പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധി; സിദ്ദു നാളെ രാഹുലിനെയും പ്രിയങ്കയെയും കാണും

പ്രശ്‌നപരിഹാരത്തിനായി നിരവധി തവണ പഞ്ചാബ് കോണ്‍ഗ്രസിലെ നേതാക്കളുമായി രാഹുല്‍ ഗാന്ധിയും മറ്റു കേന്ദ്രനേതാക്കളും ചര്‍ച്ച നടത്തിയിരുന്നു.

Update: 2021-06-28 12:32 GMT
Advertising

ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായ പഞ്ചാബ് കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരിട്ട് ഇടപെടുന്നു. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി ഇടഞ്ഞു നില്‍ക്കുന്ന നവജ്യോത് സിങ് സിദ്ദുവുമായി ഇരുവരും നാളെ ചര്‍ച്ച നടത്തും. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം.

മുഖ്യമന്ത്രി അമരീന്ദര്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു എന്നാണ് സിദ്ദുവിന്റെ ആരോപണം. സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ചിരുന്ന തന്നെ തഴഞ്ഞത് അമരീന്ദര്‍ സിങ് ആണെന്നാണ് സിദ്ദുവിന്റെ ആരോപണം. മന്ത്രിസ്ഥാനം നല്‍കിയെങ്കിലും അമരീന്ദറുമായി ഭിന്നത ശക്തമായതിനെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു. അമരീന്ദര്‍ സിങ്ങിനെതിരെ സിദ്ദു നിരന്തരമായി ആരോപണങ്ങളുന്നയിക്കുന്നത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

പ്രശ്‌നപരിഹാരത്തിനായി നിരവധി തവണ പഞ്ചാബ് കോണ്‍ഗ്രസിലെ നേതാക്കളുമായി രാഹുല്‍ ഗാന്ധിയും മറ്റു കേന്ദ്രനേതാക്കളും ചര്‍ച്ച നടത്തിയിരുന്നു. രാജ്യസഭാ എം.പി ഷംഷീര്‍ സിങ്, ദില്ലണ്‍, എം.എല്‍.എമാരായ ലക്‌വീര്‍ സിങ്, വിജേന്ദ്ര സിംഗ്ല, റാണ ഗുര്‍ജിത് സിങ് എന്നിവരുമായി രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു.

സിദ്ദു സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുകയാണ് എന്ന് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നു. അതേസമയം സിദ്ദു പാര്‍ട്ടി വിടുമോ എന്ന ഭയം ഹൈക്കമാന്‍ഡിനുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ സിദ്ദു പാര്‍ട്ടിവിട്ടാല്‍ അത് കനത്ത തിരിച്ചടിയാവും. ഈ അപകടം മുന്നില്‍ കണ്ടാണ് രാഹുലും പ്രിയങ്കയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News