റഷ്യയിൽനിന്ന് എണ്ണ വാങ്ങരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല, ഇന്ത്യ എവിടെനിന്നും വാങ്ങും: പെട്രോളിയം മന്ത്രി
യുക്രൈൻ അധിനിവേശത്തിന് ശേഷവും ഇന്ത്യ റഷ്യയിൽനിന്ന് കുറഞ്ഞ വിലക്ക് ക്രൂഡോയിൽ വാങ്ങുന്നതിനെതിരെ യു.എസ് അടക്കമുള്ള രാജ്യങ്ങൾ വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം.
വാഷിങ്ടൺ: റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. റഷ്യയിൽ എണ്ണ വാങ്ങരുതെന്നും ഒരു രാജ്യവും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുക്രൈൻ അധിനിവേശത്തിന് ശേഷവും ഇന്ത്യ റഷ്യയിൽനിന്ന് കുറഞ്ഞ വിലക്ക് ക്രൂഡോയിൽ വാങ്ങുന്നതിനെതിരെ യു.എസ് അടക്കമുള്ള രാജ്യങ്ങൾ വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം.
''ഇത്തരം ചർച്ചകളൊന്നും രാജ്യത്തെ ഉപയോക്താക്കൾക്ക് മുന്നിലേക്ക് കൊണ്ടുപോകാനാവില്ല. ആവശ്യത്തിന് ഇന്ധനം ജനങ്ങൾക്ക് എത്തിച്ചുകൊടുക്കുക എന്നത് സർക്കാറിന്റെ ധാർമിക ഉത്തരവാദിത്തമാണ്''- മന്ത്രി പറഞ്ഞു.
#WATCH | "...India will buy oil from wherever it has to for the simple reason that this kind of discussion can't be taken to consuming population of India...Have I been told by anyone to stop buying Russian oil?The answer is a categorical 'no'..," says Petroleum & Natural Gas Min pic.twitter.com/rgr0Abg9K0
— ANI (@ANI) October 8, 2022
ഏപ്രിൽ മുതൽ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽ 50 മടങ്ങ് വർധനയാണ് ഉണ്ടായിരിക്കുന്നത്. യുക്രൈൻ യുദ്ധത്തിന് മുമ്പ് ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ വെറും 0.2 ശതമാനം മാത്രമാണ് റഷ്യയിൽനിന്ന് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അത് 10 ശതമാനത്തോളമായി ഉയർന്നു. യുക്രൈൻ അധിനിവേശത്തിന് പിന്നാലെ പശ്ചാത്യ രാജ്യങ്ങൾ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി വേണ്ടെന്നു വച്ചിരുന്നു.