിമാന യാത്രകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ പ്രത്യേക അവകാശം 1969 മുതൽ ലഭിക്കുന്നുണ്ടെന്ന് കമ്മീഷൻ അറിയിച്ചു. സ്റ്റീൽ ബാലറ്റ് ബോക്‌സുകൾ മരപ്പെട്ടിയിലാണ് കൊണ്ടുപോകുകയെന്നും രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മാത്രമുള്ളതാണിതെന്നും അധികൃതർ വ്യക്തമാക്കി. ബാക്കി കാലത്ത് ഇവ ന്യൂഡൽഹിയിൽ സൂക്ഷിക്കാറാണ് ചെയ്യുന്നതെന്നും അറിയിച്ചു. തെരഞ്ഞെടുപ്പിന് ശേഷം പെട്ടി ഡൽഹിയിലെത്തിയാൽ പിന്നീട് അവയുടെ സുരക്ഷ പാർലമെൻററി സെക്യൂരിറ്റിയുടെയും ഡൽഹി പൊലീസിന്റെയും ബാധ്യതയാണെന്നും പറഞ്ഞു. വിവിധ നിയമസഭകളുടെ സെക്രട്ടറിമാരെ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്. ഇവരാണ് ബാലറ്റ് പെട്ടിക്കൊപ്പം വിമാനത്തിൽ സഞ്ചരിക്കുക. ഇവരെ നിയന്ത്രിക്കാനായി പ്രത്യേക കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ, സിവിൽ ഏവിയേഷൻ മന്ത്രാലയം, സി.ഐ.എസ്.എഫ് എന്നിവയാണ് ഈ റൂം നിയന്ത്രിക്കുന്നത്.
'Mr Ballot Box' as a passenger on Vistara Airlines; What is behind the decision?